കുറച്ചു നേരം കേരളത്തെക്കുറിച്ച് സംസാരിക്കാം. കേരളത്തിലെ രാഷ്ട്രീയം പറയാനാണെങ്കില്‍ പുരുഷായുസ്സ് മതിയാകാതെ വരും. തല്‍ക്കാലം കുടുംബമായി കേരളത്തില്‍ ജീവിക്കുന്ന നമ്മളില്‍ ഓരോരുത്തരെക്കുറിച്ചും, വിദേശത്തു താമസിക്കുന്ന നമ്മുടെ കേരളത്തിലെ സ്വന്ത-ബന്ധങ്ങളെക്കുറിച്ചും വര്‍ത്തമാനം പറയാം.
കേരളത്തില്‍ ഇപ്പോള്‍ ആരും പട്ടിണി കിടക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഒരാളും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടരുത് എന്നാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം ഉറപ്പാക്കിയത് ഏതു സര്‍വേയുടെ അടിസ്ഥാനത്തിലാണ് എന്ന് അന്വേഷിക്കണം. കേരളത്തിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ചുമതലപ്പെടുത്തി ഇക്കാര്യത്തില്‍ ഒരു ഡിജിറ്റല്‍ സര്‍വേ എടുക്കണം. കംപ്യൂട്ടര്‍ കള്ളം പറയില്ല, ചെറുപ്രായത്തിലുള്ള കുട്ടികള്‍ ഉള്ള കാര്യം തുറന്നു പറയും - അവരാണ് ഭാവി കേരളത്തിന്റെ ശക്തി. അല്ലേ?
വാഹന സൗകര്യം ഉള്ള നാടാണ് കേരളം. എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകള്‍ നിര്‍മിച്ച സംസ്ഥാനമാണ് കേരളം എന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നു. ശരിയാണോ? അതും സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികള്‍ സ്വന്തം നാടിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളായി അവതരിപ്പിക്കപ്പെടട്ടെ. അതില്‍ കക്ഷി-രാഷ്ട്രീയം ഇല്ലാതിരിക്കട്ടെ.
കേരളത്തില്‍ യാത്ര ചെയ്യാന്‍ നഷ്ടത്തിലാണെങ്കിലും കെഎസ്ആര്‍ടിസി ഉണ്ട്. ഉടനടി യാത്രയ്ക്ക് ട്രെയിന്‍, വിമാനം എന്നിവയുണ്ട്. പക്ഷേ, ഉദ്ദേശിച്ച സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തില്ല. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ എത്താന്‍ പത്തു മണിക്കൂര്‍ വേണ്ടി വരുന്നത് ആരുടെ കുഴപ്പമാണ്?
ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ ആദ്യമായി അധികാരം നേടിയ സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ ഉണ്ടാക്കിയ വികസനത്തിന്റെ കഥ പറയുകയും വേണ്ട. രണ്ടാം തവണ ഇടതുപക്ഷം അധികാരത്തില്‍ കയറിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു കേരളത്തിലെ ജനങ്ങള്‍ക്ക്. പക്ഷേ, അത് വലിയ നിരാശയാണെന്ന് ഇപ്പോള്‍ ജനം ചിന്തിക്കുന്നതില്‍ തെറ്റില്ല. കാരണം, വികസനത്തിന്റെ വഴികളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ എല്ലാവരുടേയും മനസ്സില്‍ ഉണ്ടാകും.
ലോകത്ത് ആദ്യമായി കംപ്യൂട്ടറിനെ എതിര്‍ത്ത സംഘടന ഏതാണ്?
നെല്ല് മുളയ്ക്കാത്ത മണ്ണില്‍ വാഴ നട്ടപ്പോള്‍ വാഴ വെട്ടാന്‍ സംഘടിതമായി ഇറങ്ങിയത് ആരാണ്?
വിളഞ്ഞ നെല്ല് കൊയ്യാന്‍ തൊഴിലാളികളെ കിട്ടാതെ വന്നപ്പോള്‍ എത്തിയ കൊയ്ത്തു യന്ത്രം തല്ലിപ്പൊളിച്ചത് ആര്?
കൊച്ചിയില്‍ വിമാനത്താവളം ഉണ്ടാക്കുമെന്നു പറഞ്ഞപ്പോള്‍ എതിര്‍ത്തത് ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ്?
ഇപ്പോഴും ഒരാള്‍ വീടു മാറി എത്തുമ്പോള്‍ അയാളുടെ കട്ടിലും കിടക്കയും ചുമക്കാനുള്ള അവകാശം പറഞ്ഞു വരുന്നത് ഏതു സംഘടനയാണ്?
രാഷ്ട്രീയം പറയാതെ, സ്വന്തം രാജ്യത്ത് ജീവിക്കാന്‍ സമാധാനം വേണം. രാഷ്ട്രത്തെ മതം കാര്‍ന്നെടുക്കുന്ന ദുരന്തം ഉണ്ടാകരുത്. മതവും ജാതിയും തൊലിയുടെ നിറവും വേര്‍തിരിച്ച് മനുഷ്യരെ കൊന്നൊടുക്കിയ ചരിത്രം നമുക്കു മുന്നില്‍ ഒരുപാടുണ്ട്. അത്തരം ഭയാനകമായ സാഹചര്യം തിരിച്ചറിയാന്‍ വിവേകമുള്ളവരാണ് മലയാളികള്‍. സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന ട്രാക്കില്‍ ഒരുപാട് പാളിച്ചകള്‍ ഉണ്ട്. അദ്ദേഹം വൈകാതെ അതു തിരിച്ചറിയും. |