എന്തു തത്വം വിശദീകരിച്ചാണ് മിസ്റ്റര്‍ ബോറിസ് ജോണ്‍സണ്‍ നിങ്ങള്‍ നാളെ ജനങ്ങളുടെ മുഖത്തു നോക്കുക? ഇതിലും ഭേദം പ്രധാനമന്ത്രിയുടെ കസേരയില്‍ നിന്ന് ഇറങ്ങി വേറെ വല്ല ജോലിക്കും പോകുന്നതാണ്. മിസ്റ്റര്‍ ബോറിസ്, നിങ്ങള്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഭാരവാഹിയല്ല. ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക്കി ഭാഗമായി യുണൈറ്റഡ് കിങ്ഡത്തിന്റെ പ്രധാനമന്ത്രിയാണ്. മാപ്പു പറയുമ്പോള്‍ നിങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം എന്തെന്ന് നിങ്ങള്‍ എത്ര തവണ ആലോചിച്ചു? പ്രധാനമന്ത്രിയായി ചുമതല ഏല്‍ക്കുമ്പോള്‍ നിങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത് ഓര്‍മയുണ്ടോ?
ലോകം മുച്ചൂടും കീഴടക്കിയിട്ടും കൊതി തീരാതെ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അധികാര കാലത്ത് ഉദ്യോഗസ്ഥര്‍ നെഞ്ചില്‍ കൊണ്ടു നടന്ന തത്വം സ്വന്തം രാജ്യത്തെ ജനങ്ങളെ വഞ്ചിക്കില്ല എന്നതായിരുന്നു. അവരുടെ ജീവന്‍ കാത്തു രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ടാലും അധ്വാനിക്കും എന്നായിരുന്നു. അതെല്ലാം പഴങ്കഥയെന്നു വിധിയെഴുതി താങ്കള്‍ എന്താണു ചെയ്തത്? ജനങ്ങള്‍ മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ കുടിച്ച് കൂത്താടി ഉന്മാദ നൃത്തം ചവിട്ടാനുള്ള ലൈസന്‍സാണ് അധികാരമെന്നു തെറ്റിദ്ധരിച്ച ഭരണാധികാരിയാണു നിങ്ങള്‍ - മിസ്റ്റര്‍ ബോറിസ്.
മാരകമായ രോഗം ലോകത്തെ വേട്ടയാടുമ്പോള്‍ നിങ്ങള്‍ മദ്യപിച്ച് ഉല്ലസിച്ചു. അഥവാ, നിങ്ങള്‍ അന്നു കുടിച്ചിരുന്നില്ലെങ്കില്‍ തോന്നിവാസത്തിനു കൂട്ടു നിന്നത് രാജ്യത്തോടുള്ള വഞ്ചനയാണ്. മിസ്റ്റര്‍ ബോറിസ്, നിങ്ങള്‍ രാജിവച്ച് പുറത്തു പോകുന്നതായിരുന്നു ഇതിനെക്കാള്‍ ഉചിതം. യുവാക്കള്‍ നിങ്ങളെ നാളെ തെരുവില്‍ പുച്ഛിക്കും. നിങ്ങള്‍ പുറത്തിറക്കുന്ന ഓര്‍ഡറുകളുമായി എത്തുന്ന പോലീസുകാരെ ജനം പരിഹസിക്കും. നിങ്ങള്‍ അറിയുക, മിസ്റ്റര്‍ ബോറിസ് ഇനി ഒരു നിമിഷം പോലും പ്രധാനമന്ത്രിയുടെ കസേര അലങ്കരിക്കാന്‍ താങ്കള്‍ യോഗ്യനല്ല.
വാര്‍ത്ത:
ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടിയില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്‌തെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പാര്‍ട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ ക്ഷമ പറഞ്ഞത്. ബോറിസ് ജോണ്‍സണും ഓഫീസിനും ?ഗുരുതരമായ തെറ്റുപറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ രാജിയില്ലെന്ന് ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടേത് നാണംകെട്ട നിലപാടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.
2020 മേയ് മാസത്തില്‍ ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും വിരുന്നുകള്‍ നടന്നിട്ടുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എല്ലാവരും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചപ്പോള്‍ പ്രധാനമന്ത്രി സ്വന്തം വസതിയില്‍ മദ്യസല്‍ക്കാരം നല്‍കിയെന്നും മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ബോറിസ് ജോണ്‍സണെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അതിനിടെയാണ് 2021 ഏപ്രില്‍ 16 നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രണ്ടു മദ്യസല്‍ക്കാരം നടന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്. |