Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
എഡിറ്റോറിയല്‍
  Add your Comment comment
കേരളത്തില്‍ രാഷ്ട്രീയ മാറ്റം; മുന്നറിയിപ്പ്
editor
ത്രിതല പഞ്ചായത്തുകളിലേക്കു നടത്തിയ തെരഞ്ഞെടുപ്പ് ഇത്രയും കാലം ശക്തി ചെലുത്തിയ ഇടതു-വലത് രാഷ്ട്രീയ കക്ഷികള്‍ക്ക് മുന്നറിയിപ്പാണ്. ബിജെപി തരംഗം മലയാള നാട്ടില്‍ തെളിഞ്ഞു. ഇടതു പക്ഷം തേരോട്ടം നടത്തി. യുഡിഎഫ് പിന്നിലേക്കു തള്ളപ്പെട്ടു. തമ്മില്‍ത്തല്ലിയ കക്ഷികള്‍ ദേശീയ പാര്‍ട്ടിയായ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സ്വാഗതം ചെയ്തു. വരാനിരിക്കുന്നത് നല്ല നാളേകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും പ്രത്യാശിക്കാം.
യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും അവകാശവാദങ്ങള്‍ക്കിടെ യഥാര്‍ഥ നേട്ടം കൊയ്തത് ബി.ജെ.പി. ബീഫും, ദാദ്രിയും, ദളിത് കൊലപാതകവും പ്രാദേശിക വികസന വിഷയങ്ങളെ വിഴുങ്ങിയ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ബി.ജെ.പി. സ്വന്തമാക്കിയത്. പുതിയ ഈഴവ സഖ്യത്തിനൊപ്പം പഴയ വോട്ട് ബാങ്കായ നായര്‍ സമുദായത്തിലെ നല്ലൊരു വിഭാഗവും ഒപ്പം നിന്നതാണ് ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കികൊടുത്തത്. മുന്‍കാലങ്ങളില്‍ ബി.ജെ.പിക്കൊപ്പം ഉണ്ടായിരുന്ന ഹൈന്ദവ സമുദായങ്ങളും ഒപ്പം നിന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മൂന്ന് പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ 15 ഗ്രാമപഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. ഇത്തവണ പാലക്കാട് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബഹുമതി നേടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറില്‍ നിന്ന് 34ലേക്കാണ് കുതിച്ചത്.
ഇടതുമുന്നണിയുടെ മുഖ്യപ്രചാരകനായി സി.പി.എം നേതൃത്വം വി.എസിനെ നിശ്ചയിച്ചത് വെറുതെയായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു മുതല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പുവരെയുള്ള കനത്ത തോല്‍വികള്‍. തദ്ദേശതെരഞ്ഞെടുപ്പ് ഫലവും അരുവിക്കരയുടെ ആവര്‍ത്തനമാകുമെന്ന് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം.
എസ്.എന്‍.ഡി.പിയെ കൂടെക്കൂട്ടി കേരളത്തില്‍ കാലുറപ്പിക്കാമെന്ന ബി.ജെ.പിയുടെ സമഗ്ര പദ്ധതി. വി.എസ്. നയിച്ചപ്പോള്‍ ഇവയെല്ലാം തകര്‍ത്തെറിഞ്ഞാണ് എല്‍.ഡി.എഫ്. മുന്നേറിയത്. എസ്.എന്‍.ഡി.പി നേതൃത്വത്തെ ശക്തമായി ആക്രമിച്ചാണ് വി.എസ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കംകുറിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തുടരെയുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ വി.എസ് കുരുക്കിയിട്ടു.
മൈക്രോഫിനാന്‍സ് അഴിമതിയും ശാശ്വതീകാനന്ദയുടെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങളും വി.എസ്. ഏറ്റെടുത്തു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ വി.എസിന്റെ കൈയിലായെന്നതാണ് വാസ്തവം. അവസാനം ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് കോടതി പരാമര്‍ശം കൂടി വന്നതോടെ വി.എസ്. യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കി.
സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ പാര്‍ട്ടി നേതൃത്വവും വി.എസിനൊപ്പം നിന്നു. ആശയക്കുഴപ്പത്തിനിടയാക്കുന്ന ഒരു പ്രസ്താവനക്കും വി.എസും പാര്‍ട്ടി നേതൃത്വവും തുനിഞ്ഞില്ല. മാത്രമല്ല എതിരാളികള്‍ വി.എസിനെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോഴൊക്കെ പ്രതിരോധിക്കാന്‍ മുഴുവന്‍ നേതാക്കളും രംഗത്തിറങ്ങി.
ജനശക്തി വാരികയിലെ അഭിമുഖ വിവാദത്തെ നിമിഷങ്ങള്‍ക്കുള്ളില്‍ വി.എസ്. പരസ്യമായി തള്ളിപ്പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന വിവാദത്തിനും വി.എസ്. പ്രതികരിച്ചില്ല. വിവാദങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ വി.എസ്. സൂക്ഷ്മതയോടെയാണ് നേരിട്ടത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ തരംഗമാകുമെന്നു കരുതിയ എസ്.എന്‍.ഡി.പിബി.ജെ.പി. സഖ്യം തുടക്കത്തിലെ പാളി. ഇതോടെ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായശക്തിയാകാനുള്ള യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിന് തിരിച്ചടിയേറ്റു. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര നേതൃത്വവുമായി വെള്ളാപ്പള്ളി കൈകോര്‍ത്തത്. ഈ നീക്കം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് ഉള്‍ക്കൊള്ളാനായില്ലെന്നതാണു വാസ്തവം. ഇതോടെ ബി.ജെ.പി. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ആശയക്കുഴപ്പം നേരിട്ടു. എന്നാല്‍ എസ്.എന്‍.ഡി.പി ബന്ധം ബി.ജെ.പിക്ക് കാര്യമായി ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍പോലും ബി.ജെ.പി. സ്ഥാനാര്‍ഥി മൂന്നാമതായി.
അതേസമയം, സംസ്ഥാന പ്രസിഡന്റ് സ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പുവരെ നീട്ടിയെടുക്കാനുള്ള വി. മുരളീധരന്റെ നീക്കങ്ങള്‍ക്കു തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം സഹായമാകുമെന്നു സൂചന. ഡിസംബറിലാണു സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ മുരളീധരന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. അദ്ദേഹത്തിന്റെ കാലാവധി നീട്ടരുതെന്നും പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നുമായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മുരളീധര പക്ഷത്തിന്റെ കരുത്ത് കൂട്ടി.
ചിട്ടയായ പ്രവര്‍ത്തനത്തിലുടെ ബി.ജെ.പിയെ ശക്തിപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന മുരളീധരനു നിയമസഭയില്‍ പാര്‍ട്ടി അക്കൗണ്ട് തുറക്കുകയാണു ലക്ഷ്യം. ഇതിനായി നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടിനല്‍കണമെന്നാണു മുരളീധരന്‍ കേന്ദ്ര നേതൃത്വത്തിനു മുന്നാകെവച്ചിട്ടുള്ള ആവശ്യം.
പാര്‍ട്ടിയില്‍ ഐക്യമുണ്ടാകണമെങ്കില്‍ പുതിയ പ്രസിഡന്റ് വേണമെന്നാണു എതിര്‍പക്ഷത്തിന്റെ ആവശ്യം. സമീപകാലത്തായി ബി.ജെ.പിയിലേക്ക് ഈഴവ സമുദായത്തില്‍നിന്ന് അണികള്‍ ഒഴുകിയെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ വെള്ളാപ്പള്ളി നടേശനുമായി കൂട്ടുകെട്ടുണ്ടാക്കിയില്ലെങ്കിലും സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നുമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് മുരളീധരന്റെ നിലപാട്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിവരെയായി വെള്ളാപ്പള്ളിയെ അവരോധിക്കാനുള്ള നീക്കത്തിലുള്ള നീരസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇത് എതിര്‍ ഗ്രൂപ്പ് നേതാക്കള്‍ ആയുധമാക്കുകയും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു.
 
Other News in this category

 
 
 
Close Window