Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 07th Jul 2024
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍ ഇന്ന് വോട്ടിങ് ബൂത്തിലേക്ക്, പ്രതീക്ഷയില്‍ ലേബര്‍, അട്ടിമറി പ്രതീക്ഷയില്‍ ടോറികളും
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നു പൊതു തിരഞ്ഞെടുപ്പ്. അധികാരം നിലനിര്‍ത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും (ടോറി) 14 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ മല്‍സരമാണ് രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും. ഇവര്‍ക്കൊപ്പം മറ്റു ദേശീയ പാര്‍ട്ടികളായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയും പരിസ്ഥിതി സൗഹൃദ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടിയും ചില മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളെയും പിന്നിലാക്കും വിധം മല്‍സരരംഗത്തുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയും (എസ്.എന്‍.പി) നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെടെ പ്രാദേശിക പാര്‍ട്ടികളും ദേശീയ പാര്‍ട്ടികള്‍ക്ക് കനത്ത വെല്ലുവിളിയുമായി രംഗത്തുണ്ട്. സര്‍വേ ഫലങ്ങള്‍ ലേബറിന് അനുകൂലം തിരഞ്ഞെടുപ്പിനു മുമ്പു നടന്ന സര്‍വേ ഫലങ്ങളെല്ലാം ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമാണ്. സര്‍വേകളുടെ പ്രവചനം ഫലിച്ചാല്‍ ലേബര്‍ പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. പ്രധാനമന്ത്രി ഋഷി സുനക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തോറ്റ്, ടോറികള്‍ കനത്ത പരാജയം നേരിടുമെന്നുവരെ പ്രവചിക്കുന്നതായിരുന്നു പല സര്‍വേകളും. അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിന്റെ ഫലങ്ങളും ലേബറിന് അനുകൂലമായിരുന്നു.

നാളെ ഉച്ചയോടെ ഫലമറിയാം ഇന്നു രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെയാണ് വോട്ടെടുപ്പ്. വോട്ട് രേഖപ്പെടുത്താനുള്ള സമയം അവസാനിക്കുമ്പോള്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെടുപ്പ് ബാലറ്റ് പേപ്പറില്‍ ആയതിനാല്‍ വെള്ളിയാഴ്ച ഉച്ചയോടെയേ ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരൂ. 650 അംഗ പാര്‍ലമെന്റില്‍ 325 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നല്ലൊരു ശതമാനം വോട്ടര്‍മാരും പോസ്റ്റല്‍ ബാലറ്റില്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രാഷ്ട്രീയത്തേക്കള്‍ പ്രാധാന്യം സാമമ്പത്തിക നയങ്ങള്‍ക്ക് രാഷ്ട്രീയ വിഷയങ്ങളേക്കാള്‍ ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ സാമ്പത്തിക നയങ്ങള്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ഇലക്ഷനില്‍ പ്രതിഫലിക്കുക. തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആര്‍ക്കു കഴിയും എന്ന ചിന്തയിലാകും ഭൂരിഭാഗം പേരും വോട്ടു ചെയ്യുക. ഒപ്പം സാമൂഹികവും പ്രത്യയശാസ്ത്രപരവും നയപരവുമായ കാര്യങ്ങളും വോട്ടെടുപ്പില്‍ പ്രതിഫലിക്കും. ജിഡിപി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, പലിശവര്‍ധന, നികുതി പരിഷ്‌കാരങ്ങള്‍, ആരോഗ്യമേഖലയ്ക്കുള്ള പരിഗണന, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഘടകങ്ങളും ഈ ഇലക്ഷനില്‍ നിര്‍ണ്ണായകമായി മാറും. ഇടതുചിന്താഗതിയുള്ള ലേബര്‍ പാര്‍ട്ടി അടിസ്ഥാന വര്‍ഗ്ഗത്തിനായി നില കൊള്ളുമ്പോള്‍ കണ്‍സെര്‍വേറ്ററികള്‍ ധനികര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമായി നില കൊള്ളുന്നു എന്നാണ് പൊതു ധാരണ. രാഷ്ട്രീയ അസ്ഥിരതയ്ക്ക് അന്ത്യം കുറിക്കുമോ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിമാരാണ് രാജ്യത്ത് മാറിമാറി ഭരിച്ചത്. ഡേവിഡ് കാമറണ്‍ മുതല്‍ ഋഷി സുനക് വരെയുള്ള അഞ്ചു ടോറി പ്രധാനമന്ത്രിമാര്‍. അടുത്തകാലത്ത് ഇത്രയേറെ രാഷ്ട്രീയ അസ്ഥിരതയുണ്ടായ മറ്റൊരു രാജ്യം വേറെയില്ല. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് രാഷ്ട്രീയം അത്രമേല്‍ അസ്ഥിരമായി മാറുകയായിരുന്നു.

ബ്രെക്‌സിറ്റ് ബിസിനസ്സ് രംഗത്തെ നിക്ഷേപം വളരെ കുറയാന്‍ ഇടയാക്കി കോവിഡ് മഹാമാരിയും യുക്രെയ്ന്‍ യുദ്ധവും രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തി. .ജനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് പൊതു തിരഞ്ഞെടുപ്പ്. ഇത് ഭരണവിരുദ്ധ വികാരം ആളിക്കത്താന്‍ ഇടയാക്കുമെന്ന് ഉറപ്പാണ്. പ്രചാരണരംഗത്ത് ലേബറിന് ലഭിച്ച മുന്‍തൂക്കം ഇതിന്റെ പ്രതിഫലനമാണ്. നികുതികള്‍ കുറയ്ക്കണമെന്നും, കുടിയേറ്റം കുറയ്ക്കണമെന്നും നിര്‍ബന്ധമുള്ള ജനതയാണ് ബ്രിട്ടീഷുകാര്‍. ഒരു ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച തങ്ങളുടെ പെന്‍ഷന്‍ ക്ഷേമം ഉറപ്പാക്കാന്‍ കഴിവുള്ളവര്‍ അധികാരത്തില്‍ വരണം എന്നും അവര്‍ക്കു നിര്‍ബന്ധമുണ്ട്. 484 സീറ്റുകള്‍ നേടി, 1997ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍, ലേബര്‍ പാര്‍ട്ടി വിജയിക്കും എന്നു തന്നെയാണ് പുതിയ മെഗാപോളും സൂചിപ്പിക്കുന്നത്. നീണ്ട പതിനാലു വര്‍ഷത്തെ ടോറികളുടെ ഭരണം ജനങ്ങള്‍ക്ക് നല്‍കിയ അനുഭവങ്ങളിലുള്ള സമ്മിശ്രവികാരങ്ങള്‍ തന്നെയായിരിക്കും ബാലറ്റ് പേപ്പറുകളില്‍ പ്രതിഫലിക്കുക. കോവിഡ് സമയത്തെ furlough scheme, Eat Out to Help Out scheme എന്നിവ തുടക്കത്തില്‍ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ ജനസമ്മതി ഉയര്‍ത്തി തന്നെയാണ് നിര്‍ത്തിയത്. പിന്നീട് ഓരോ വീട് ഉടമയ്ക്കും £400 പൗണ്ട് എനര്‍ജി ബില്ലില്‍ ഇളവ് നല്‍കിയും കൗണ്‍സില്‍ ടാക്‌സില്‍ £150 പൗണ്ട് ഇളവ് നല്‍കിയും കുറഞ്ഞ വരുമാനക്കാര്‍ക്ക് £650 അധികമായി നല്‍കിയും പെന്‍ഷന്‍കാര്‍ക്ക് £300 പൗണ്ട് കൂടി അധികം നല്‍കിയും ഋഷി ജനസമ്മിതി പിടിച്ചു നിര്‍ത്തി. എന്നാല്‍ അധികം താമസിയാതെ അനധികൃത കുടിയേറ്റവും മന്ത്രിമാരുടെ പുറത്താകലും, ബുള്ളിയിങ് അന്വേഷണങ്ങളും എല്ലാം ഋഷിക്ക് വിനയായി.



ടോറികള്‍ കൊണ്ടുവന്ന ബ്രെക്‌സിറ്റ് റഫറണ്ടം കൊണ്ട് കേരളത്തില്‍ നിന്നുമുള്ള നേഴ്‌സ്മാര്‍ക്ക് യുകെയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ബ്രിട്ടനിലെ ജനതയ്ക്ക് പൊതുവില്‍ നേട്ടങ്ങളെക്കാള്‍ ഉപരി വന്‍നഷ്ട്ടങ്ങളാണ് ഉണ്ടായത്. യൂറോപ്പില്‍ നിന്നും വരുന്ന സാധനങ്ങളുടെ അമിതമായ വിലക്കയറ്റം ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ചരിത്രം കുറിക്കാന്‍ മലയാളികളും ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരില്‍ രണ്ട് മലയാളികളുമുണ്ട്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എറിക് സുകുമാരനും മുഖ്യ പ്രതിപക്ഷമായ ലേബറിന്റെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ബ്രിട്ടന്റെ പാര്‍ലമെന്ററി ജനാധിപത്യ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൌസ് ഓഫ് കോമണ്‍സില്‍ മുഴങ്ങും. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്‌സായ സോജന്‍. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായ ആഷ്‌ഫോര്‍ഡില്‍ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബര്‍ പാര്‍ട്ടി, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനായ സോജന്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനാണ് സോജന്റെ മുഖ്യ എതിര്‍ സ്ഥാനാര്‍ഥി. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാര്‍ജിന്‍ മറികടക്കാനാകുമെന്നാണ് സോജന്റെ വിശ്വാസം. ബാംഗ്ലൂരില്‍ നഴ്‌സിംങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്,

ലണ്ടനിലെ സൌത്ത്‌ഗേറ്റ് ആന്‍ഡ് വുഡ്ഗ്രീന്‍ മണ്ഡലത്തില്‍നിന്നാണ് എറിക് സുകുമാരന്‍ ഭരണകക്ഷിയായ ടോറി ടിക്കറ്റില്‍ മല്‍സരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ ജോണി സുകുമാരന്റെയും വര്‍ക്കല സ്വദേശിനിയായ അനിറ്റ സുകുമാരന്റെയും മകനാണ്. റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രണറായ എറിക് നേരത്തെ അമേരിക്കയിലും സിംഗപ്പൂരിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയിലും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിലും പഠിച്ച് എറിക്കിന് നിരവധി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പ്രവര്‍ത്തിച്ച പരിചയമാണ് ഏറ്റവും വലിയ ശക്തി. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ ഗോവ തുടങ്ങി വിവിധ സ്ഥലങ്ങളില്‍നിന്നും ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരുടെ പ്രതിനിധികള്‍ പാര്‍ലമെന്റിലേക്ക് മല്‍രിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുണ്ടെങ്കിലും ആദ്യമായാണ് രണ്ട് മലയാളികള്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി മല്‍സരരംഗത്ത് വരുന്നത്. ആരോഗ്യമേഖലയിലെയും ഐ.ടി രംഗത്തെയും തൊഴിലവസരങ്ങള്‍ തേടിയെത്തി സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളാണ് ബ്രിട്ടനിലുള്ളത്. ഇവര്‍ക്കു പുറമെ വിദ്യാര്‍ഥികളായെത്തിയവരും ചേര്‍ന്നാല്‍ മലയാളി സമൂഹം നിര്‍ണായക സാന്നിധ്യമാണ്. എറിക്കും സോജനും വിജയിച്ചാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രിട്ടനിലെ മലയാളികളുടെ എല്ലാം പ്രതിനിധികൂടിയാകും ഇരുവരും.

 
Other News in this category

 
 




 
Close Window