ലണ്ടന്‍: ആധുനിക യുദ്ധതന്ത്രങ്ങളെയും ആഗോള സുരക്ഷാ നിരീക്ഷണങ്ങളെയും മാറ്റിമറിക്കാന്‍ ശേഷിയുള്ള അത്യാധുനിക ബ്രിട്ടീഷ് നിര്‍മിത ഉപഗ്രഹം ഈ ആഴ്ച ബഹിരാകാശത്തേക്ക് കുതിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള 'സാറ്റ്വ്യൂ' കമ്പനി വികസിപ്പിച്ച ഹോട്ട്സാറ്റ്-2 ലോകത്തിലെ ആദ്യത്തെ വാണിജ്യ തെര്‍മല്‍ ഇമേജിങ് ഉപഗ്രഹമാണ്.
മാര്‍ച്ച് 29ന് കലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെയാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നത്. സാധാരണ ഉപഗ്രഹങ്ങള്‍ പ്രകാശത്തെ ആശ്രയിച്ച് ചിത്രങ്ങള്‍ എടുക്കുമ്പോള്‍, ഹോട്ട്സാറ്റ്-2 വസ്തുക്കള്‍ പുറത്തുവിടുന്ന താപ തരംഗങ്ങളെയാണ് രേഖപ്പെടുത്തുന്നത്. ഇതിലെ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ക്ക് നാസയുടെ ലാന്‍ഡ്സാറ്റ് ഉപഗ്രഹത്തേക്കാള്‍ 30 മടങ്ങ് കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നല്കാന് കഴിയും.
കെട്ടിടങ്ങളുടെ മേല്ക്കൂരകള്ക്കും ചുവരുകള്‍ക്കും ഉള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പോലും തിരിച്ചറിയാന്‍ ഉപഗ്രഹത്തിന് കഴിയും. മെഷീനുകളുടെ പ്രവര്‍ത്തനം, മനുഷ്യസാന്നിധ്യം, ആണവ റിയാക്ടറുകളിലെ പമ്പുകളുടെ പ്രവര്‍ത്തനം എന്നിവ ചൂടിന്റെ അളവിലൂടെ തിരിച്ചറിയാന്‍ കഴിയുന്നത്ര കൃത്യതയാണ് ഇതിന്. ഇറാന്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആയുധമായി ഇതിനെ കണക്കാക്കുന്നു. ആണവ കേന്ദ്രങ്ങള്‍ക്കും ആയുധ നിര്‍മാണ ശാലകള്‍ക്കും ഉള്ളിലെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കാനാകുന്ന ഈ ഉപഗ്രഹം, കഴിഞ്ഞ വര്‍ഷം നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന് സൈനിക കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്ന സൂചനകളെ കൂടി ശക്തിപ്പെടുത്തുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.