Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കള നീക്കി വിളയൊരുക്കാന്‍ റിഷി: സംശയിക്കേണ്ട, പ്രധാനമന്ത്രി തിളങ്ങും
Text by: EDITOR @ UKMALAYALAMPATHRAM
ലോകത്തുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ലഭിക്കാവുന്ന മധുരമുള്ള ദീപാവലി സമ്മാനം, ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റിരിക്കുന്നു. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിനും റിഷിയുടെ ഈ സ്ഥാനലബ്ധി ദീപാവലി ദിനത്തില്‍ ഇരട്ടി മധുരമാണ്.
സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാനലക്ഷ്യം. കടുത്ത തീരുമാനങ്ങള്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കാമെന്നും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം റിഷി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിനും സുനക് നന്ദിയറിയിച്ചു. അവരുടെ തീരുമാനങ്ങള്‍ തെറ്റായിരുന്നില്ല. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നല്ല ഉദ്ദേശം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മാറ്റമുണ്ടാക്കാനുള്ള വിശ്രമമില്ലാത്ത അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും സുനക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കള നീക്കിയ ശേഷം വിള സംരക്ഷിക്കുന്ന തന്ത്രം റിഷി പയറ്റുകയാണ്. മന്ത്രിസഭയ്ക്ക് ഇളക്കം തട്ടിക്കാന്‍ സാധ്യതയുള്ള മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. വാണിജ്യ-ഊര്‍ജ്ജ മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാന്‍ഡന്‍ ലെവിസ്, വികസന മന്ത്രി വിക്കി ഫോര്‍ഡ്, തൊഴില്‍ പെന്‍ഷന്‍ മന്ത്രി ക്ലോ സ്മിത് എന്നിവരോട് രാജി വെയ്ക്കാന്‍ ഋഷി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ജേക്കബ് റീസ് മോഗ്, ബ്രാന്‍ഡന്‍ ലെവിസ്, ക്ലോ സ്മിത് എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ധനമന്ത്രിയായി ജെറെമി ഹണ്ട് തുടര്‍ന്നേക്കുമെന്നാണ് വിവരം.
ഇതിനിടെ, റിഷിക്ക് എതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ആദ്യമായി ഒരു ഏഷ്യാക്കാരന്‍ എത്തിയത് ബ്രിട്ടിഷ് മാധ്യമങ്ങള്‍ക്കു സഹിക്കാനായില്ല. അവര്‍ അസഹിഷ്ണുത തുറന്നു പ്രകടിപ്പിച്ചു. മുന്‍ മത്സരങ്ങളില്‍ സുനാകിന്റെ മുന്നേറ്റം തടഞ്ഞ മാധ്യമങ്ങള്‍ക്ക് ഇക്കുറി ഒന്നും ചെയ്യാനായിരുന്നില്ല. അതുകൊണ്ട് തന്നെ നിശിതമായി വിമര്‍ശിക്കാനാണ് ഒരുകൂട്ടം മാധ്യമങ്ങള്‍ തയ്യാറായത്.

'നമ്മുടെ പുതിയ (തെരഞ്ഞെടുക്കപ്പെടാത്ത) പ്രധാനമന്ത്രി എന്നാണ് മിറര്‍ പത്രം പരിഹാസത്തോടൊപ്പം ചേര്‍ത്ത വിമര്‍ശനത്തിനായി മുന്‍പേജില്‍ തലക്കെട്ട് നല്‍കിയത്. ഇതോടെ 'ആരാണ് തനിക്ക് വോട്ട് ചെയ്തത്' ? എന്നൊരു ചോദ്യവും മിറര്‍ ഉന്നയിക്കുന്നു. റിഷിയെ പരിഹസിച്ച് നിരവധി ട്രോളുകളും ഇറങ്ങുന്നുണ്ട്. റിഷി കയ്യില്‍ കെട്ടിയ ചരടുകള്‍ പോലും ട്രോളുകളായി മാറിയിട്ടുണ്ട്.

ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തിയ ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയായതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുകയാണ്.

ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ഋഷി സുനകിനെ ചാള്‍സ് മൂന്നാമന്‍ രാജാവാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. ഈ വര്‍ഷം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസ് രാജിവെച്ചിരുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴിതുറന്നത്. അടുത്ത രണ്ടു വര്‍ഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനില്‍ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
 
Other News in this category

 
 




 
Close Window