Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മദ്യനിരോധനം ആത്മാര്‍ഥമായി നടപ്പാക്കണം
reporter
കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയതിലൂടെ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ചരിത്രത്താളുകളില്‍ ഇടംനേടി. മദ്യമില്ലാത്ത കേരളം എന്ന സങ്കല്‍പ്പത്തിലേക്കുള്ള ധീരമായ ചുവടുവയ്പ്പ് അഭിനന്ദനാര്‍ഹം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിലൂടെ മദ്യപാനികളുടെ എണ്ണം കുറയുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെപ്പോലെ ജനങ്ങളും പ്രതീക്ഷിക്കുന്നു.
സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പ്രതിവര്‍ഷം പതിനായിരം കോടി രൂപയോളം വരുമാനമുണ്ടാക്കിയിരുന്ന ബാറുകള്‍ അടച്ചുപൂട്ടാനുള്ള ചങ്കൂറ്റം ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ചത് ദേശീയ നേതാക്കളെപ്പോലും അമ്പരപ്പിച്ചു. കോണ്‍ഗ്രസിലെ തന്നെ ഗ്രൂപ്പുകളിയുടെ മൂപ്പിളമത്തര്‍ക്കമാണ് ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലെത്താന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന ഘടകം അവിടെ നില്‍ക്കട്ടെ. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പിന് ആത്മാര്‍ഥതയോടെ പൂര്‍ണപിന്തുണ പ്രഖ്യാപിക്കാം. അതേസമയം, ഈ തീരുമാനം ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ചും, പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്.
മദ്യത്തിന് അടിമപ്പെട്ട്, ബിവറേജസ് ഷോപ്പ് തുറക്കുന്നതിനു മുമ്പേ ക്യൂ നില്‍ക്കുന്ന ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മദ്യമില്ലാതെ ജീവിക്കാനാവില്ലെന്ന സ്ഥിതിയിലെത്തിയ അവരെ ലഹരിമുക്തരാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കും...? ആദ്യം 418 ബാറുകള്‍, പിന്നീട് 312 ബാറുകള്‍ - ഇത്രയുമാണ് പൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും ബാറുകളിലെ ജീവനക്കാര്‍ക്ക് ഇനി എന്തു ജോലി നല്‍കും...? മദ്യം നിര്‍മിക്കുന്ന ഡിസ്റ്റിലറികളിലെ ജോലിക്കാരെ എവിടെ പുനരധിവസിപ്പിക്കും...? ബാറുകള്‍ മാത്രമേ പൂട്ടുന്നുള്ളൂ. ശേഷിക്കുന്ന ബിയര്‍ പാര്‍ലറുകളുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കും...?
കെപിസിസി പ്രസിഡന്റ് മുന്‍കൈയെടുത്ത് തുടങ്ങിവയ്ക്കുകയും, ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്ത മദ്യനിരോധനം കീറാമുട്ടി പ്രശ്‌നങ്ങളിലേക്കാണ് യുഡിഎഫ് ഗവണ്‍മെന്റിനെ നയിക്കുന്നത്. നൂറു കണക്കിനു ബിവറേജും അത്രത്തോളം ബാറുകളും ഉണ്ടായിട്ടും വ്യാജമദ്യം ഒഴുകുന്ന കേരളത്തില്‍ അംഗീകൃത മദ്യം കിട്ടാതായാലുള്ള അവസ്ഥ പ്രവചിക്കാന്‍ വയ്യ. ഏതു നിമിഷവും ഒരു മദ്യദുരന്തത്തിനുള്ള സാധ്യത മുന്നില്‍ കാണണം. നാഗാലാന്‍ഡ്, മണിപ്പൂര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഉദാഹരണം. മദ്യനിരോധനം നടപ്പാക്കിയ ശേഷം പ്രഖ്യാപനം പിന്‍വലിച്ച അമേരിക്ക മറ്റൊരു ദൃഷ്ടാന്തം.
സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞുകഴിഞ്ഞു. സ്പിരിറ്റ് കടത്തിനു നേതൃത്വം നല്‍കുന്നവരെയും അതിനു കൂട്ടുനില്‍ക്കുന്നവരെയും ഗുണ്ടാനിയമത്തിന്റെ പരിധിയില്‍പ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ആവശ്യമെങ്കില്‍ ഗുണ്ടാ- അബ്കാരി നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതൊക്കെ പ്രായോഗികമാണോ എന്നകാര്യം ചിന്തിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാനാണ് ബാര്‍ മുതലാളിമാരുടെ തീരുമാനം. ബിസിനസ് എന്ന നിലയില്‍ തുടങ്ങിവച്ച ബാറുകളുടെ കാര്യത്തില്‍ ഉടമകളുടെ ആശങ്ക നിയമപരമായി പരിഹരിക്കേണ്ടത് ആവശ്യം തന്നെ. അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ മറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബിയര്‍ പാര്‍ലറുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കള്ളുഷാപ്പുകളുടെ കാര്യവും വ്യക്തമല്ല. പുതിയ ബിയര്‍പാര്‍ലറുകള്‍ അനുവദിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ പൂട്ടിക്കിടക്കുന്ന ബാറുകള്‍ പലതും ബിയര്‍പാര്‍ലറുകളായി മാറും.
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ മദ്യാസക്തി വളര്‍ന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തെക്കാള്‍ മദ്യവര്‍ജ്ജനത്തിനുള്ള ബോധവത്കരണമാണ് പ്രായോഗികം. പതുക്കെപ്പതുക്കെ മദ്യലഭ്യത കുറയ്ക്കുകയും ചെയ്താല്‍ കാലക്രമേണ മദ്യാസക്തി കുറയും. ബോധവത്കരണം നടപ്പാക്കാത്തിടത്തോളം കാലം മദ്യപാനികളുടെ ആസക്തി കുറയില്ല. മദ്യത്തിന് അടിമപ്പെട്ടവര്‍ എങ്ങനെയും അതു കിട്ടാനുള്ള മാര്‍ഗങ്ങള്‍ തെരയും. വ്യാജവാറ്റും സ്പിരിറ്റ് കടത്തും വ്യാപകമാകാന്‍ ഇതു വഴിവയ്ക്കും. 'വീര്യംകൂടിയ' കള്ള് വിതരണം ചെയ്യുന്ന സാഹചര്യമൊരുങ്ങും.
ഓരോ വ്യക്തിയേയും സൂക്ഷ്മമായി നിരീക്ഷിച്ച് മദ്യപാനം തടയുക സാധ്യമല്ലെന്ന് അമേരിക്ക നേരത്തേ തിരിച്ചറിഞ്ഞു. മദ്യം നിരോധിച്ച ഇന്ത്യയിലെ സംസ്ഥാനങ്ങളും പിന്നീട് അതു മനസിലാക്കി. ഇത്രയും അനുഭവങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ടുവേണം മദ്യനിരോധനത്തിലേക്കു നീങ്ങാന്‍. ഏതായാലും പ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് ഇനി നിയമം നടപ്പാക്കലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബാധ്യത. ആത്മാര്‍ഥമായി യുഡിഎഫ് സര്‍ക്കാര്‍ അതു നടപ്പാക്കുമെന്നു പ്രതീക്ഷിക്കാം.
 
Other News in this category

 
 




 
Close Window