Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇടത് - വലത് - ലീഗ് നേതാക്കള്‍ കെ.എം. മാണിയുടെ വീട്ടു പടിക്കല്‍ കാത്തിരിക്കുന്ന ചിത്രം ഇനി ഒരിക്കലും ഉണ്ടാവില്ല
Reporter
കേരളത്തിലെ കര്‍ഷകരുടെ സുവര്‍ണ ചരിത്രമാണ് ചരല്‍ക്കുന്നിലെ മീറ്റിങ്. കെ.എം. മാണി എന്ന രാഷ്ട്രീയക്കാരന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത് അവിടെ വച്ചായിരുന്നു. കര്‍ഷകര്‍ക്കു വേണ്ടിയൊരു കോണ്‍ഗ്രസ് പിറവിയെടുത്തെന്നു പറയുമ്പോള്‍ അന്നു കൂടെ ഉണ്ടായിരുന്നവര്‍ കയ്യടിച്ചു. കെ.എം. മാണി മരിച്ച ശേഷം അവിടെ നടന്ന ഇലക്ഷനില്‍ മാണി പ്രതിനിധീകരിച്ച പാര്‍ട്ടിക്കു വേണ്ടി മാണിയുടെ മകന്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി തോറ്റു.
1965 മുതല്‍ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായാണ് വിധിയെഴുതിയത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ചയും വോട്ടെണ്ണലിന്റെ അവസാന ലാപ്പില്‍ കണ്ടിരുന്നു. എല്‍ഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു.
55 വര്‍ഷത്തെ അടിമത്വത്തില്‍ നിന്ന് പാലായ്ക്ക് മോചനമെന്നായിരുന്നു മാണി സി. കാപ്പന്റെ പ്രതികരണം. തന്റെ വിജയം സര്‍ക്കാരിന്റെ ഭരണനേട്ടമാണെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ ജനങ്ങള്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായും മാണി സി കാപ്പന്‍ പറഞ്ഞു.
അഞ്ച് പതിറ്റാണ്ട് കൈവശം വച്ച് സീറ്റ് നഷ്ടപ്പെട്ടതിന് പല കാരണങ്ങളും യുഡിഎഫും കേരള കോണ്‍ഗ്രസും നിരത്തുന്നുവെങ്കില്‍ പ്രധാന കാരണം പാര്‍ട്ടിക്കുള്ളിലെ കൂട്ടത്തല്ലെന്ന് വ്യക്തം. കേരള കോണ്‍ഗ്രസ് എമ്മിന്റെ വിശാലമായ പിളര്‍പ്പിലേക്ക് തന്നെ നയിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കാവും വരും ദിവസങ്ങളില്‍ ആ പാര്‍ട്ടി സാക്ഷ്യം വഹിക്കുക എന്നുറപ്പ്. മറുവശത്ത് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 24,821 വോട്ടുകള്‍ നേടിയ ബിജെപിക്ക് ആറായിരത്തോളം വോട്ടുകള്‍ എവിടേക്ക് പോയെന്ന് ഉത്തരം കണ്ടെത്തേണ്ടി വരും.

പാലായില്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ ഞെട്ടിച്ച് അട്ടിമറി വിജയം നേടിയത്. മൊത്തമുള്ള 13 പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍ ഡി എഫ് മുന്നിലെത്തിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യു ഡി എഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്. മുത്തോലി, മീനച്ചില്‍ , കൊഴുവനാല്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് മേല്‍കൈ നേടിയത്.

എന്നാല്‍ വോട്ടെണ്ണുന്നതിനു മുമ്പേ തന്നെ ജോസ് ടോം വിജയിക്കുമെന്ന കടുത്ത പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസിലെ അണികളും നേതാക്കളും. ഈ പ്രതീക്ഷയില്‍ ജോസ് ടോമിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്‌ളക്‌സുകളും വിതരണത്തിനായി ലഡുവും നേരത്തെ തയ്യാറാക്കി വെച്ചിരുന്നു.

'വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി… നന്ദി… നന്ദി' എന്ന വാചകത്തോടെ ജോസ് ടോമിനെ നിയുക്ത എം.എല്‍.എയായി അവരോധിച്ചു കൊണ്ട് വെള്ളാപ്പാടില്‍ ഫള്കസും ഉയര്‍ത്തിയിരുന്നു. മനസ്സില്‍ മായാതെ, എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.എം മാണിസാറിന്റെ പിന്‍ഗാമി നിയുക്ത പാലാ എം.എല്‍.എ അഡ്വ. ജോസ് ടോമിന് അഭിനന്ദങ്ങള്‍ എന്നും ഫ്‌ളക്‌സില്‍ എഴുതി വെച്ചിരുന്നു..
കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യത്തില്‍ ജോസ് ടോമിനെ എം.എല്‍.എ എന്നാണ് വിശേഷിപ്പിച്ചിരിന്നത്.

നേരത്തെ പാലായിലെ യു.ഡി.എഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് യു.ഡി.എഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ നര്‍മ്മം കലര്‍ന്ന മറുപടി.
അതേസമയം, പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോല്‍വിക്ക് പ്രധാനകാരണം പക്വതയില്ലായ്മയെന്ന് പി ജെ ജോസഫ്. രണ്ടില ചിഹ്നം ഇല്ലാത്തതും തോല്‍വിക്ക് കാരണമെന്ന് പി ജെ ജോസഫ് പറഞ്ഞു. മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് ലംഘിച്ചെന്നും ജോസഫ് കുറ്റപ്പെടുത്തി.

പാലായില്‍ രണ്ട് കൂട്ടരും പ്രശ്‌നം ഉണ്ടാക്കിയെന്ന പ്രസ്താവനകള്‍ ശരിയല്ലെന്നും പ്രശ്‌നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

കെ എം മാണി 54 വര്‍ഷമായി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്ന് കരുതി. എന്നാല്‍, എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് യുഡിഎഫ് ഗൗരവകരമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാണി സാറിന്റെ മരണത്തെ തുടര്‍ന്നുള്ള സ്ഥാന ചര്‍ച്ചകള്‍ വിജയിക്കാതെ വന്നപ്പോള്‍ പല മദ്ധ്യസ്ഥന്‍മാരും ഇടപെട്ടു.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ള ചില കാര്യങ്ങള്‍ പ്രധാനമായും ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.

ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനിലാണ് അധികാരങ്ങള്‍ നിക്ഷിപ്തം എന്നാണ് പാര്‍ട്ടി ഭരണഘടനയിലുള്ളത്. അതായത് കെ എം മാണിയുടെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരമെന്നുള്ളത് അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറാകാത്തതാണ് അടിസ്ഥാനപ്രശ്‌നം. കെ എം മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് കെ മാണി ലംഘിച്ചെന്നും പി ജെ ജോസഫ് പറഞ്ഞു.

ചെറിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യത്തിന് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി വാശി പിടിച്ചു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ സംസ്ഥാന കമ്മിറ്റിയെന്ന പേരില്‍ ജോസ് കെ മാണി ആള്‍കൂട്ടത്തെ വിളിച്ചു കൂട്ടി. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ജയസാദ്ധ്യതയും സ്വീകാര്യതയും മാത്രമാണ് താന്‍ മുന്നോട്ടുവെച്ച നിബന്ധന. കെ എം മാണിയുടെ തീരുമാനങ്ങളെ പോലും മാണി ജീവിച്ചിരുന്നപ്പോള്‍ ജോസ് ടോം ചോദ്യം ചെയ്തിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.

ചിഹ്നം നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. താത്കാലിക ചെയര്‍മാനെന്ന് അംഗീകരിച്ചിരുന്നെങ്കില്‍ കത്ത് നല്‍കിയേനെയെന്നും പി ജെ ജോസഫ് പറഞ്ഞു. ചിഹ്നമില്ലെങ്കിലും ജയിക്കാമെന്നായിരുന്നു അപ്പോഴത്തെ നിലപാട്. ഇപ്പോള്‍ ചിഹ്നമുണ്ടെങ്കില്‍ ജയിക്കാമായിരുന്നെന്ന് ചിലര്‍ പറയുന്നു. ചിഹ്നം നേടിയെടുക്കാത്തതിന്റെ കാരണം ആരാണെന്ന് വിലയിരുത്തണം.

പ്രചാരണത്തിനെത്തിയപ്പോള്‍ തന്നെ കൂകി വിളിച്ചതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. തനിക്ക് വലിയ ബന്ധുബലമുള്ള സ്ഥലമാണ് പാലാ. ആളില്ലെന്ന് ഇപ്പോഴും അക്ഷേപിക്കുന്നുകയാണ്. മദ്ധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് വഴുതിമാറി ആരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് യു ഡി എഫ് കണ്ടെത്തണമെന്നും ജോസഫ് പറഞ്ഞു.

മാണി സാറിന്റെ മരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തോറ്റതില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്നും ജോസഫ് കുറ്റപ്പെടുത്തി. തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് നിഷ്പക്ഷമായി വിലയിരുത്തി തെറ്റുകള്‍ തിരുത്തണം. ചര്‍ച്ചയായത് കേരള രാഷ്ട്രീയമല്ലെന്നും കേരള കോണ്‍ഗ്രസിലെ പ്രശ്‌നമാണെന്നും ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ പക്വതയില്ലായ്മ ഉപതിരഞ്ഞെടുപ്പില്‍ വിനയായെന്നും ജോസഫ് പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് നിര്‍ഭയമായി മുന്നോട്ടു പോവും. ജോസ് കെ മാണിയുമായി സഹകരിക്കാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടോ എന്ന് ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ഒന്നിനോടും നോ പറയാനാവില്ലെന്നും ജോസഫ് മറുപടി നല്‍കി പി ജെ ജോസഫ് ആവശ്യപ്പെട്ടു.

അതേസമയം, പരാജയം കൊണ്ട് പതറില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വീഴ്ച്ചകള്‍ തിരുത്തുമെന്നും ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ആടിയുലഞ്ഞ സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് പാലായിലെ മാണി സി കാപ്പന്റെ വിജയം. മൂന്നരമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍തോതിലുള്ള വോട്ട് ചോര്‍ച്ചയുണ്ടായതില്‍ പകച്ച് പോയവര്‍ക്ക് വര്‍ധിതവീര്യത്തോടെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്ക് പോകാന്‍ കരുത്ത് പകരുന്നതാണ് പാലായിലെ ഈ വിജയം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളജനത അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫിനെ കാലുവാരി നിലത്തടിക്കുകയായിരുന്നു. മലബാറിലെ സിപിഎം കോട്ടകളില്‍ വരെ യുഡിഎഫിന്റെ തേരോട്ടം നടന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം പകച്ചുപോയി. ഈ തിരിച്ചടി നടക്കാനിരിക്കുന്ന ആറ് ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് പാലായില്‍ മാത്രമായി ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കെഎം മാണിയുടെ പാലാ എന്നും യുഡിഎഫിന്റെ ശക്തികേന്ദ്രമാണ്. ജീവന്മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ യുഡിഎഫിലെ തര്‍ക്കങ്ങളും മാണി സി കാപ്പനോടുള്ള ചെറിയ സഹതാപവും മാത്രമായിരുന്നു എല്‍ഡിഎഫിന്റെ കൈമുതല്‍. സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും തെരഞ്ഞടുപ്പെന്ന് പറഞ്ഞ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞു.
ഒടുവില്‍ വോട്ട് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന്റെ കളത്തിലാണ് വോട്ട് വീണത്. ജോസ് ടോമിനെ വീഴ്ത്തിയത് ആരെന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ. ഇതു പരാജയമാണ്, കേരള കോണ്‍ഗ്രസിന്റെ പരാജയം. ഇടത് - വലത് വ്യത്യാസമില്ലാതെ നേതാക്കള്‍ ഓരോ ഇലക്ഷനിലും കേരള കോണ്‍ഗ്രസിന്റെ സഹായം അഭ്യര്‍ഥിച്ച് കെ.എം. മാണിയുടെ വീട്ടു പടിക്കല്‍ കാത്തു നിന്ന കാലം ഏറെ പഴയതല്ല. ഇനി അതുണ്ടാവില്ല, ഒരിക്കലും.
 
Other News in this category

 
 




 
Close Window