Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
സ്വാതന്ത്ര്യ സമരങ്ങളെ അടിച്ചൊതുക്കരുത്
editor

സ്‌കോട്‌ലന്‍ഡ് സ്വാതന്ത്ര്യം നേടുകയാണെങ്കില്‍ അനന്തരഫലങ്ങള്‍ ബ്രിട്ടിനില്‍ ഒതുങ്ങിനില്‍ക്കില്ല. സ്‌പെയിനിലെ കാറ്റലോണിയ, കാനഡയിലെ ക്യൂബെക്, ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ ദ്വീപായ കോര്‍സിക്ക എന്നിവയിലെ ജനങ്ങള്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല മുന്‍ഗാമിയാണ് സ്‌കോട്‌ലന്‍ഡ്. സ്‌കോട്‌ലന്‍ഡിലെ ജനങ്ങളുടെ സ്വാതന്ത്ര്യമോഹം വിജയിച്ചാല്‍ ഈ മൂന്നു രാഷ്ട്രങ്ങളും ഇതേ മാര്‍ഗം പിന്തുടരാനുള്ള സാധ്യത ശക്തമാണ്. മറ്റു പ്രശ്‌നങ്ങളൊന്നും ഈ രാഷ്ട്രങ്ങളെ ഇപ്പോള്‍ അലട്ടില്ല. ബ്രിട്ടീഷ് കൊട്ടാരത്തില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ് സ്‌കോട്ടിഷ് ജനത. ഇക്കാര്യം സ്വാതന്ത്ര്യമോഹികളായ മറ്റു രാഷ്ട്രങ്ങളെ ആകര്‍ഷിച്ചു. ബ്രിട്ടനില്‍ നിന്നു വേറിട്ടുപോകുന്നതോടെ സ്‌കോട്‌ലന്‍ഡിനെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് രാജ്ഞിയുടെ പദവിയും മാറും. ഓസ്്‌ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ് എന്നിവയെപ്പോലെ രാജ്ഞിയെ ഹെഡ് ഓഫ് സ്‌റ്റേറ്റ് മാത്രമായിട്ടായിരിക്കും സ്‌കോട്‌ലന്‍ഡ് കരുതുക. സ്‌കോട്‌ലന്‍ഡ് വേറിട്ടുപോകുന്നതോടെ ഗ്രെയിറ്റ് ബ്രിട്ടന് അതിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെടും. എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ എന്നീ പ്രശസ്ത നഗരങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഹിതപരിശോധനാഫലം അനുകൂലമായാലും സ്വതന്ത്ര സ്‌കോട്‌ലന്‍ഡ് യാഥാര്‍ഥ്യമാകുന്നത് 2016 മാര്‍ച്ച് 24 നു മാത്രമായിരിക്കും. ഒന്നരവര്‍ഷം ബാക്കി. എണ്ണപ്പണം, നാണയം, ആണവായുധങ്ങള്‍ എന്നിവ സബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. സ്‌കോട്‌ലന്‍ഡ് സ്വതന്ത്രമായാല്‍ അതിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കാനും ഇതു മതിയാകുമെന്നാണ് സ്‌കോട്ട് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ എണ്ണപ്പണം വീതംവയ്ക്കുന്ന കാര്യത്തില്‍ ബ്രിട്ടനുമായി തര്‍ക്കമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്്. സ്‌കോട്‌ലന്‍ഡിന്റെ വടക്കുഭാഗത്തുള്ള കടലില്‍ (നോര്‍ത്ത് സീ) നിന്ന് വന്‍തോതില്‍ എണ്ണയും പ്രകൃതിവാതകവും കുഴിച്ചെടുക്കുന്നുണ്ട്. ബ്രിട്ടന്റെ സാമ്പത്തിക ഭദ്രതയിയില്‍ ഇതൊരു സുപ്രധാനപങ്ക് വഹിക്കുന്നു. ബ്രിട്ടന്‍ ഉപയോഗിച്ചുവരുന്ന പൗണ്ട് സ്‌ററ്റെര്‍ലിങ് തന്നെ സ്വതന്ത്ര സ്‌കോട്‌ലന്‍ഡിന്റെ കറന്‍സിയായിരിക്കണമെന്നാണ് സ്‌കോട്ടിഷ് നേതാക്കളുടെ ആഗ്രഹം. അതു നടപ്പില്ലെന്നു ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും വ്യക്തമാക്കിയിട്ടുണ്ട്. എങ്കില്‍ ബ്രിട്ടന്റെ ഇതുവരെയുള്ള ദേശീയകടത്തിന്റെ ഭാരം പങ്കിടാന്‍ തങ്ങളുണ്ടാവില്ലെന്നു സ്‌കോട്ടിഷ് നേതാക്കളും പറയുന്നു. ബ്രിട്ടീഷ് ആണവായുധങ്ങളില്‍ ചിലത് സൂക്ഷിച്ചിട്ടുള്ളത് സ്‌കോട്‌ലന്‍ഡിലാണ്. സ്വതന്ത്ര സ്‌കോട്‌ലന്‍ഡ് ആണവായുധങ്ങള്‍ നിര്‍മിക്കുകയോ സൂക്ഷിക്കുയോ ചെയ്യില്ലെന്ന പ്രസ്താവനകള്‍ ഇവയുടെ ഭാവിയെപ്പറ്റി ചോദ്യങ്ങളുയര്‍ത്തുന്നു. ഇവ ബ്രിട്ടന്റെ മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റുന്നത് എളുപ്പമല്ല. ഏതു സ്ഥലത്തേക്കുമാറ്റാന്‍ ശ്രമിച്ചാലും അവിടത്തെ ജനങ്ങള്‍ എതിര്‍ക്കുമെന്ന സ്ഥിതിയാണ് ഇപ്പോള്‍. യൂറോപ്യന്‍ യൂണിയന്‍, നാറ്റോ, കോമണ്‍വെല്‍ത്ത് എന്നിവയില്‍ ബ്രിട്ടന്‍ അംഗമാണെന്ന കാരണത്താല്‍ സ്വതന്ത്ര സ്‌കോട്‌ലന്‍ഡിന് സ്വാഭാവികമായിത്തന്നെ അംഗത്വം ലഭിക്കണമെന്നില്ല. പുതിയ രാജ്യമെന്ന നിലയില്‍ അംഗത്വത്തിന് അപേക്ഷിക്കേണ്ടിവരും. 1707 ല്‍ സ്‌കോട്‌ലന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ ലയിക്കുകയും ഗ്രെയിറ്റ് ബ്രിട്ടന്‍ എന്ന ഒറ്റ രാജ്യമായിത്തീരുകയും ചെയ്തു. മൂന്നു നൂറ്റാണ്ട് പഴക്കമുള്ള ആ ലയനമാണ് ഇപ്പോള്‍ പുനഃപരിശാധനയ്ക്കു വിധേയമാകുന്നത്. സ്‌കോട്‌ലന്‍ഡിലെ 53 ലക്ഷം ജനങ്ങളില്‍ ഗണ്യമായ ഒരുവിഭാഗത്തിനു ബ്രിട്ടന്റെ ഭാഗമായി തുടരാന്‍ ഇഷ്ടമില്ല എന്നതുതന്നെ അതിനു കാരണം.

 
Other News in this category

 
 




 
Close Window