Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
യാത്രാവിലക്ക് നീക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ പേ ആസ് യു ഗോ
Reporter

ദുബൈ: സാമ്പത്തിക ബാധ്യതകളുടെ പേരില്‍ യു.എ.ഇയില്‍നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് നേരിടുന്നവര്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ പണം അടച്ച് വിലക്ക് നീക്കാം. ഇതിനുള്ള പുതിയ സംവിധാനം നിലവില്‍വന്നു. ഇത്തരം കേസുകളില്‍ അറസ്റ്റ് വാറണ്ട് നിലവിലുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടും. ഇതോടെ, വിവിധ വകുപ്പുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക ബാധ്യത വരുത്തിയതിന് യാത്രാ വിലക്കുള്ളവരെ ദുബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുന്നത് ഒഴിവാകും.

'പേ ആസ് യു ഗോ' എന്ന പേരിലുള്ള സംവിധാനം ദുബൈ കോടതിയും താമസകുടിയേറ്റ വകുപ്പും ചേര്‍ന്നാണ് നടപ്പാക്കിയത്. ദുബൈ പൊലീസ്, എമിറേറ്റ്‌സ് നാഷനല്‍ ബാങ്ക് ഓഫ് ദുബൈ (എമിറേറ്റ്‌സ് എന്‍.ബി.ഡി) എന്നിവയുമായി സഹകരിച്ചാണിത്. കോടതിയുടെയോ ജുഡീഷ്യല്‍ കമ്മിറ്റിയുടെയോ ഉത്തരവ് പ്രകാരം അടക്കേണ്ട സംഖ്യക്ക് പുറമെ മറ്റു തരത്തിലുള്ള സാമ്പത്തിക ബാധ്യതകളും എമിഗ്രേഷന്‍ കൗണ്ടറില്‍ വെച്ച് തീര്‍ക്കാവുന്നതാണ്. ഇത്തരം ബാധ്യതകളുള്ളവര്‍ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയാല്‍ യാത്രാ വിലക്കുള്ളതായി വിവരം ലഭിക്കും. യാത്രക്കാരന്‍ ആവശ്യപ്പെട്ടാല്‍ കേസ് ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കും. അറസ്റ്റ് വാറണ്ടുള്ളവരെ ഇക്കാര്യവും അറിയിക്കും.

ബാധ്യത തീരാന്‍ അടക്കേണ്ട സംഖ്യ സംബന്ധിച്ച രേഖ എമിഗ്രേഷനില്‍നിന്ന് ലഭിച്ചാല്‍ ഇതുമായി വിമാനത്താവളത്തിലെ എമിറേറ്റ്‌സ് എന്‍.ബി.ഡി കൗണ്ടറില്‍ പോയി പണം അടക്കണം. പണം അടക്കുന്നതിന് രണ്ടു രസീതുകളുണ്ടാകും. ഇതില്‍ ഒരെണ്ണം ബാങ്കിന്റെ ഫയലില്‍ സൂക്ഷിക്കും. രണ്ടാമത്തേത് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് അയക്കും. എമിഗ്രേഷനിലെ സിസ്റ്റത്തില്‍ കേസ് ഫയല്‍ നമ്പറും അടച്ച സംഖ്യയും മറ്റും ഒത്തുനോക്കിയ ശേഷം പ്രശ്‌നമൊന്നുമില്ലെങ്കില്‍ യാത്രാ വിലക്ക് നീക്കംചെയ്യാന്‍ രസീത് പൊലീസിന് അയക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതോടെ യാത്രക്കാരന് നിശ്ചിത വിമാനത്തില്‍ പോകാം. അതേസമയം, ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ പണം അടക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാവശ്യമായ സമയം മുന്‍കൂട്ടി കണ്ട് വിമാനത്താവളത്തിലെത്തണം.

ദുബൈ സിവില്‍ കോടതി ഉത്തരവ് പ്രകാരം സാമ്പത്തിക ബാധ്യതയുടെ പേരില്‍ യാത്രാ വിലക്ക് നേരിടുന്നവര്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ പണം അടച്ച് വിലക്ക് ഒഴിവാക്കാനുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ഇതുപ്രകാരം, സാമ്പത്തിക ബാധ്യത സംബന്ധിച്ച സിവില്‍ കേസുകളില്‍ അറസ്റ്റ് വാറണ്ടുള്ളവര്‍ക്ക് പണം അടക്കാവുന്നതാണ്. 'അതിര്‍ത്തി കവാടത്തിലൂടെ പണം അടക്കുക' എന്ന പേരിലാണ് ഈ സംവിധാനം.

പ്രതിവര്‍ഷം 35,000ത്തിലേറെ കേസുകളാണ് ദുബൈ കോടതി വകുപ്പില്‍ (ഡി.സി.ഡി) എത്തുന്നത്. ഇതില്‍ പല കേസുകളിലും പ്രതികള്‍ക്ക് യാത്രാ വിലക്കും അറസ്റ്റ് വാറണ്ടുമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍, യാത്രാ സമയത്ത് നിരവധി പേര്‍ എമിഗ്രേഷനില്‍ വെച്ച് പിടിയിലാകുന്നുണ്ട്. ഈ സംഭവങ്ങള്‍ ഒഴിവാക്കാനും ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നിശ്ചിത സമയത്ത് തന്നെ യാത്രക്ക് സൗകര്യം ഒരുക്കാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം നടപ്പാക്കിയത്.

 
Other News in this category

 
 




 
Close Window