Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ടൂറിസ്റ്റ് വിസ ഇനി ജോബ് വിസയാക്കാന്‍ കഴിയില്ല
Reporter

കുവൈത്ത് സിറ്റി: സന്ദര്‍ശന വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് സ്വകാര്യ മേഖലകളിലെ തൊഴില്‍ വിസകളിലേക്ക് മാറാനുള്ള അനുവാദമാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സാമൂഹികതൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുഹ്‌സിന്‍ അല്‍ മുതൈരിയാണ് ഈ ഉത്തരവ് ഇറക്കിയത്. ആറു ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ വകുപ്പ് ഓഫീസുകളെ രേഖാമൂലം ഇത് അറിയിച്ചിട്ടുണ്ട്. യൂനിവേഴ്‌സിറ്റി ഡിഗ്രിയുള്ളവര്‍ക്കടക്കം ഇതില്‍ ഇളവ് അനുവദിക്കില്ലെന്നും അടിയന്തിര ഘട്ടത്തില്‍ ഏതെങ്കിലും പ്രത്യേക മേഖലയില്‍ വൈദഗ്ധ്യം നേടിയവരെ അത്യാവശ്യമായി വേണ്ടതുണ്ടെങ്കില്‍ മാത്രമേ ഇതില്‍ ഇളവ് അനുവദിക്കൂ എന്നും ഉത്തരവില്‍ പറയുന്നു.

രാജ്യത്തെ തൊഴില്‍ മേഖല കാര്യക്ഷമമാക്കുന്നതിനാണ് ഈ നടപടിയെന്നും വിസക്കച്ചവടക്കാര്‍ അവസരം മുതലെടുത്ത് അവിദഗ്ധ തൊഴിലാളികളെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനാലാണ് നിയമം കര്‍ശനമാക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അല്‍ മുതൈരി വ്യക്തമാക്കി. വിസക്കച്ചവടം നടക്കുന്നത് മൂലം തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായും അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശന വിസയില്‍ രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള തൊഴില്‍ വിസകളിലേക്ക് മാറുന്നതിനുള്ള അനുവാദമാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ടൂറിസ്റ്റ്, കുടുംബ സന്ദര്‍ശന വിസകളിലുള്ളവര്‍ക്ക് തൊഴില്‍ വിസകളിലേക്ക് മാറുന്നതിനുണ്ടായിരുന്ന അനുവാദം നേരത്തേ തന്നെ നിര്‍ത്തിവെച്ചെങ്കിലും ബിരുദധാരികളായ കൊമേഴ്‌സ്യല്‍ സന്ദര്‍ശന വിസയിലുള്ളവരെ ഇതില്‍നിന്നും ഒഴിച്ചുനിര്‍ത്തിയിരുന്നു.

അനധികൃത കുടിയേറ്റം തടഞ്ഞുകൊണ്ട് രാജ്യത്തെ തൊഴില്‍ വിപണി ക്രമീകരിക്കാനും സ്വകാര്യമേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാനും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

കോമേഴ്‌സ്യല്‍ വിസിറ്റിംഗ് വിസ അനുവദിക്കുന്നത് തന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യത്ത് ആവശ്യത്തിലധികം തൊഴിലാളികളുള്ളതിനാലും വിസക്കച്ചവടം അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് കോമേഴ്‌സ്യല്‍ വിസിറ്റിംഗ് വിസ താല്‍കാലികമായി നിര്‍ത്തിവെക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ കുവൈത്തിലേക്ക് നേരിട്ട് തൊഴില്‍ വിസ കിട്ടാന്‍ പ്രയാസമായതിനാല്‍ കോമേഴ്‌സ്യല്‍ വിസിറ്റിംഗ് വിസയാണ് പലരും ആശ്രയിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കണ്ടെത്തിയതിന്റെ ഫലമായിട്ടാണ് താല്‍കാലികമായി കോമേഴ്‌സ്യല്‍ വിസിറ്റിംഗ് വിസ നിര്‍ത്തലാക്കന്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വിദേശികള്‍ക്ക് കുവൈത്തില്‍ തൊഴില്‍ തേടിയെത്തുന്നതിന് താല്‍ക്കാലികമായെങ്കിലും ഏറെ പ്രയാസമുണ്ടാവും.

 
Other News in this category

 
 




 
Close Window