വൈറസ് രണ്ടാംഘട്ട വ്യാപനം എല്ലാ രാജ്യങ്ങളും പ്രതീക്ഷിക്കണം. ഉദാഹരണമാണ് യുണൈറ്റഡ് കിങ്ഡം. ആദ്യത്തെ ഘട്ടം വൈറസിനെ മറി കടന്നപ്പോള്‍ എല്ലാം അവസാനിച്ചുവെന്ന് കരുതി. തീവ്രതയുടെ ആഴം മനസ്സിലാക്കിയില്ല. യുകെയെ സംബന്ധിച്ചിടത്തോളം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിച്ചു നില്‍ക്കുന്ന ഘട്ടമാണ്. യുകെ നേരിടുന്നത് ചരിത്രത്തിലെ ഗുരുതരമായ പ്രതിസന്ധിയാണ്. ചെലവാക്കിയാല്‍ അവസാനിക്കാത്ത സ്വത്ത് ഭൂമിയില്‍ ഇല്ലെന്നൊരു ചൊല്ലുണ്ട്, മലയാളത്തില്‍. കുന്നോളം ഉണ്ടെങ്കിലും കുരുന്നു ജീവനു പോലും വില കല്‍പിക്കാനാവില്ലെന്നു മറ്റൊരു നാട്ടു പ്രയോഗവുമുണ്ട്. ഇപ്പോള്‍ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ് മലയാൡകള്‍ക്കു പരിചിതമായ പഴമൊഴികള്‍. കോവിഡിന്റെ ആദ്യഘട്ടത്തെക്കാള്‍ മാരകമായി യുകെയില്‍ വീണ്ടും വൈറസ് വ്യാപനം, മരണം. രണ്ടാംഘട്ട വ്യാപനമെന്ന് സര്‍ക്കാര്‍ രേഖയില്‍ കുറിപ്പ്. നഷ്ടം എന്നെന്നേയ്ക്കുമായി നികത്തപ്പെടാത്ത മനുഷ്യ ജീവന്‍.
1970 ആണ് മലയാളികള്‍ ബ്രിട്ടനില്‍ കുടിയേറി നല്ല രീതിയില്‍ ജീവിതം തുടങ്ങിയത്. മുപ്പതു വര്‍ഷത്തോളം കഠിനമായ അധ്വാനം. അതിനുള്ള പ്രതിഫലം കലണ്ടറില്‍ 2000 എന്നു രേഖപ്പെടുത്തിയ ശേഷമാണു കിട്ടിയത്. അതിനു മുന്‍പ് പൊതുവെ മലയാളികളെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് മേഖലയില്‍ ഒതുങ്ങിയിരുന്നു വിദേശം. കഠിനാധ്വാനികളുടെ കടന്നു വരവ് യുകെയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം വിപുലമാക്കി. പില്‍ക്കാലത്ത് മലയാളികളുടെ ശക്തി പ്രകടനമായിരുന്നു ബ്രിട്ടനിലെ വികസനത്തിന്റെ ഓരോ മേഖലയിലും.
എല്ലാം തകര്‍ത്ത് എറിയുകയാണ് വൈറസ് വ്യാപനം. മരുന്നില്ലെന്നു പറയുമ്പോള്‍ രോഗം ജയിച്ചു, മനുഷ്യന്‍ പരാജയപ്പെട്ടു, ശാസ്ത്രം മുട്ടുമടക്കി. ചന്ദ്രനില്‍ വെള്ളം ഉണ്ടോ എന്നു പരിശോധിക്കാന്‍ നമുക്ക് സാങ്കേതിക വിദ്യയുണ്ട്. മനുഷ്യരാശിയെ ബാധിച്ച ഇത്തിരിയോളമുള്ള വൈറസിനെ തടയാന്‍ സാങ്കേതിക വിദ്യക്കു കഴിയുന്നുമില്ല. ശാസ്ത്ര ഗവേഷണങ്ങള്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തെ അദ്ഭുതകരമായി വളര്‍ത്തി. അതിന്റെ ചിറകിലാണ് നമ്മള്‍ ജീവിതത്തില്‍ പുതുസ്വപ്‌നങ്ങള്‍ മെനയുന്നത് - തര്‍ക്കമില്ല. ഇപ്പോഴും കോടിക്കണക്കിന് രൂപ സങ്കേതിക രംഗത്ത് ഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നു. ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് - തീര്‍ച്ചയായും ഗവേഷണങ്ങള്‍ അതിന്റെ വഴിയില്‍ പുരോഗമിക്കട്ടെ. അതിനൊപ്പം ഇപ്പോഴുണ്ടായ വൈറസ് പോലെയുള്ള ഭീഷണിയെയും മുന്‍കൂട്ടി കാണണം. മനുഷ്യ ശരീരത്തിനു സംഭവിക്കുന്ന ജൈവികമായ ദോഷം മുന്നറിയിപ്പു നല്‍കാന്‍ കെല്‍പ്പുള്ള, മനുഷ്യരുടെ ജനിതക ഘടനയ്ക്ക് മാരമായേക്കാവുന്ന എന്തിനെയും തിരിച്ചറിയാന്‍ സെന്‍സുള്ള ഒരു പ്രതിരോധ കവചം സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തണം. ചന്ദ്രനില്‍ മനുഷ്യവാസം തുടങ്ങുന്നതിനു മുന്‍പ്, ചൊവ്വയില്‍ ജീവന്റെ തുടിപ്പ് തേടുന്നതിനു മുന്‍പ്, ഭൂമിയെ ഇല്ലാതാക്കാന്‍ തക്കവിധം ആയുധങ്ങള്‍ നിര്‍മിക്കുന്നതിനു മുന്‍പ് ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ ആയുസ്സിനു വേണ്ടിയാണ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടോ?
ഭൂമിയില്‍ വന്നു ചേര്‍ന്നതോ, അതോ മനുഷ്യ നിര്‍മിതമോ എന്നറിയാത്ത കോവിഡ് വൈറസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ പ്രത്യാഘാതം പ്രവചിക്കാന്‍ വയ്യ. മലേറിയ, പ്ലേഗ്, വസൂരി, നിപ്പ തുടങ്ങിയ വൈറസുകളെ അതിജീവിച്ചതു പോലെയല്ല കോവിഡ്. ഗുരുതരമായ രോഗങ്ങള്‍ക്കു ചികിത്സയില്‍ ഉള്ളവരെയും വൃദ്ധരെയും മരണത്തിലേക്ക് തള്ളിവിടുന്ന വൈറസാണ് കോവിഡ്. മനുഷ്യ ബന്ധങ്ങളുടെ വേരറുക്കുന്ന ശത്രു. അതിനു മരുന്നു കണ്ടെത്താന്‍ കഴിയുന്നില്ലെന്നു പറയുമ്പോള്‍ ശാസ്ത്രലോകത്തിന്റെ പരാജയം തന്നെയാണ് വ്യക്തമാകുന്നത്.
ജൈവായുധത്തെ കുറിച്ച് വിവരിക്കുന്ന സിനിമകളെ പോലെ നാം ജീവിക്കുന്ന സാഹചര്യത്തെ ആകുലപ്പെടുത്തുന്നു ഈ വിചാരം. ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭ, ഉച്ചകോടി നടത്തുന്ന രാഷ്ട്രങ്ങളുടേതായ ഐക്യം - ഇവയെല്ലാം ഇനിയെങ്കിലും ചിന്തിക്കേണ്ടത് മനുഷ്യന്റെ ജൈവികമായ സാഹചര്യങ്ങളെ കുറിച്ചാണ്. അണു ബോംബിനെയും മിസൈലുകളെയും മറികടന്നാണ് ലോകം ഈ നിലയില്‍ സുരക്ഷിതമായത്, സാമ്പത്തിക സുസ്ഥിരത നേടിയത്. സ്വയംഭൂവായതോ, സൃഷ്ടിക്കപ്പെട്ടതോ ആയ യാതൊന്നിനും ആ ശക്തിയെ തകര്‍ക്കാനുള്ള അവസരം നല്‍കരുത്. പുതുതലമുറയുടെ സുരക്ഷിതത്വത്തിന് ടെക്‌നോളജിയുടെ എല്ലാ സാധ്യതകളും വിനിയോഗിക്കണം. വൈറസിന്റെ ഉറവിടം കണ്ടെത്തണം. ഇനി മനുഷ്യരാശിയെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന ഏതൊരു ജൈവാക്രമണത്തിന്റെയും മുന്നറിയിപ്പ് നല്‍കാന്‍ കഴിയുംവിധം സാറ്റലൈറ്റ് സംവിധാനം ഒരുക്കണം.
ചന്ദ്രനിലും ചൊവ്വയിലും ജീവന്റെ തുടിപ്പു കണ്ടെത്താന്‍ ശതകോടികള്‍ മുടക്കുന്നതിനു മുന്‍പ് ഭൂമിയിലെ മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക. അതിനായി കുറച്ചു ലക്ഷങ്ങളെങ്കിലും മാറ്റിവയ്ക്കുക. |