Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Feb 2018
 
 
എഡിറ്റോറിയല്‍
  Add your Comment comment
കൂട്ടക്കുരുതികളുടെ സ്മരണയോടെ വായനക്കാര്‍ക്ക് ക്രിസ്മസ് - പുതുവത്സര ആശംസകള്‍
reporter
മനുഷ്യന്റെ ചോരയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച സാമൂഹിക ദ്രോഹികള്‍ കൂട്ടായ്മകള്‍ ചേരുന്ന ലോകത്ത് ക്രിസ്മസിന്റെ വിശുദ്ധ ദിനങ്ങള്‍ പിറക്കുന്നു. ന്യൂയോര്‍ക്കിലും മുംബൈയിലും അടുത്തിടെ പാരിസിലും നൂറു കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയ ക്രൂരതയുടെ സ്മരണയില്‍ ജാഗരൂഗരായി ക്രിസ്മസ് ആഘോഷിക്കണമെന്നാണ് പറയാനുള്ളത്. റെയ്ല്‍വെ സ്റ്റേഷനിലും ബസിലും വിമാനത്തിലും വഴിയരികിലും മനുഷ്യന്‍ മനുഷ്യരെ കൊല്ലാന്‍ ഒളിച്ചിരിക്കുമ്പോള്‍ ശാന്തിയുണ്ടാകുന്നതെങ്ങനെ. നന്മയുടെ സന്ദേശം പ്രചരിപ്പിക്കാനും പരസ്പരം സ്‌നേഹിക്കാനും ഓരോരുത്തരും തയാറെടുക്കാതെ സമാധാനം സൃഷ്ടിക്കപ്പെടുന്നതെങ്ങനെ. മുഖത്തേയ്ക്കു നോക്കുന്നയാളോട്, പരിചിതനാണെങ്കില്‍പ്പോലും പുഞ്ചിരിക്കാന്‍ പോലും മടിക്കുന്ന മനുഷ്യ ലോകത്തു പരസ്പര സ്‌നേഹം പടരുന്നതെങ്ങനെ..?
മുരടിച്ച മുഖങ്ങളില്‍ നിന്നും ജീവിതങ്ങളില്‍ നിന്നും യുവത്വം രക്ഷ തേടുന്നത് പരസ്പരം കൊന്നു തീര്‍ക്കാനുള്ള പകയിലേക്കാണെന്ന തിരിച്ചറിവ് സമീപകാല റിപ്പോര്‍ട്ടുകളിലുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് 150 ചെറുപ്പക്കാര്‍ ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗങ്ങളാകാന്‍ പോയെന്ന വാര്‍ത്ത മതി ഇതു സ്ഥിരീകരിക്കാന്‍. യൂറോപ്പിലും ഇതുപോലെ യുവത്വം സിറിയയിലേക്കു കടക്കുന്ന റിപ്പോര്‍ട്ടുകള്‍ നിരവധി. ലോകം മുഴുവന്‍ കുരുതിക്കളമാക്കാന്‍ വെമ്പുന്ന ഭ്രാന്തെടുത്ത നരാധമന്മാരുടെ കൈകളില്‍ അത്തരം ആയുധങ്ങളുടെ ഭാവി എന്താകുമെന്നു പ്രതീക്ഷിക്കാവുന്നതേയുള്ളൂ. അതു നേരിടാന്‍, ഏതെങ്കിലും മതത്തിന്റെയോ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ ഭൂഖണ്ഡത്തിന്റെയോ പേരില്‍ ഭിന്നിച്ചു നില്‍ക്കുകയല്ല, വര്‍ഗശത്രുവിനെതിരേ ഒന്നിച്ചു കൈകോര്‍ക്കുകയാണ് സമാധാനകാംക്ഷികളായ എല്ലാവരുടെയും കര്‍ത്തവ്യം.
സിറിയയിലും മറ്റും നടക്കുന്ന ആക്രമണങ്ങള്‍ ഒരു ലോകയുദ്ധത്തിന്റെ എല്ലാ അടയാളങ്ങളോടെയുമാണ്. വന്‍ശക്തികളുടെ ഇറാക്ക് അധിനിവേശത്തിന്റെ പരിണിതഫലമായി രൂപാന്തരപ്പെട്ട ആഗോള ഭീകരതയാണ് ഐഎസ്‌ഐഎസ് എന്ന സംഘടന. ഒസാമ ബിന്‍ ലാദന്‍ വളര്‍ത്തി വലുതാക്കിയ അല്‍ ക്വയ്ദ ഭീകരതയ്ക്കു പകരം രൂപം കൊണ്ട ഐഎസ്, ഇസ്ലാമികമാണെന്ന് മുസ്ലിം രാജ്യങ്ങള്‍ പോലും സമ്മതിക്കുന്നില്ല. പള്ളിയില്‍ പോകാത്തവനും വിശ്വാസമില്ലാത്തവനും എന്നാണ് അബ്ദല്‍ ഹമീദ് അബാ ഔദിനെക്കുറിച്ച് അയാളുടെ സഹോദരി തന്നെ പറയുന്നത്. എന്നിട്ടും ഈ ഭീകരസംഘടനയ്ക്ക് ഇന്ത്യയില്‍ നിന്നടക്കം ആളെ കിട്ടുന്നു എന്നു വരുന്നതു വിരോധാഭാസം എന്നല്ല, അരാജകത്വം കൊണ്ടുള്ള പ്രതിഭാസം എന്നു വേണം പറയാന്‍.
ഐഎസ് അടക്കമുള്ളവയുടെ ഭീകരതയ്ക്ക് ഇരയായ ചരിത്രമുണ്ട് ഇന്ത്യക്ക്. അത്തരം ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് ആറാം സ്ഥാനവുമുണ്ടായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയെ കൂട്ടുപിടിച്ച് ഐഎസ് ഇന്ത്യയെയും ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന സൈനിക വെളിപ്പെടുത്തല്‍ അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പേരും പെരുമയുമാണ് ഭീകരര്‍ക്കുള്ള ഇന്ത്യാ വിരോധത്തിന്റെ അടിസ്ഥാനം. സുസ്ഥിര ഭരണകൂടങ്ങളെ തകര്‍ത്ത്, ജനങ്ങളെ ദുര്‍ബലരാക്കി അധീശത്വം സ്ഥാപിക്കുക തന്നെയാണ് എല്ലാ ഭീകരരുടെയും ലക്ഷ്യം. അതിനെ ചെറുത്തു തോല്പിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കൂട്ടുത്തരവാദിത്വമാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയോട് താല്‍പര്യം പ്രകടിപ്പിക്കുന്ന 150ഓളം യുവാക്കളെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഈ പട്ടികയില്‍ കൂടുതല്‍ പേരും തെക്കേ ഇന്ത്യക്കാരാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഓണ്‍ലൈനിലൂടെ ഐഎസ്‌ഐഎസ് പ്രവര്‍ത്തനങ്ങളുമായി ഇവര്‍ പതിവായി ബന്ധപ്പെടുന്നു. ഇറാഖിലും സിറിയയിലുമായി വ്യാപിച്ചു കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ഇതുവരെ 23 ഇന്ത്യാക്കാര്‍ പോയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ മുംബയിലെ വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകാനിയ താല്‍പര്യം പ്രകടിപ്പിച്ച 30ഓളം ഇന്ത്യാക്കാരെ തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടുന്നവരില്‍ കല്ല്യാണില്‍ നിന്നുള്ള രണ്ട് യുവാക്കളും ഓസ്‌ട്രേലിയയിലുള്ള ഒരു കശ്മീരി, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ഒമാനിലേയും സിങ്കപ്പൂരിലേയും ഓരോ ഇന്ത്യാക്കാരും ഉള്‍പ്പെടുന്നുണ്ട്.
ഇതിനെല്ലാം നടുവില്‍ നിന്നുകൊണ്ട് ദൈവപുത്രന്റെ ജനനം ആഘോഷിക്കാന്‍ നമുക്ക് ആത്മധൈര്യം ലഭിക്കട്ടെ. നല്ല നാളുകള്‍, നല്ല പ്രതീക്ഷകള്‍, ശുഭകരമായ ജീവിതം അങ്ങനെ ലോകത്തിന്റെ അഭിവൃദ്ധിക്കും സമാധാനത്തിനും സാഹചര്യം ഒരുങ്ങട്ടെ. ക്രിസ്മസ് - നവവത്സര ആശംസകള്‍.
 
Other News in this category

 
 
 
Close Window