Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കള്ളപ്പണം കണ്ടുപിടിക്കണം, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കണം
reporter
ഒരു രാജ്യത്ത് എല്ലാവരും വഴിവിട്ടു പണം സമ്പാദിച്ചു തുടങ്ങിയാല്‍ ആ രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ പൊളിയും. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാറ്റിനും വില കൂട്ടി ഭരണചക്രം തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഇന്ത്യയുടെ സാമ്പത്തിക ശക്തിക്ക് വലിയ വെല്ലുവിളിയാണ് കള്ളപ്പണക്കാര്‍ സൃഷ്ടിച്ചിട്ടുള്ളത്. ആദായ നികുതി വകുപ്പിനെ കബളിപ്പിച്ച് ശതകോടികളാണ് ഇന്ത്യയിലെ കുറച്ചാളുകള്‍ സ്വിസ് ബാങ്കില്‍ എത്തിച്ചിട്ടുള്ളത്. ഇവരെ കണ്ടെത്തി നിര്‍ബന്ധമായി കരം അടപ്പിക്കാനുള്ള നടപടി നരേന്ദ്രമോഡി കൈക്കൊള്ളുമെന്ന പ്രതീക്ഷയാണ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.
ബിജെപിയുടെ പ്രകടന പത്രികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ വിഷയം. ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണം കൊണ്ടുവന്ന് ഇന്നാട്ടിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് നരേന്ദ്ര മോദിയും വാഗ്ദാനം നല്‍കി. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം പിടിച്ചെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നതിനു പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും താന്‍ നല്‍കുന്ന വാഗ്ദാനം നിറവേറ്റാന്‍ ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് മുന്നൂറിലേറെ സീറ്റ് നല്‍കണമെന്നും പ്രചാരണ റാലികളില്‍ മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷവും എന്‍ഡിഎയ്ക്ക് മുന്നൂറിലേറെ സീറ്റും നല്‍കി ജനങ്ങള്‍. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാരിന്റെ ആദ്യ തീരുമാനം കള്ളപ്പണ വിഷയത്തിലാവുമ്പോള്‍ അതിനു പ്രസക്തിയേറെയുണ്ട്.

കള്ളപ്പണത്തിന്റെ കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമുണ്ടായി. രണ്ടുവര്‍ഷമായി കോടതിയിലുള്ള വിഷയമാണിത്. എത്രയും വേഗം അന്വേഷണം നടത്തണമെന്ന് ഒരാഴ്ച മുന്‍പ് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ഇന്ത്യക്കാരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനു കോടതി നല്‍കിയ സമയപരിധി ഒരാഴ്ചയാണ്. ഇതുകൂടി കണക്കിലെടുത്താണ് മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തങ്ങള്‍ ഇപ്പോള്‍ അധികാരമേറ്റതേയുള്ളൂ എന്നതടക്കം ഒഴിവുകള്‍ പറഞ്ഞ് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല എന്നതു ശ്രദ്ധേയമാണ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ടീം മോദി തയാറാവുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
രാഷ്ട്രീയ നേതാക്കളും കോര്‍പ്പറേറ്റ് രംഗത്തുള്ളവരുമെല്ലാം കാണാം വിദേശത്ത് കള്ളപ്പണം ഒളിച്ചുവച്ചിരിക്കുന്നവരില്‍. അവരെ പിടികൂടുകയെന്നതു സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും ഉയര്‍ത്തുകയും ചെയ്യാം. വിദേശ രാജ്യങ്ങളും അവിടുത്തെ ബാങ്കുകളുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. തങ്ങളുടെ രാജ്യത്തു നിക്ഷേപം നടത്തിയിരിക്കുന്നവരെ സംരക്ഷിക്കാന്‍ വിദേശ രാഷ്ട്രങ്ങള്‍ തുനിഞ്ഞെന്നു വരാം. ആ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളും പ്രതിസന്ധികള്‍ സൃഷ്ടിക്കാം. ഇതെല്ലാം പരിശോധിച്ചും പഠിച്ചും വേണം അന്വേഷണ നടപടികള്‍ തുടങ്ങാന്‍. വിദേശ രാജ്യങ്ങളുടെ സഹകരണം അനിവാര്യമാവും.

സുപ്രീം കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് എം.ബി. ഷാ അധ്യക്ഷനും ജസ്റ്റിസ് അരിജിത് പസായത് ഉപാധ്യക്ഷനുമായതാണ് പ്രത്യേക അന്വേഷണ സംഘം. റവന്യൂ സെക്രട്ടറി, സിബിഐ, ഐബി, റോ, ഇഡി ഡയറക്റ്റര്‍മാര്‍, സിബിഡിടി ചെയര്‍മാന്‍, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്നിവര്‍ സഹായത്തിനുണ്ടാവും. ഫലപ്രദമായ നീക്കങ്ങള്‍ക്കു കഴിയുന്നതാണ് അന്വേഷണ സംഘമെന്ന് ഇതില്‍നിന്നു തന്നെ വ്യക്തം. 15 വര്‍ഷം ഹൈക്കോടതി ജഡ്ജിയായും അഞ്ചു വര്‍ഷം സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ജസ്റ്റിസ് എം.ബി. ഷാ.

ആര്‍ക്കും ആരോടുമുള്ള വിരോധം തീര്‍ക്കലായത്തീരരുത് കള്ളപ്പണത്തിനെതിരേയുള്ള നീക്കം. രാഷ്ട്രത്തെ പറ്റിക്കാനുള്ള സാഹചര്യം ഒരുങ്ങരുത്. പൗരന്മാരാണെന്ന ബോധം വിട്ടുമാറി പ്രവര്‍ത്തിക്കുമ്പോള്‍ ഓരോരുത്തരും ചെയ്യുന്നത് രാജ്യദ്രോഹം തന്നെയാണ്. സീസറിനുള്ള പങ്ക് സീസറിനു തന്നെയെന്ന ചൊല്ല് ഇവിടെ പ്രസക്തം. അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ സ്വിസ് ബാങ്ക് അമേരിക്കക്കാരായ എല്ലാ ഇന്‍വെസ്റ്റര്‍മാരുടെയും വിവരം കൈമാറി. ഇന്ത്യയില്‍ നിന്ന് ആരൊക്കെ പണം നിക്ഷേപിച്ചിട്ടുണ്ടെന്നു ചോദിക്കുമ്പോള്‍ സ്വിസ് സര്‍ക്കാര്‍ നൂറുകണക്കിന് ന്യായങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. ഇടപാടുകാരുടെ രഹസ്യം കാത്തുസൂക്ഷിക്കണമെന്നു പറയുന്നു. അമേരിക്കയില്‍ നിന്നുള്ള ഇന്‍വെസ്റ്റര്‍മാരും ഇന്ത്യക്കാരും നിക്ഷേപിക്കുന്നത് ഒരേ ഫോര്‍മാലിറ്റികളോടെയാണ്. അപ്പോള്‍പ്പിന്നെ ഈ പറയുന്ന തടസങ്ങളെല്ലാം നട്ടാല്‍ കിളിര്‍ക്കാത്ത നുണയെന്നു പറയുന്നതിലെന്താണ് തെറ്റ്. സ്വിസ് സര്‍ക്കാരിനോടും അവരുടെ സാമ്പത്തിക ഭദ്രതയോടും ലോകത്തിനു ബഹുമാനമുണ്ട്. അതു തുടര്‍ന്നും നിലനില്‍ക്കണമെങ്കില്‍ മറ്റു രാഷ്ട്രങ്ങളുടെ അഖണ്ഡതയ്ക്കായി അവിടങ്ങളിലെ നേതാക്കളുമായി സഹകരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്നത് പ്രസക്തം. ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ആവശ്യമെന്നു കണ്ടാല്‍ ബിജെപിയുടെ പ്രധാന നേതാവുകൂടിയായ മോഡി സ്വിസ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലത്തി ഇന്ത്യയിലെ കള്ളപ്പണക്കാരെ പുറത്തു കൊണ്ടുവരും. ഓഹരി വിപണിയിലെ പ്രമുഖരെല്ലാം ഇക്കാര്യം വിശ്വസിക്കുന്നു.
 
Other News in this category

 
 




 
Close Window