Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഭരണം നിങ്ങളെ എല്‍പ്പിച്ചിരിക്കുന്നു : കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ ജനങ്ങളെ നിരാശപ്പെടുത്തരുത്
editor
കേരളത്തിന്റെ ഭരണം ഇടതുപക്ഷത്തെ ഏല്‍പ്പിച്ച് എല്ലാം ശരിയാകുമെന്നു പ്രതീക്ഷിച്ചിരിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയ്ക്ക് അഭിനന്ദനങ്ങള്‍. ജനം പ്രതീക്ഷിക്കുന്നത് സമാധാനത്തോടെയുള്ള ജീവിതവും പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത നല്ല നാളെകളുമാണ്. നമ്മളുടെ നാടിന്റെ വികസനത്തിനൊപ്പം ഇതു രണ്ടും സാധ്യമാക്കാന്‍ ഇടതുപക്ഷം പരിശ്രമിക്കുമെന്നു കരുതുന്നു. ഇടതുപക്ഷം യുഡിഎഫിനെ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തിയ പൊതു പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മലയാള നാടിനെ കരകയറ്റാനുള്ള ചുമതല പിണറായി വിജയന്‍ ഏറ്റെടുത്തു നടപ്പാക്കണം. അതിനുള്ള ചങ്കൂറ്റം താങ്കള്‍ക്കുണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. വാക്കു പാലിക്കുമല്ലോ.

പന്ത്രണ്ടംഗ സിപിഎം പട്ടികയില്‍ പിണറായി അടക്കം നാലു പേര്‍ മാത്രമാണ് നേരത്തേ മന്ത്രിമാരായിരുന്നിട്ടുള്ളത്. മറ്റെല്ലാവരും പുതുമുഖങ്ങള്‍. പലരും അന്‍പതു വയസില്‍ താഴെ പ്രായമുള്ളവര്‍. അഴിമതിക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവര്‍. ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ രണ്ടു വനിതകളെ മന്ത്രിമാരാക്കാന്‍ കൈക്കൊണ്ട തീരുമാനവും ശ്ലാഘനീയം. നാലു പേര്‍ മാത്രമാണ് രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐക്കുള്ളത്. അവരെല്ലാവരും പുതുമുഖങ്ങള്‍. അനുഭവപരിചയമുള്ള പലരെയും മാറ്റി നിര്‍ത്തിയാണ് സിപിഐയും പരീക്ഷണത്തിനു തയാറായതെന്നു മറക്കരുത്. ഘടക കക്ഷിയായ എന്‍സിപിയും വല്യേട്ടന്മാരുടെ പാത പിന്തുടര്‍ന്നു. ജനതാദളില്‍ പല ചര്‍ച്ചകള്‍ നടന്നെങ്കിലും ഒടുവില്‍ മുന്‍മന്ത്രി മാത്യു ടി. തോമസിനു നറുക്കു വീണു. ഒരംഗം മാത്രമുള്ള കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ ഒരു തവണ മന്ത്രിയായെങ്കിലും ഈ രംഗത്ത് കാര്യമായ അനുഭവജ്ഞാനമില്ലാത്ത ആളാണ്. അടുത്ത കാലം വരെ യുഡിഎഫില്‍ ഉണ്ടാവുകയും തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി വിട്ട് ഇടതുപക്ഷത്തു ചേര്‍ന്നു സീറ്റ് നേടി വിജയിക്കുകയും ചെയ്ത ഏകാംഗ പാര്‍ട്ടികള്‍ക്കു മന്ത്രിസ്ഥാനം നിഷേധിച്ചതാണു മറ്റൊരു ധീരമായ നടപടി. അധികാരത്തിനുവേണ്ടി മാത്രം വരുന്ന ഇത്തരം ആയാറാം ഗയാറാംജിമാരെ നിലയ്ക്കു നിര്‍ത്താന്‍ കഴിഞ്ഞാല്‍, രാഷ്ട്രീയത്തിലെ അനാവശ്യ സമ്മര്‍ദ തന്ത്രങ്ങള്‍ എന്നേക്കുമായി ഇല്ലാതാകും.

എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പിണറായിയും കൂട്ടരും തെരഞ്ഞെടുപ്പ് നേരിട്ടത്. അന്നുണ്ടായിരുന്ന രാഷ്ട്രീയ വ്യവസ്ഥിതികളോടു പൊരുത്തപ്പെടാന്‍ കഴിയാത്ത സാധാരണ വോട്ടര്‍മാര്‍ അകമഴിഞ്ഞു നല്‍കിയ പിന്തുണയാണ് ഇടതു മുന്നണി പോലും പ്രതീക്ഷിക്കാത്തത്ര വലിയ ഭൂരിപക്ഷത്തിലേക്ക് അവരെ നയിച്ചത്. ദുഷിച്ചു നാറിയ കീഴ്വഴക്കങ്ങളില്‍ നിന്നും പരമ്പരാഗത ഭരണത്തുടര്‍ച്ചകളില്‍ നിന്നുമൊക്കെയുള്ള മോചനമാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

വിലക്കയറ്റം മൂലം ജനജീവിതം ദുസഹമായിട്ട് നാളേറെയായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കച്ചവട താത്പര്യങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി വീഴുകയാണ്. അവശ്യ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുകയെന്ന വെല്ലുവിളിയെ ഫലപ്രദമായി ചെറുക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചടുലമാകണം. സംഭരണത്തിനും വിതരണത്തിനുമുള്ള ശേഷി പൂര്‍ണതോതില്‍ ലഭിക്കണം. വിലക്കയറ്റം തടയുന്നതിന് 75 കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇത് 150 കോടിയായി വര്‍ധിപ്പിക്കുന്നത് നല്ലതു തന്നെ. എന്നാല്‍ നിലവിലുള്ള ശൈലിയാണ് തുടരുന്നതെങ്കില്‍ ഒരു ഫലവുമുണ്ടാകില്ല. തക്കസമയത്ത് വിപണിയില്‍ ഇടപെടാനുള്ള പ്രൊഫഷണല്‍ ശൈലിയാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ സന്നിവേശിപ്പിക്കേണ്ടത്.
വാഗ്ദാനങ്ങള്‍ കേട്ടു മടുത്തവരാണ് മലയാളികള്‍. പ്രാബല്യത്തില്‍ വരുത്തലാണ് ആവശ്യം. ഇത്രയും കാലം കേരളം കണ്ടതില്‍ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന പേര് പിണറായി വിജയന്‍ നേടിയെടുക്കുമെന്നു പ്രത്യാശിക്കുന്നു. നിരാശപ്പെടുത്താതെ നല്ല നാളെയ്ക്കായി ഭാവുകങ്ങള്‍.
 
Other News in this category

 
 




 
Close Window