Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കേരളത്തില്‍ നിന്നു തീവ്രവാദം വേരോടെ പറിച്ചെറിയണം
reporter
ആധുനികലോകത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നു തീവ്രവാദം. മനുഷ്യരെ ഇല്ലാതാക്കാന്‍ മനുഷ്യര്‍ ഒളിഞ്ഞിരുന്നു ആക്രമണം നടത്തുന്നു. ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് എതിര്‍ത്താലും തടയിടാനാവാത്ത ദുരന്തം. ഓരോരുത്തരും സ്വയം തീരുമാനിച്ചാല്‍ മാത്രം പരിഹാരം കണ്ടെത്താവുന്ന വിഭ്രമത്തിന്റെ ചങ്ങല കേരളത്തിലേക്കും നീളുന്നുവെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. നോര്‍ത്ത് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരന്‍ വഖാസ് കേരളത്തിലുമെത്തി. അയാള്‍ക്ക് ഉണ്ടുറങ്ങാന്‍ സ്ഥലം ഒരുക്കിക്കൊടുക്കുന്നതിന് മൂന്നാറില്‍ ആളുണ്ടായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ നേതാവായ ഇയാള്‍ കൊച്ചിയിലുമെത്തി. യുവാക്കളെ ആ സംഘടനയിലേക്ക് ചേര്‍ക്കാന്‍ ശ്രമം നടത്തി. ഇന്റലിജന്‍സും ഭീകരവിരുദ്ധ പോലീസ് സംഘവും മറ്റു ക്രമസമാധാന പാലകരുമെല്ലാമുണ്ടായിട്ടും രണ്ടു ഭീകരര്‍ ആരുമറിയാതെ സ്വാതന്ത്ര്യത്തോടെ കേരളത്തില്‍ വിലസി.
പാക്കിസ്ഥാനി ഭീകരന്‍ വഖാസ് ഉള്‍പ്പെടെ നാലു ഭീകരരെ രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് ഇവരില്‍ നിന്നു ലഭിച്ച വിവരം വച്ചാണ് കഴിഞ്ഞദിവസം ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തറിനെ ഡാര്‍ജിലിങ്ങില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞദിവസം രാജസ്ഥാനില്‍ മറ്റൊരു ഭീകരനും അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തുണ്ടായ ഭൂരിപക്ഷം ഭീകരാക്രമണങ്ങളുടെയും സൂത്രധാരന്മാര്‍ പിടിയിലായിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അവകാശപ്പെടുന്നു. പാക്കിസ്ഥാനില്‍ ഐഎസ്‌ഐ സംരക്ഷണയില്‍ കഴിയുന്ന ഭീകര നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തഹ്‌സീന്‍ അക്തര്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുണ്ട്. യാസിന്‍ ഭട്കല്‍ അറസ്റ്റിലായ ശേഷം ഇന്ത്യന്‍ മുജാഹിദിനെ നയിച്ചിരുന്നത് ഇയാളായിരുന്നുവത്രേ.

തഹ്‌സീന്‍ അക്തറും പാക് ഭീകരന്‍ വഖാസും കേരളത്തില്‍ എത്തിയിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ കേരള പൊലീസിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ ഹൈദരാബാദ് സ്‌ഫോടനത്തിനു ശേഷം മംഗലാപുരത്ത് താമസമാക്കിയ ഇവര്‍ പിന്നീട് മൂന്നാറിലും എത്തിയത്രേ. മൂന്നാറില്‍ വീടെടുത്ത് താമസിച്ചിരുന്നു വഖാസ് എന്നുമുണ്ട് റിപ്പോര്‍ട്ട്. കേരളം ഭീകര പ്രവര്‍ത്തകര്‍ക്കു താവളമാവുന്നത് ഇതാദ്യമല്ല. ക്യാംപുകളും റിക്രൂട്ട്‌മെന്റും അടക്കം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പലതു പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഒളിവില്‍ താമസിച്ചിരുന്ന തീവ്രവാദികള്‍ മറ്റു പല സംസ്ഥാനത്തു വച്ചും അറസ്റ്റുചെയ്യപ്പെട്ടപ്പോഴാണ് അതെല്ലാം നാം അറിയുന്നത്. ആശങ്ക ഉയര്‍ത്തുന്ന ഈ സാഹചര്യം സഗൗരവം പരിഗണിക്കേണ്ടിയിരിക്കുന്നു കേരള പൊലീസ്.

ഏതു തരം തീവ്രവാദത്തിനും സഹായകമാവരുത് നമ്മുടെ മണ്ണ്. ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന, ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ജനാധിപത്യത്തില്‍ സ്ഥാനമില്ല. ഇക്കാര്യത്തില്‍ കര്‍ശന സമീപനം തന്നെ വേണം പൊലീസിന്. ഭീകരപ്രവര്‍ത്തനം തടയുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്താന്‍ ഒട്ടും വൈകിക്കൂടാ. മുന്നറിയിപ്പുകളുണ്ടായിട്ടും ജാഗ്രത പാലിക്കാത്തതു മൂലമാണ് ഭീകരര്‍ കേരളത്തില്‍ സുരക്ഷിതരായി കഴിയുന്നതെന്ന വിമര്‍ശനത്തിന് ഇടം നല്‍കരുത് സര്‍ക്കാര്‍ പൊലീസ് സംവിധാനങ്ങള്‍.

നക്‌സല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഏകോപനത്തോടെ പ്രവര്‍ത്തിക്കുമ്പോഴും കേരളത്തില്‍ തീവ്രവാദ സാന്നിധ്യം നിലനില്‍ക്കുന്നു എന്ന വിമര്‍ശനം സംസ്ഥാന സര്‍ക്കാര്‍ കാര്യമായിത്തന്നെയെടുക്കണം. വന മേഖലകളില്‍ മാവോയിസ്റ്റുകള്‍ക്കായി ഭീകരവിരുദ്ധ സേനയും പൊലീസും തെരച്ചില്‍ നടത്തുമ്പോഴും വഖാസും തഹ്‌സീന്‍ അക്തറും പോലുള്ളവര്‍ കേരളത്തില്‍ കഴിഞ്ഞിരുന്നു എന്നതു ചെറിയ കാര്യമല്ല. മൂന്നാറില്‍ സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. അപരിചിതരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിച്ചെന്നും നക്‌സല്‍, തീവ്രവാദ ബന്ധമുള്ളവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്തും ഭീകരരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല പൊലീസിന് എന്നതാണ് ഇതു സൂചിപ്പിക്കുന്നത്.
ഒരു കാരണവശാലും കേരളത്തിലെ ഒരു തരി മണ്ണില്‍പ്പോലും ഭീകരര്‍ക്ക് കാല്‍വയ്ക്കാന്‍ ഇടം കൊടുക്കരുത്. മനുഷ്യജീവനെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയെല്ലാം നിയമപ്രകാരം ശിക്ഷിച്ച് ജയിലിലടയ്ക്കണം. ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കാവുന്ന സുരക്ഷിതമായ സംസ്ഥാനമാണ് കേരളം. ലോകപ്രശസ്തമാണ് ഇക്കാര്യം. ഈ സ്വസ്ഥത നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്.
 
Other News in this category

 
 




 
Close Window