Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ആവേശം എന്നും നിലനില്‍ക്കട്ടെ
reporter

തെരഞ്ഞെടുപ്പു കഴിഞ്ഞ് റിസല്‍ട്ടറിയാന്‍ മലയാളികള്‍ പിന്നെയും മുപ്പതു ദിവസത്തോളം കാത്തിരിക്കണം. ആവേശോജ്വലമായ പ്രചാരണത്തിന്റെ ആഘോഷം അവസാനിച്ചാലും പിന്നെയുള്ള കാത്തിരിപ്പിന് നീളം കൂടും. ഈ ആവേശം അടുത്ത അഞ്ചാണ്ടുകളില്‍ നില നിന്നിരുന്നെങ്കില്‍ ഇന്ത്യാരാജ്യം കുറേക്കൂടി ശക്തിപ്പെടുമായിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും കുടിവെള്ളക്ഷാമവുമൊക്കെ ഒരു പരിധിവരെ പരിഹരിക്കപ്പെടുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലും, അതോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും അവസാനിക്കരുത് ലക്ഷ്യങ്ങള്‍. അതേസമയം, വോട്ടെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും സുരക്ഷിതമായിരിക്കണം. ഒരു പൊതുതെരഞ്ഞെടുപ്പു നേരിടുമ്പോഴുണ്ടാകാവുന്ന വിഷയങ്ങളേറെയുണ്ട്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിമുഖീകരിക്കാന്‍ പ്രശ്‌നങ്ങളുമുണ്ടാവും. എല്ലാം പക്വതയോടെയും വികാരത്തിനപ്പുറമുള്ള വിവേകത്തോടെയും സമാധാനത്തോടെയും നേരിടാനാവട്ടെ നമുക്ക്. പിന്നീടു വരുന്ന ഘട്ടങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്കും നേതാക്കള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ മാതൃക സൃഷ്ടിക്കാന്‍ കഴിയണം ഇക്കാലമത്രയും ഇതിനു സാധിച്ചിട്ടുള്ള മലയാളികള്‍ക്ക് ഇക്കുറിയും. പ്രചാരണ പ്രവര്‍ത്തനങ്ങളിലായാലും ചട്ടങ്ങള്‍ പാലിക്കുന്നതിലായാലും വോട്ടിങ് ശതമാനത്തിലായാലും വോട്ടെടുപ്പ് ക്രമീകരണങ്ങളിലായാലുമെല്ലാം കേരളത്തിന്റെ ഔന്നത്യം തെളിയിക്കണം ഈ പോളിങ്. നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാഹചര്യമില്ലെന്ന് ഏതെങ്കിലും പ്രദേശത്തു നിന്നു പരാതി ലഭിച്ചാല്‍ പ്രശ്‌നബാധിതമായി കണ്ട് പൊലീസ് അവിടെ സുരക്ഷിതമായ വോട്ടെടുപ്പിനു സാഹചര്യമൊരുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍. ഇത്തരം പ്രശ്‌നബാധിത മേഖലകള്‍ നമുക്കു ഭൂഷണമല്ല. ഏതു നിലയിലും ഉന്നത നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന നമുക്ക് സ്വതന്ത്രവും സത്യസന്ധവുമായ വോട്ടിങ് സ്വയം ഉറപ്പുവരുത്താം. കരുത്തുറ്റ ജനാധിപത്യത്തിനു വിപുലമായ ജനപങ്കാളിത്തം എന്നതാണ് കമ്മിഷന്റെ പ്രചാരണം. ഇതിലൂടെ പരമാവധി പേരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും കമ്മിഷനു കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് ശതമാനം വര്‍ധിച്ചുവന്നത് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്നതിന്റെ തെളിവാണ്. ഒപ്പം ജനങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉറച്ചുവിശ്വസിക്കുന്നതിന്റെ നേര്‍സാക്ഷ്യവും. ധാര്‍മികമായ വോട്ടിങ് ഈ തെരഞ്ഞെടുപ്പില്‍ കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. നമ്മുടെ ഉന്നതമായ ജനാധിപത്യ പാരമ്പര്യം പിന്തുടരുക തന്നെ വേണം. സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പ് ഭരണഘടനാ ബാധ്യതയാണ്. പ്രവര്‍ത്തനങ്ങളില്‍ അവസര സമത്വം ഉറപ്പാക്കണം. എതിരാളികളെ വ്യക്തിപരമായി തേജോവധം ചെയ്തും നിയന്ത്രണങ്ങളെല്ലാം മറികടക്കുന്ന പണക്കൊഴുപ്പില്‍ ആറാടിയും വളഞ്ഞ വഴികളിലൂടെ സമ്മാനങ്ങള്‍ വിതരണം ചെയ്തും നേടിയെടുക്കുന്ന വിജയങ്ങളില്‍ ധാര്‍മികതയുടെ അംശം പോലുമുണ്ടാവില്ല. ഇതിനെല്ലാം വശംവദരായി സമ്മതിദാനം നിര്‍വഹിക്കുന്നതും നമ്മില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉദാത്തമായ കടമ മറക്കുന്നതിനു തുല്യമാണ്. ഇത്തരം പ്രലോഭനങ്ങള്‍ക്ക് അടിപ്പെടുന്നവരല്ല കേരള ജനതയെന്ന് ഇനിയും തെളിയിച്ചുകൊണ്ടിരിക്കണം നമുക്ക്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയുമുണ്ട് അവസരം. തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പേരുചേര്‍ക്കാം. താലൂക്ക് ഓഫിസിലോ വില്ലെജ് ഓഫിസിലോ അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കമ്മിഷന്റെ വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. താലൂക്ക് ഓഫിസുകളിലും കലക്റ്ററേറ്റുകളിലും സ്ഥാപിച്ചിരിക്കുന്ന ടച്ച് സ്‌ക്രീന്‍ സംവിധാനവും ഉപയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്താന്‍ എസ്എംഎസ്, ടോള്‍ ഫ്രീ നമ്പര്‍ തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ബ്ലോക്ക് ലെവല്‍ ബൂത്ത് ഓഫിസര്‍മാര്‍ വഴിയും താലൂക്ക്, വില്ലെജ് ഓഫിസുകള്‍ വഴിയും നേരിട്ട് വോട്ടര്‍പട്ടിക പരിശോധിക്കാനുമാവും. ഓരോ വോട്ടും ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കും.

 
Other News in this category

 
 




 
Close Window