Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
രോഗികള്‍ക്ക് മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ 2,000 ദിര്‍ഹം പിഴ
Reporter

ദുബൈ: ദുബൈയിലെ സ്വകാര്യ ആരോഗ്യ മേഖലയെ നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ നിയമം നടപ്പാക്കുന്നു. ഇത് അടുത്ത മാസം ഒന്നിന് പ്രാബല്യത്തില്‍ വരും. രോഗികള്‍ക്ക് മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ 2,000 ദിര്‍ഹമും ലൈസന്‍സില്ലാത്ത ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും 50,000 ദിര്‍ഹമും പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഇതിലുണ്ട്.

ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്. ആരോഗ്യ മേഖലയില്‍ നിയമ ലംഘനങ്ങള്‍ തടയുകയും ജനങ്ങള്‍ക്ക് ഏറ്റവും മികച്ചതും ഉയര്‍ന്ന ഗുണനിലവാരവുമുള്ള സേവനം ഉറപ്പാക്കുകയുമാണ് കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം. 'എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ 32ാം നമ്പര്‍ ഉത്തരവ്'പ്രകാരം, ഹെല്‍ത്ത് അതോറിറ്റിയില്‍നിന്ന് മതിയായ ലൈസന്‍സും ബന്ധപ്പെട്ട മറ്റു വകുപ്പുകളില്‍നിന്ന് അനുമതിയും നേടാതെ ഏതെങ്കിലും സാധാരണ വ്യക്തികളോ മറ്റുള്ളവരോ മെഡിക്കല്‍ പ്രാക്ടീസ് നടത്തരുത്. ലൈസന്‍സില്ലാതെ ആരോഗ്യ സേവന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കരുത്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കും പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കും 50,000 ദിര്‍ഹം പിഴ ചുമത്തും. നേരത്തെ 10,000 ദിര്‍ഹമായിരുന്നു പിഴ. അതേസമയം, കാലാവധി തീര്‍ന്ന ലൈസന്‍സുമായി പ്രാക്ടീസ് നടത്തു ഡോക്ടര്‍മാര്‍ക്ക് 10,000 ദിര്‍ഹമാണ് പിഴ.

നിയമത്തിലെ ഏറ്റവും സുപ്രധാന വ്യവസ്ഥ രോഗികള്‍ക്ക് അവരുടെ ചികിത്സാ രേഖകള്‍ നല്‍കുന്നത് സംബന്ധിച്ചാണ്. ഏതെങ്കിലും രോഗിക്ക് മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ആരോഗ്യ സേവന സ്ഥാപനത്തിന് 2,000 ദിര്‍ഹം പിഴ ചുമത്തും. ആരോഗ്യ മേഖലയിലെ ധാര്‍മികത, സാങ്കേതികത, പ്രഫഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്ക് 2,000 മുതല്‍ 10,000 ദിര്‍ഹം വരെയാണ് പിഴ. എന്നാല്‍, ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്ന ആശുപത്രി, ക്‌ളിനിക്ക്, ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് 5,000 മുതല്‍ 25,000 വരെ ദിര്‍ഹം പിഴ ചുമത്തും. ഒരു വര്‍ഷത്തിനകം നിയമ ലംഘനം ആവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദ്യതവണ നല്‍കിയ പിഴയുടെ ഇരട്ടി നല്‍കേണ്ടിവരും. 

ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍നിന്ന് ലൈസന്‍സ് നേടുന്ന വ്യക്തികളും ആരോഗ്യ സേവന സ്ഥാപനങ്ങളും തങ്ങളുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ പറഞ്ഞത് പ്രകാരമുള്ള പ്രാക്ടീസ് മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

19,554 പ്രഫഷനലുകളാണ് ഹെല്‍ത്ത് അതോറിറ്റിയില്‍നിന്ന് നിലവില്‍ ലൈസന്‍സ് നേടിയിരിക്കുന്നത്. 22 സ്വകാര്യ ആശുപത്രികളുമുണ്ട്. ദുബൈയിലെ സ്വകാര്യ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കും ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകമാണ്. ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ഫ്രീ സോണുകള്‍, മറ്റു വികസിത മേഖലകള്‍ എന്നിവിടങ്ങളിലും ബാധകമാണ്. എന്നാല്‍, ദുബൈ മെഡിക്കല്‍ സിറ്റിയെ ഒഴിവാക്കി. 2011ലെ ഒമ്പതാം നമ്പര്‍ നിയമപ്രകാരമാണ് ഇളവ്.

 
Other News in this category

 
 




 
Close Window