ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് കോവിഡ് 19 പകര്‍ത്തുന്ന കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ലോകം നിശ്ചലമായ കഴിഞ്ഞ ഒന്നര വര്‍ഷത്തെ വിലയിരുത്തുമ്പോള്‍ ഈ പ്രസ്താവന അക്ഷരം പ്രതി ശരി തന്നെ. മനുഷ്യരെ വൈറസില്‍ നിന്നു സുരക്ഷിതരാക്കാന്‍ ആരോഗ്യമേഖലയിലെ ഓരോരുത്തരും യുദ്ധത്തിലെന്ന പോലെ പോരാടുന്നു. എന്നിട്ടും, അവസാനിക്കാത്ത മഹാമാരി മരണം വിതയ്ക്കുന്നു. വാക്‌സീന്‍ കുത്തിവച്ച് മരണത്തില്‍ നിന്നു രക്ഷനേടുകയല്ലാതെ കോവിഡിന് 2021 ജൂണ്‍ വരെ ഫലപ്രദമായ മറ്റൊരു മരുന്നും കണ്ടെത്തിയിട്ടില്ല. വൈറസ് പ്രതിരോധത്തിനു ശരീരത്തെ പാകപ്പെടുത്തുന്ന മരുന്നാണ് വാക്‌സീന്‍. ഈ തിരിച്ചറിവിനുള്ള ബോധവത്കരണം വിജയമല്ല എന്നതാണു വാസ്തവം.
വാക്‌സീന്‍ പൂര്‍ണമായും നടപ്പാക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. വാക്‌സിനേഷന്‍ നടത്തിയ ശേഷം മാസ്‌ക് ഉപേക്ഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതും ഓര്‍ക്കുക. എന്നാല്‍, ലോകത്തുള്ള മറ്റെല്ലാം രാജ്യങ്ങളും മുഖം മറയ്ക്കാതെ മറ്റൊരാളുടെ മുന്നില്‍ ചെല്ലാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഇനിയും വര്‍ഷങ്ങള്‍ താണ്ടേണ്ടി വരും. ഒന്നും രണ്ടും തരംഗത്തിന്റെ വ്യാപനം ലോക്ഡൗണിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചതു വിജയകരമെങ്കിലും മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വൈറസിന്റെ ഒന്നാം തരംഗം വൃദ്ധരേയും രണ്ടാം തരംഗം മുപ്പത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരേയും കൂടുതലായി ബാധിച്ചെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ രോഗികളായേക്കാം എന്നാണു കണക്കുകൂട്ടല്‍. രണ്ടു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ തുറന്നാല്‍ അതു സംഭവിക്കും. കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വികസിപ്പിക്കുകയും അതു വിജയകരമായി നടപ്പാക്കുകയും ചെയ്യാത്തതിനാല്‍ മരണസംഖ്യ ഭയാനകമായേക്കും എന്നുള്ള റിപ്പോര്‍ട്ടിനെ മുഖവിലയ്ക്ക് എടുക്കേണ്ടതുണ്ട്.
വാക്‌സീന്‍ ലഭ്യതയാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നം. നൂറ്റി മുപ്പതു കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ ജൂണ്‍ 2021 വരെ ഒരു കോടി പേര്‍ക്കു മാത്രമേ വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളൂ. ജൂലൈ 15 ആകുമ്പോഴേയ്ക്കും അന്‍പത്തഞ്ചിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്തുമെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യാഥാര്‍ഥ്യ ബോധത്തോടെയുള്ള ഈ നീക്കം അഭിനന്ദനാര്‍ഹം. അതേസമയം, മൂന്നേ മുക്കാല്‍ കോടി ജനങ്ങളെയും വാക്‌സിനേഷനിലൂടെ സുരക്ഷിതരാക്കുക എന്ന വലിയ ലക്ഷ്യം നേടിയാല്‍ മാത്രമേ വാക്‌സിനേഷന്‍ നടത്തിയവരും പൂര്‍ണമായും സുരക്ഷിതരാകുന്നുള്ളൂ.
ലോകത്ത് ഇതുവരെ കോവിഡിനെ പ്രതിരോധിക്കാന്‍ നല്‍കിയത് 200 കോടി ഡോസ് വാക്സീന്‍ ആണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതില്‍ 60 ശതമാനത്തിലേറെ വാക്‌സീന്‍ ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് നല്‍കിയതെന്ന് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ മൂന്നു രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 40 ശതമാനവും. ജൂണ്‍ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്‌സീന്‍ ചൈനയില്‍ ജനങ്ങള്‍ക്ക് നല്‍കി. യുഎസില്‍ വാക്‌സിനേഷന്‍ 29.7 കോടി ഡോസും ഇന്ത്യയില്‍ 21.6 കോടിയിലേറെ ഡോസ് വാക്‌സിനും ഇതുവരെ നല്‍കിയിട്ടുണ്ട്. കോവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്.
സ്വകാര്യ മേഖലയ്ക്ക് നേരിട്ട് വാക്‌സീന്‍ വാങ്ങാനുള്ള സൗകര്യം ഒരുങ്ങിയതിലൂടെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കുള്ള മരുന്നു നേരിട്ടു വാങ്ങി വാക്‌സിനേഷന്‍ നടത്തുന്നുണ്ട്. അതേസമയം പൊതു മേഖലയില്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ പണം ഉള്ളവര്‍ വാക്‌സിന്‍ വാങ്ങിക്കൂട്ടുകയും സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്കു മരുന്നു കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരം പ്രതിസന്ധികള്‍ക്കു സാധ്യത ഏറെയാണ്.
സംസ്ഥാനത്ത് വാക്സിന്‍ ഗവേഷണം തുടങ്ങുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കും. അതിനായി 1000 കോടി രൂപ മാറ്റിവയ്ക്കുന്നതായും വാക്സിനായി എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സൗജന്യമായി വാക്സിന്‍ നല്‍കാന്‍ 1000 കോടിയാണ് വകയിരുത്തിയതെങ്കിലും അധികം വരുന്ന തുക സര്‍ക്കാര്‍ വഹിക്കും. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. |