Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
രാഷ്ട്രപിതാവിനെതിരേ പ്രസംഗിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം
reporter
സ്വതന്ത്ര ഇന്ത്യയുടെ ജീവാത്മാവാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന എം.കെ. ഗാന്ധി. ഗാന്ധിജി എന്ന വിശേഷണത്തിന്റെ ആദരവോടെ മാത്രമേ ഭാരതീയര്‍ രാഷ്ട്രപിതാവിന്റെ പേര് പറയാറുള്ളൂ. അതൊരു കീഴ്‌വഴക്കമല്ല. ജീവശ്വാസത്തിനൊപ്പം ചേര്‍ത്തുവച്ച ഒരു സഹോദരനു നല്‍കുന്ന അംഗീകാരമാണ്. ഇന്ത്യയില്‍ പിറന്നവരെ ഇക്കാര്യം ആരും ഓര്‍മിപ്പിക്കേണ്ടതില്ല. അതു മറക്കുകയോ മനപ്പൂര്‍വം അംഗീകരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍, എത്ര വലിയ വ്യക്തിത്വമാണെങ്കിലും അയാള്‍ രാജ്യവിരോധത്തിന്റെ കുപ്പായമണിയുകയാണ്. ബുദ്ധിവൈകല്യത്തോടുകൂടിയല്ലാതെ ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഇക്കാര്യത്തില്‍ ഐക്യം പ്രഖ്യാപിക്കും.
ആത്മാര്‍പ്പണത്തിലൂടെ സമൂഹത്തിനു നന്മ ചെയ്ത് അനശ്വരത നേടിയ ഏതൊരു വ്യക്തിയും ലോകത്തിനു മാതൃകയാണ്. ലോകം ബഹുമാനത്തോടെ അവരെ സ്മരിക്കുന്നു. ബുദ്ധിവികാസവും ഓര്‍മശക്തിയുമുള്ള മനുഷ്യര്‍ക്ക് ഇതിനപ്പുറം പെരുമാറാനാവില്ല. അഥവാ, അങ്ങനെയൊരാള്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ ചുറ്റുമുള്ളവര്‍ അമ്പരക്കും. ലോകം അവിടേയ്ക്ക് അറപ്പോടെയും രോഷത്തോടെയും ലജ്ജകലര്‍ന്ന അതിശയത്തോടെയും കാതോര്‍ക്കും. നെഗറ്റിവ് പബ്ലിസിറ്റിയെന്ന മേലങ്കിയണിയാന്‍ ഈ തോന്ന്യാസം മികച്ച മാര്‍ഗമാണെന്ന് പൂര്‍വികരായ മണ്ടശിരോമണികളില്‍ പലരും നേരത്തേ കാണിച്ചു തന്നിട്ടുണ്ട്. അവരുടെ പാതയിലേക്ക് ഇപ്പോള്‍ ഒരു എഴുത്തുകാരിയെ ചേര്‍ക്കേണ്ടി വന്നതില്‍ മലയാളികള്‍ ഖേദിക്കുന്നു.
മഹാത്മജിക്കെതിരേ അരുന്ധതി റോയി നടത്തിയ പ്രസംഗം അതിരുവിട്ടു. വിദ്യാഭ്യാസത്തിന്റെയും ലോകപരിചയത്തിന്റെയും ഉടയാടകള്‍ക്ക് മനസിന്റെ വൈകൃതം മറയ്ക്കാനാവില്ലെന്നാണ് അവര്‍ കാണിച്ചു തന്നത്. അരുന്ധതി റോയി എന്ന ബുക്കര്‍ സമ്മാന ജേത്രിയെക്കുറിച്ച് ഇങ്ങനെ എഴുതേണ്ടി വന്നതില്‍ ഖേദമുണ്ട്. അതേസമയം,
രാഷ്ട്രസ്രഷ്ടാവിന്റെ ശിരസിനു മീതെ ഉയരുന്ന കൈകള്‍ എത്രത്തോളം ശക്തിയുള്ളതാണെങ്കിലും ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് അതു തടയാതിരിക്കാനാവില്ല.
മഹാത്മാ ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രസംഗിച്ചതിനു ന്യായീകരണവുമായി അരുന്ധതീറോയി നിലനില്‍ക്കുന്നിടത്തോളം കാലം, അവരുടെ പേരിനോടു ചേര്‍ക്കാന്‍ നിലവാരംകുറഞ്ഞ വാക്കുകളും അനുയോജ്യം തന്നെ.
സാഹിത്യ ലോകത്ത് അരുന്ധതി റോയ് സമാരാധ്യയാണ്. അവരുടെ പ്രതിഭയെ അംഗീകരിക്കുന്നു. ബുക്കര്‍ സമ്മാനം ഇന്ത്യയിലെത്തിച്ചതിന് എഴുത്തുകാരിയെ അത്രത്തോളം ബഹുമാനിക്കുകയും ചെയ്യുന്നു. അതിനര്‍ഥം രാഷ്ട്രപിതാവിനു നേരെ വിരല്‍ചൂണ്ടാനുള്ള അധികാരം ഈ പേനയുന്തുകാരിക്ക് ഇന്ത്യയിലെ പൗരന്മാര്‍ നല്‍കിയെന്നാണോ...?
2008ല്‍ കശ്മീരിന്റെ പേരില്‍ അരുന്ധതി നടത്തിയ പരാമര്‍ശമാണ് ആദ്യം അവരെ ഇന്ത്യന്‍ സമൂഹം വെറുക്കാന്‍ കാരണമായത്. കശ്മീരിലെ ജനങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അന്ന് അരുന്ധതിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരേ, ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും അരുന്ധതിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഒന്നുചോദിക്കട്ടെ, കശ്മീര്‍ ജനതയുടെ അഭിപ്രായം പറയാന്‍ അരുന്ധതിയാര്...? അന്നത്തെ പ്രധാന ഭരണ കക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപിയും അവര്‍ക്കെതിരേ രംഗത്തു വന്നു. ഇന്ത്യാ വിരുദ്ധപ്രസ്താവന നടത്തിയതിന് അരുന്ധതിയെ വിചാരണ ചെയ്യണമെന്നുവരെ ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും കടുത്ത നടപടികളിലേക്കു സര്‍ക്കാര്‍ പോയില്ല. എന്തും പറയാനുള്ള ലൈസന്‍സ് കിട്ടിയെന്ന് അരുന്ധതി ഈ അവസരത്തില്‍ തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ മഹാത്മജിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അധികപ്രസംഗത്തിന് അവര്‍ മുതിര്‍ന്നത്.
അരുന്ധതി റോയിക്ക് നല്ലൊരു വായനക്കൂട്ടമുണ്ട് ഇന്ത്യയില്‍. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് മുതല്‍ ചെറിയ ലേഖനങ്ങള്‍ വരെ അരുന്ധതിയില്‍ നിന്നു വിജ്ഞാനം ഏറ്റുവാങ്ങുന്നവരാണ് അവര്‍. നര്‍മദ ബചാവോ ആന്ദോളനിലൂടെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരേ, മേധാ ഭട്കറുമായി അരുന്ധതി കൈകോര്‍ത്തു. പ്രകൃതി സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയ എഴുത്തുകാരി എന്ന നിലയിലും അരുന്ധതിയെ ഭാരതം അംഗീകരിച്ചു. ഇത്രയുമായപ്പോഴേയ്ക്കും അരുന്ധതിയുടെ ബുദ്ധിവികാസത്തിന്റെ അതിരുകള്‍ രാഷ്ട്രത്തിനു മീതെ വളര്‍ന്നോ...? അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.
മഹാത്മാവിനെക്കുറിച്ച് ഇത്രയും കാലം പറഞ്ഞു പഠിപ്പിച്ചതൊക്കെ നുണയാണെന്നു കണ്ടെത്തിയിരിക്കുന്നു അരുന്ധതി...! മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവായ അയ്യങ്കാളിയേയും മഹാത്മജിയെയും താരതമ്യം ചെയ്യാന്‍ മുതിര്‍ന്നു അരുന്ധതി. അയ്യങ്കാളിയും മഹാത്മജിയും മലയാളിക്ക് സൂര്യചന്ദന്മാരെപ്പോലെയാണ്. ഒരാള്‍ ചെറിയതും അടുത്തയാള്‍ വലുതെന്നും വേര്‍തിരിച്ചു ശീലിച്ചിട്ടില്ല ഇവിടെയുള്ളവര്‍. ഒരായിരം അരുന്ധതിമാര്‍ വിചാരിച്ചാലും ഇങ്ങനെയൊരു വിഘടനത്തിന് കഴിയുകയുമില്ല. അതല്ല, മഹാത്മജിയെ കുറ്റപ്പെടുത്തിയാല്‍ ചീപ്പ് പബ്ലിസിറ്റി കിട്ടുമെന്ന കുബുദ്ധിയാണ് മനസിലുദിച്ചതെങ്കില്‍ ഇവിടെ വച്ച് ആ മോഹം അവസാനിപ്പിക്കുക. അതിനുള്ള വിനയമെങ്കിലും പ്രകടിപ്പിക്കുക.
അറിവില്‍ നിന്നു നേടിയ അറിവില്ലായ്മയോടെ മൈക്കിനു മുന്നില്‍ സ്വയംചെറുതായ അരുന്ധതി റോയിക്കുള്ള ശിക്ഷ കോടതി വഴിപോലെ വിധിക്കട്ടെ. ഇന്ത്യയിലെ ഓരോരുത്തരുടെയും മനസാക്ഷിയുടെ കോടതിയില്‍ അരുന്ധതി റോയിക്കുള്ള ശിക്ഷ ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. പറഞ്ഞുപോയ അപരാധത്തിന് അരുന്ധതിയുടെ ഭാഗത്തു നിന്ന് ഒരു മാപ്പപേക്ഷയുണ്ടായാല്‍ പേരിനും പ്രശസ്തിക്കുമുണ്ടായ കരിനിറം അല്‍പ്പമെങ്കിലും മാഞ്ഞുകിട്ടും.
 
Other News in this category

 
 




 
Close Window