Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, തമ്മില്‍ത്തല്ലാതെ വാക്ക് പാലിക്കൂ
editor
അധികാരത്തിലേറി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മിലടി തുടങ്ങി. വച്ചുപൊറുപ്പിക്കാനാവാത്ത തെറ്റുകളെന്നു മുന്നറിയിപ്പു നല്‍കിയ പ്രധാനമന്ത്രി, പുകയുന്ന കൊള്ളികളെ പുറത്താക്കുമെന്നു മുന്നറിയിപ്പു നല്‍കി. രാഷ്ട്രം യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു കിട്ടുന്നതിനെതിരേ കാമറൂണ്‍ നടത്തുന്ന പ്രചാരങ്ങള്‍ക്കു കടക വിരുദ്ധമായി മന്ത്രിമാരില്‍ ചിലര്‍ നടത്തിയ പ്രസ്താവനകളാണ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹമുണ്ടാക്കിയത്. യുകെഐപി ഇത്രയും ശക്തമായി പ്രചാരണം നടത്തിയ 'യൂണിയനില്‍ നിന്നുള്ള മോചനം' നിസാരമായിട്ടാണോ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേരത്തേ കണക്കാക്കിയത്..? ഹിതപരിശോധന നടത്തിയാല്‍ മന്ത്രിമാര്‍ക്ക് വോട്ടവകാശം നല്‍കില്ലെന്നാണു കാമറൂണിന്റെ പ്രസ്താവന. നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് ആരെയാണ് പ്രധാനമന്ത്രി പിന്നെയും കണ്‍ഫ്യൂഷനിലാക്കുന്നത്...? മികച്ച ജയം നല്‍കിയ ജനങ്ങളുടെ പ്രതീക്ഷയ്ക്കു മീതെ വീട്ടും അനിശ്ചിതത്വത്തിന്റെ കോട്ട കെട്ടാനാണോ ടോറികളുടെ ശ്രമം...? ബാവേറിയയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സമയത്ത് കാമറൂണ്‍ സ്വന്തം സഭയിലെ മന്ത്രിമാര്‍ക്കെതിരെ സംസാരിച്ചതിലെ അനൗചിത്യം വോട്ടര്‍മാരെ ആശങ്കയിലാക്കുന്നുണ്ട്.
ബ്രിട്ടന്‍ എന്ന രാജ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഹിതപരിശോധന നടക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയം ഉണ്ട്. വിഷയം യൂറോപ്പിലാകെ ചൂടേറിയ ചര്‍ച്ചയാണ്. ഒരു വശത്ത്, യുകെയെ അനുനയിപ്പിക്കാനായി അനുനയിപ്പിച്ച് യൂണിയനൊപ്പം നിര്‍ത്താന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ കുറെ വച്ചു നീട്ടലുകള്‍ തുടരുന്നു. മറുഭാഗത്ത് ഭരണ കക്ഷിയിലെ മന്ത്രിമാര്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനായി പ്രചാരണത്തിന് ഒരുങ്ങുന്നു. ഇതെല്ലാം കാമറൂണ്‍ അറിയുന്നുണ്ട്. രഹസ്യ വിവരം ലഭിച്ച പ്രധാനമന്ത്രി ഉടനെ പ്രസ്താവനയിറക്കി. തന്നെ മറികടന്ന് ഇറങ്ങുന്ന മന്ത്രിമാരുടെ കസേര തെറിക്കുമെന്നു പ്രസ്താവിച്ചു. വിഷയത്തില്‍ തന്നെ പിന്തുണക്കുകയാണ് മന്ത്രിമാര്‍ ചെയ്യേണ്ടത് എന്നു വിശദീകരണം. അതു പറയാന്‍ തെരഞ്ഞെടുത്ത വേദിയാകട്ടെ മറ്റൊരു രാഷ്ട്രത്തിലെ അന്യദേശക്കാരുടെ തട്ടകം.
നൂറിലധികം വരുന്ന പെയ്ഡ് മന്ത്രിമാര്‍ക്ക് ഹിതപരിശോധനയില്‍ സ്വതന്ത്രമായ തീരുമാനത്തിന് അര്‍ഹതയുണ്ടാകില്ലെന്ന് കാമറൂണ്‍ വ്യക്തമാക്കി. കണ്‍സര്‍വേറ്റീസ് മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയ രീതി പിന്തുടരാനുള്ള ബാധ്യത ഓരോ മന്ത്രിമാര്‍ക്കും ഉണ്ട്. സര്‍ക്കാരിന്റെ ഭാഗമായി തുടരണമെങ്കില്‍ തങ്ങളുടെ തീരുമാനം വിജയകരമായി പുറത്തെത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ പ്രസ്താവന ഉണ്ടാക്കിയിട്ടുള്ള ആശങ്കയും അനിശ്ചിതത്വവും ചെറുതല്ല.
കാമറൂണിന്റെ ഭീഷണിക്ക് മുന്നില്‍ തണുക്കണ്ട എന്നാണ് ചില മന്ത്രിമാരുടെ തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തെ പിന്തുണയ്ക്കണമെന്ന പ്രചരണവുമായി അഞ്ചോളം ക്യാബിനറ്റ് മന്ത്രിമാര്‍ രംഗത്തിറങ്ങാന്‍ തയാറെടുക്കുന്നു. വിദേശകാര്യ മന്ത്രി ഫിലിപ് ഹാമണ്ട്, നിയമന്ത്രി മൈക്കല്‍ ഗോവ്, ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ എന്നീ മുതിര്‍ന്ന ടോറി നേതാക്കള്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. പ്രചാരണത്തിന് അനുവദിച്ചില്ലെങ്കില്‍ രാജിക്ക് സന്നദ്ധമാണെന്ന് വര്‍ക്ക് ആന്റ് പെന്‍ഷന്‍ മന്ത്രി ഡാങ്കന്‍ സ്മിത്ത് വ്യക്തമാക്കി. ബിസിനസ് മന്ത്രി സാജിദ് ജാവിദുംയൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തെ പിന്തുണച്ചു. - ഈ അവസ്ഥയില്‍ വിഘടിച്ചു നില്‍ക്കാനാണ് ഒരുക്കമെങ്കില്‍ എന്തിനാണ് നിങ്ങളെല്ലാവരും കൂടി ഒരുമിച്ച് മന്ത്രിസഭ രൂപീകരിച്ചത്...? അഭിപ്രായ രൂപീകരണത്തിനായി ഈ മന്ത്രിസഭയില്‍ സാധ്യതകളൊന്നുമില്ലേ...?
പെട്ടന്നു പൊട്ടിമുളച്ചതല്ല ഈ പ്രശ്‌നമെന്ന് ബ്രിട്ടനിലുള്ള ഓരോരുത്തരും തിരിച്ചറിയണം. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വേര്‍പാട് എന്ന വിഷയം ഇലക്ഷനില്‍ വോട്ട് കിട്ടാനുള്ള തുറുപ്പായി പാര്‍ട്ടികള്‍ ഉപയോഗിക്കുകയായിരുന്നു. ഭരണം തുടങ്ങിയപ്പോള്‍ അതിന്റെ ഉള്ളുകള്ളികള്‍ പുറത്തായിത്തുടങ്ങി.
യൂറോഭീതിക്കാരാണ് കണ്‍സര്‍വേറ്റിവുകളിലൊരുവിഭാഗം. ഇവരെ തൃപ്തിപ്പെടുത്താന്‍ 2017ഓടെ ഇക്കാര്യത്തില്‍ ഹിതപരിശോധനയ്ക്ക് തയ്യാറാണെന്നാണ് കാമറോണിന്റെ പ്രഖ്യാപനം. ഇത് യൂറോപ്പിനപ്പുറം അന്താരാഷ്ട്രതലത്തില്‍തന്നെ ചലനങ്ങളുണ്ടാക്കും. ബ്രിട്ടന്റെ സുപ്രധാനവ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. അതുമായുള്ള ബന്ധംപിരിയണമെന്നാണ് ജനഹിതമെങ്കില്‍ നഷ്ടം ബ്രിട്ടനായിരിക്കും. ഭൂരിഭാഗം സ്‌കോട്ട്‌ലന്‍ഡുകാരും യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് അനുകൂലമല്ല. അങ്ങനെ സംഭവിച്ചാല്‍, സ്‌കോട്ട്‌ലന്‍ഡ് ബ്രിട്ടനെ വിട്ട് യൂറോപ്യന്‍ യൂണിയനെ ആശ്ലേഷിക്കുകയെന്ന അറ്റകൈ പ്രയോഗിക്കുമെന്ന ആശങ്കയുമുണ്ട്. അപ്രതീക്ഷിതവിജയവുമായി 10 ഡൗണിങ് സ്ട്രീറ്റിന്റെ പടി വീണ്ടുംകയറുമ്പോള്‍ അപ്രവചനീയമായ ഭാവിയാണ് കാമറോണിനെ കാത്തിരിക്കുന്നത്.
ഇനി കഴിഞ്ഞ രണ്ട് ഇലക്ഷനുകളുടെ ഫലം ഒരിക്കല്‍ക്കൂടി പരിശോധിക്കാം.
2010ലെ തിരഞ്ഞെടുപ്പില്‍ 307 സീറ്റായിരുന്നു കണ്‍സര്‍വേറ്റിവുകളുടെ നേട്ടം. ലേബറിന് 258ഉം ലിബറല്‍ ഡെമോക്രാറ്റിന് 57ഉം. ഇത്തവണ ലേബര്‍ പാര്‍ട്ടി 232ലേക്കും ലിബറല്‍ ഡെമോക്രാറ്റ് എട്ടിലേക്കും ചുരുങ്ങി. ലേബര്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായിരുന്ന സ്‌കോട്ട്‌ലന്‍ഡ് ഇത്തവണ അതിനെ പൂര്‍ണമായും കൈയൊഴിഞ്ഞു. 59ല്‍ 56 സീറ്റും നിക്കോള സ്റ്റര്‍ജന്റെ എസ്.എന്‍.പി. കൊണ്ടുപോയി. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ലേബറിന്റെ വോട്ടുകള്‍ കണ്‍സര്‍വേറ്റിവുകള്‍ക്കു കിട്ടി. ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തെയും യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ അംഗത്വത്തെയും നഖശിഖാന്തം എതിര്‍ക്കുന്ന തീവ്രവലതുകക്ഷിയായ യുണൈറ്റഡ് കിങ്ഡം ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ നേട്ടം ഒറ്റസീറ്റിലൊതുങ്ങി; അതിന്റെ നേതാവ് നൈജല്‍ ഫരാഷ് തോറ്റുപോയി. ലേബറിനെ പിന്തുണയ്ക്കുമെന്ന് പൊതുവേ കരുതിയിരുന്ന പത്തുലക്ഷത്തിലേറെ വോട്ടര്‍മാര്‍ക്ക് അവസാനിമിഷമുണ്ടായ മനംമാറ്റമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് വിലയിരുത്തുമ്പോഴും അതെങ്ങനെ സംഭവിച്ചുവെന്നതിന് വ്യക്തത വന്നിട്ടില്ല.

കണ്‍സര്‍വേറ്റിവുകളുടെ അതിശയവിജയത്തിനൊപ്പമോ അതിലുമേറെയോ ശ്രദ്ധേയമായ രണ്ട് സംഭവവികാസങ്ങള്‍കൂടി ഈ പൊതുതിരഞ്ഞെടുപ്പിലുണ്ടായി. സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (എസ്.എന്‍.പി.) അവിശ്വസനീയ മുന്നേറ്റവും സാധാരണക്കാരന്റെ പാര്‍ട്ടിയെന്നു വിശേഷണമുള്ള ലേബറിന്റെയും കഴിഞ്ഞ സര്‍ക്കാറിലെ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിന്റെയും പരാജയവും. രാഷ്ട്രത്തിന്റെ വിഭജനവും വേര്‍പെടലും ജനതയുടെ വികാരമിളക്കാന്‍ സഹായിക്കുമെന്ന് എല്ലാ പാര്‍ട്ടികള്‍ക്കും അറിയാം. ഡേവിഡ് കാമറൂണ്‍ ആ കാര്‍ഡ് ഇലക്ഷനില്‍ ഭംഗിയായി ഉപയോഗിച്ചു. പക്ഷേ, സ്‌കോട്‌ലന്‍ഡിലേതു പോലും ' ഈസി വാക്കോവര്‍' ആയിരിക്കില്ല യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വേര്‍പാട്. അത് പ്രധാനമന്ത്രിക്കു ശരിക്കു മനസിലായിത്തുടങ്ങിയിട്ടേയുള്ളൂ. വരാനിരിക്കുന്ന പ്രശ്‌നങ്ങളുടെ പുകിലുകള്‍ കാമറൂണിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. സ്വന്തം നിലപാടിനെതിരായി മന്ത്രിമാര്‍ തിരിഞ്ഞാല്‍ അതുണ്ടാക്കുന്ന നാണക്കേട് ചെറുതാകില്ല. ഇനിയൊരു മത്സരത്തിന് നില്‍ക്കില്ലെന്നു നേരത്തേ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാമറൂണ്‍ രണ്ടും കല്‍പ്പിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കും. ഈ രാഷ്ട്രീയ മത്സരത്തില്‍ ജനങ്ങള്‍ക്ക് എന്തു നേട്ടമെന്നുകൂടി വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇതിനിടയ്ക്ക് എപ്പോള്‍ സാധിക്കുമെന്ന ചോദ്യത്തിനും മറുപടി പറയേണ്ടത് പ്രധാനമന്ത്രിയാണ്. പ്രിയപ്പെട്ട പ്രധാനമന്ത്രി, ആദ്യം എന്‍എച്ച്എസില്‍ ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കൂ. ഇന്ത്യക്കാരുടെ സിറ്റിസണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടികള്‍ വേഗതയിലാക്കൂ. നികുതി വിഷയത്തില്‍ അങ്ങ് വാഗ്ദാനം ചെയ്ത സമത്വം നടപ്പാക്കൂ. സ്‌കൂളുകളുടെ കാര്യത്തിലും ബാങ്കുകളുടെ കാര്യത്തിലും അങ്ങ് പ്രഖ്യാപിച്ച ഉദാര നയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തൂ. അത്തരം ജനകീയ നയങ്ങള്‍ നടപ്പാക്കാനാണ് അങ്ങ് ഉള്‍പ്പെടുന്ന മന്ത്രിമാരെ ഞങ്ങള്‍ ജയിപ്പിച്ചത്.
 
Other News in this category

 
 




 
Close Window