അമേരിക്കയിലെ ചെറുകിട ബാങ്കുകള്‍ തകരുന്നു എന്നുള്ള റിപ്പോര്‍ട്ട് നിസ്സാരമായി തള്ളികളയരുത്. ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി ഇതിനെ വിലയിരുത്തണം. തകര്‍ച്ചയിലെത്തിയ ചെറുകിട ബാങ്കുകളെ കരകയറ്റാന്‍ ശ്രമം നടത്തിയ വലിയ ബാങ്കുകള്‍ വലിയ നഷ്ടത്തിലൂടെ ക്ഷീണത്തിലായി. അമേരിക്കയിലെ പ്രമുഖ ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവ മൂക്കു കുത്തി വീണു. സ്വിസ് ബാങ്കായ ക്രെഡിറ്റ് സൂയിസ് നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പതുക്കെപ്പതുക്കെ യൂറോപ്പിലെ ബാങ്കുകളുടെ കരുതല്‍ ശേഖരത്തിലും നഷ്ടത്തിന്റെ കണക്കുകള്‍ പ്രത്യക്ഷപ്പെടുന്നതായി ഇന്റര്‍നാഷണല്‍ ഇക്കോണമി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 2008ല്‍ ലോകം അഭിമുഖീകരിച്ച ഫിനാല്‍ഷ്യല്‍ മെല്‍ട്ട് ഡൗണ്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവച്ചിട്ടുള്ളത്. അതായത്, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മുന്നിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്.
രാജ്യാന്തര ബാങ്കിങ് പ്രതിസന്ധികള്‍ 'സുരക്ഷിത'നിക്ഷേപ മാര്‍ഗമായ സ്വര്‍ണത്തിന് വന്‍ കുതിപ്പ് നല്‍കി. വെള്ളിയാഴ്ച ബോണ്ട് യീല്‍ഡ് വീണതിനെ തുടര്‍ന്ന് സ്വര്‍ണം 19993 ഡോളറിലേക്ക് കുതിച്ചു കയറി. അമേരിക്കന്‍ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 3.43%ലേക്ക് വീണു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില 43000 കടന്നു.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് റീഫിനാന്‍സിങ് നിരക്ക് ശതമാനം ഉയര്‍ത്തി 3.50%ല്‍ എത്തിച്ചതിനാല്‍ അമേരിക്കന്‍ ഫെഡ് റിസര്‍വും പലിശ നിരക്ക് ഇത്തവണ 0.25% ഉയര്‍ത്തുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. എന്നാല്‍ ജെറോം പവല്‍ മുന്‍പ് പ്രതിപാദിച്ചിരുന്നത് പോലെ ഫെഡ് നിരക്ക് 0.50% ഉയര്‍ത്തിയാല്‍ സാമ്പത്തിക മാന്ദ്യം കൂടുതല്‍ വേഗത്തിലെത്തിയേക്കാമെന്നും, ബാങ്കുകള്‍ കൂടുതല്‍ വേഗത്തില്‍ പരാജയപ്പെട്ടേക്കാമെന്നും വിപണി ഭയക്കുന്നു. എന്നാല്‍ ഇസിബി തുടര്‍ നിരക്ക് ഉയര്‍ത്തലിനെക്കുറിച്ച് പ്രതിപാദിക്കാതിരുന്നത്.
തകര്‍ന്ന അമേരിക്കന്‍ ബാങ്കുകളേക്കാള്‍ ക്രെഡിറ്റ് സ്യൂയിസിന് ആഗോള തലത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ശാഖകളുള്ളത് പ്രതിസന്ധി വ്യാപിക്കുവാന്‍ ഇടയാക്കിയേക്കും. അതുപോലെ പല വന്‍കിട ബിസിനസ് മേഖലകളിലും ക്രെഡിറ്റ് സ്യൂയിസിന് ആഗോളതലത്തില്‍ തന്നെ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ ക്രെഡിറ്റ് സ്യൂയിസ് ബാങ്കിലെ പ്രധാനിയായ നീലാകാന്ത് മിശ്ര അതില്‍ നിന്നും രാജി വെച്ച് ആക്‌സിസ് ബാങ്കില്‍ ചേര്‍ന്നതും ഇന്നത്തെ ചൂടേറിയ വാര്‍ത്തയാണ്. ക്രെഡിറ്റ് സ്യൂസിന്റെ ഓഹരിവില അഞ്ചു ദിവസത്തില്‍ 35 ശതമാനവും, ഒരു വര്‍ഷത്തില്‍ 76 ശതമാനവുമാണ് ഇടിഞ്ഞിരിക്കുന്നത്.
2008 ലെ ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ച മുന്‍കൂട്ടി പ്രവചിച്ച റോബര്‍ട്ട് കിയോസാക്കി അടുത്തതായി ക്രെഡിറ്റ് സ്യൂയിസ് തകരുമെന്ന് പ്രവചിച്ചിരിക്കുന്നതും ബാങ്കിങ് മേഖലയിലെ ആശങ്കകള്‍ കൂട്ടുകയാണ്. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ നേരിട്ട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും, ക്രെഡിറ്റ് സ്യൂയിസ് പ്രതിസന്ധി യൂറോപ്യന്‍ ബാങ്കുകളെ കടുത്ത പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഭയത്തോടെ ചൂണ്ടിക്കാട്ടുന്ന വെല്ലുവിളി. |