ഇന്ത്യന്‍ വംശജനായ സുനകിന്റെ നാമനിര്‍ദ്ദേശം യുകെയിലെയും പ്രത്യേകിച്ച് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെയും ഇന്ത്യന്‍ വംശജരുടെമുന്‍കാല ചരിത്രത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് . വിജയിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും ഋഷി സുനക്.
അതേസമയം, ഋഷിക്ക് പുറമെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും 2020-ല്‍ ബ്രിട്ടന്‍ പാര്‍ലമെന്റിലെത്തിയ ഇന്ത്യന്‍ വംശജയാണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ആദ്യ ഇന്ത്യക്കാര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദരിദ്രരായ നാവികരായിരുന്നുവെന്ന് അമേരിക്കന്‍ ചരിത്രകാരനായ റിച്ചാര്‍ഡ് ടി ഷാഫറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിന്നീട് ആദ്യകാല കുടിയേറ്റക്കാരുടെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ വ്യാപാരികള്‍, പ്രധാനമായും ബോംബെയിലെ ഗുജറാത്തികളും പാഴ്‌സികളും, തെക്ക് നിന്നുള്ള ചെട്ടിയാര്‍ വിഭാഗക്കാരും ആയിരുന്നു. ഇതിനെതുടര്‍ന്ന്, ലോകമഹായുദ്ധത്തില്‍ പോരാടുന്നതിന് ഒരു കൂട്ടം ഇന്ത്യന്‍ സൈനികരെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. അവരില്‍ 20 ശതമാനവും സിഖുകാരായിരുന്നു.
അതേസമയം, യുകെയിലെ ഇന്ത്യന്‍ കുടിയേറ്റം രണ്ട് സുപ്രധാന ഘട്ടങ്ങളിലായാണ് നടന്നതെന്ന് ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആദ്യത്തേത് 1940-കളുടെ അവസാനത്തിലും 50-കളിലുമായിട്ടാണ് നടന്നത്. ഈ കാലഘട്ടത്തില്‍ യുകെയില്‍ തൊഴിലാളികളുടെ ക്ഷാമം നികത്താന്‍ ഇന്ത്യയില്‍ നിന്ന് കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ബ്രിട്ടനിലെ വംശീയ വിരുദ്ധ, തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.
60 കളിലും 70 കളുമാണ് കുടിയേറ്റത്തിന്റെ രണ്ടാംഘട്ടമായി കണക്കാക്കുന്നത്. ഈ കാലഘട്ടത്തില്‍ ഉഗാണ്ട, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജരായ 'രണ്ടാം കിട കുടിയേറ്റക്കാര്‍' എന്ന് അറിയപ്പെടുന്നവരാണ് യുകെയിലേക്ക് എത്തിയത്. ഈ കുടിയേറ്റക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സമ്പന്നരായ വ്യാപാരി വിഭാഗത്തില്‍ പെട്ടവരായിരുന്നു. മാത്രമല്ല ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം മാത്രം ഉണ്ടായിരുന്ന ഇവര്‍ രാജ്യങ്ങളുടെ സ്വകാര്യ കാര്‍ഷികേതര ആസ്തികളില്‍ വലിയൊരു പങ്കും സ്വന്തമാക്കിയിരുന്നു. അതിനാല്‍ തന്നെ അവര്‍ യുകെയിലേക്ക് കുടിയേറിയ സമയത്ത് വലിയ അളവില്‍ സമ്പത്തും കൊണ്ടുവന്നിരുന്നു. സുനക്, പട്ടേല്‍, അറ്റോര്‍ണി ജനറല്‍ സുല്ല ബ്രാവര്‍മാന്‍ എന്നിവര്‍ ഈ കുടിയേറ്റക്കാരുടെ പിന്‍ഗാമികളാണ്.
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ ഇന്ത്യക്കാരന്‍ ദാദാഭായ് നവറോജി ആയിരുന്നു. വെള്ളക്കാരനല്ലാത്ത ആദ്യ പാര്‍ലമെന്റംഗം കൂടിയായ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത്, ആക്ടിവിസ്റ്റുകളായ ലാല്‍ മോഹന്‍ ഘോഷും മാഡം ഭിക്കാജി കാമയും ബ്രിട്ടീഷ് നയങ്ങളിലും ഇന്ത്യയില്‍ നില നിന്ന ഭരണത്തിലും പ്രതിഷേധിച്ച് നിരവധി പ്രചരണങ്ങളും നടത്തിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് എത്താന്‍ തുടങ്ങിയത് 60 കളിലും 70 കളിലും നടന്ന കുടിയേറ്റത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ എത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ വംശജരായ പൗരന്മാരുടെ രാഷ്ട്രീയ സ്വാധീനം കൂടാതെ കുടിയേറ്റക്കാര്‍ക്ക് യുകെയിലുള്ള വോട്ടുകള്‍ എന്നിവയാണ് ഇതിന് പിന്നിലെ കാരണമായി പറയുന്നത്.
2015ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം 615,000 ആയിരുന്നെന്നും ഇതില്‍ 95 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ചരിത്രത്തെ പിന്‍തുടര്‍ന്ന് യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള സുനകാണ് ഇന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ഈ സാഹചര്യത്തില്‍ ഇതിന് വഴിയൊരുക്കിയ മറ്റ് പ്രമുഖ ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ആരൊക്കെയെന്ന് നോക്കാം.
സര്‍ മഞ്ചര്‍ജി മെര്‍വാന്‍ജി ഭൗനാഗ്രി: 1900-കളുടെ തുടക്കത്തില്‍ പാര്‍സി വംശജനായ അദ്ദേഹം ദാദാഭായ് നവറോജിയോടൊപ്പം പാര്‍ലമെന്റ് അംഗവും (എംപി) ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അംഗവുമായിരുന്നു. എന്നാല്‍, ഭൗനാഗ്രി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പിന്തുണക്കുകയും ഹോം റൂള്‍ പ്രചാരകരെ എതിര്‍ക്കുകയും ചെയ്തിരുന്നു.
ഷാപൂര്‍ജി സക്ലത്വാല: 1909 മുതല്‍ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ബ്രിട്ടീഷ് രാഷ്ട്രീയക്കാരനുമായിരുന്നു. യുകെ ലേബര്‍ പാര്‍ട്ടിയുടെ കീഴില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ (എംപി) ആദ്യ വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപിയായി സേവനമനുഷ്ഠിച്ച ചുരുക്കം ചില അംഗങ്ങളില്‍ ഒരാളു കൂടിയായിരുന്നു അദ്ദേഹം.
സത്യേന്ദ്ര പ്രസന്ന സിന്‍ഹ: ബീഹാറിലെയും ഒറീസയിലെയും ആദ്യ ഗവര്‍ണര്‍, ബംഗാളിലെ ആദ്യ ഇന്ത്യന്‍ അഡ്വക്കേറ്റ് ജനറല്‍, വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായ ആദ്യ ഇന്ത്യക്കാരന്‍, 1919-ല്‍ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ അംഗമായ ആദ്യ ഇന്ത്യക്കാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട വ്യക്തിയാണ് സിന്‍ഹ.
രഹസ്യ റൂഡി നാരായണന്‍: 1950-കളില്‍ ഗയാനയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ പൗരാവകാശ അഭിഭാഷകനായിരുന്നു നാരായണ്‍. ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും എതിരായ പോലീസ് അതിക്രമങ്ങളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കേസുകള്‍. |