Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കള്ളപ്പണക്കാരുടെ ആപ്പീസ് പൂട്ടിച്ച നടപടിക്ക് അഭിനന്ദനങ്ങള്‍
reporter
ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കായി ധീരമായ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. സാധാരണക്കാരെ രണ്ടു നാള്‍ ചെറിയ തോതില്‍ കഷ്ടത്തിലാക്കുമെങ്കിലും രാജ്യത്ത് കുമിഞ്ഞു കൂടിയ കള്ളപ്പണത്തില്‍ 60 ശതമാനം വെറും കടലാസായി മാറും. പ്രവാസികളെ ഈ തീരുമാനം ബാധിക്കില്ല. നാട്ടില്‍ പോയി മടങ്ങിയവര്‍ എയര്‍പോര്‍ട്ടിലെ ആവശ്യത്തിനായി കൈയില്‍ കരുതിയ തുക മാറ്റിയെടുക്കലാണ് ചെറിയൊരു പ്രതിബന്ധം. ഇന്ത്യയില്‍നിന്നും വിദേശത്തേക്ക് യാത്രചെയ്യുന്ന റസിഡന്റ്‌സിനും നോണ്‍ റസിഡന്‍സിനും കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സിയുടെ പരിധി 25,000 രൂപയാണ്. നേരത്തെ 10,000 രൂപയായിരുന്ന ഇത് 2014 ജൂണിലാണ് റിസര്‍വ് ബാങ്ക് 25000 ആയി വര്‍ധിപ്പിച്ചത്. ഈ തുകയുടെ 'സോഴ്‌സ്' കാണിച്ചാല്‍ ബാങ്കില്‍ നിന്ന് പുതിയ കറന്‍സി വാങ്ങാം.
കൃത്യമായി നികുതിയടച്ച് ജീവിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത് ബ്രിട്ടനിലെ പൗരന്മാര്‍ക്ക് പുതുമയുള്ള കാര്യമല്ല. അതേസമയം, ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊരു പ്രഖ്യാപനം ജനാധിപത്യ രാഷ്ട്രത്തില്‍ നടത്താനുള്ള ആര്‍ജവം നരേന്ദ്രമോദിക്കു മാത്രമേ ഉണ്ടാകൂ. എത്ര കാലത്തെ നീക്കങ്ങള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായതെന്ന് ഇപ്പോള്‍ വ്യക്തമല്ല. എങ്കിലും, സര്‍ജിക് സ്‌ട്രൈക്ക് വിജയകരം.

ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പാകിസ്ഥാന് എവിടെ നിന്നാണു ലഭിക്കുന്നതെന്ന് ഏറെനാള്‍ തലപുകച്ചിരുന്നു നമ്മുടെ സുരക്ഷാഏജന്‍സികള്‍. തുടര്‍ന്നു നടത്തിയ കര്‍ശന നിരീക്ഷണത്തിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി കണ്ടെടുക്കുന്നത്. ഇതില്‍ പാക് സര്‍ക്കാരിനും പങ്കുണ്ടെന്ന് 2013ല്‍ എന്‍ഐഎ തന്നെ വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത നോട്ടുകളില്‍ ഫൊറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തിയാണ് ഇക്കാര്യം തെളിയിച്ചത്. വാട്ടര്‍ മാര്‍ക് ഉള്‍പ്പെടെയുള്ള അതീവസുരക്ഷാസംവിധാനങ്ങള്‍ സാധ്യമാക്കുന്ന അച്ചടിയന്ത്രങ്ങള്‍ ഉപയോഗിച്ചു മാത്രം അച്ചടിച്ചതായിരുന്നു നോട്ടുകളെല്ലാം.


പാകിസ്ഥാനില്‍ നിന്നുള്ള 500 രൂപാകള്ളനോട്ടുകള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുമെന്ന ഘട്ടവുമെത്തിയിരുന്നു. കള്ളപ്പണവും കള്ളനോട്ടുമെല്ലാം വഴി 2002നും 2011നും ഇടയില്‍ ഇന്ത്യയ്ക്ക് 400 ബില്യണ്‍ ഡോളര്‍ നഷ്ടം വന്നതായും റിപ്പോര്‍ട്ടുകളുണ്ടായി. അതോടെ കോടിക്കണക്കിനു വരുന്ന കള്ളപ്പണം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ കള്ളനോട്ടിനെ പടികടത്താനുള്ള ശ്രമവും ഇന്ത്യ ശക്തമാക്കുകയായിരുന്നു. അതിനിടെയാണ് ഭീകരര്‍ 500 രൂപ കള്ളനോട്ട് വ്യാപകമായി ഉപയോഗിക്കുന്നെന്ന കാര്യം മോദി തന്നെ പുറത്തുവിട്ടത്.
അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും നാളെ മുതല്‍ ഡിസംബര്‍ 30വരെ (50 ദിവസം) നിക്ഷേപിക്കാം.
നിക്ഷേപിക്കുന്ന പണം ആവശ്യാനുസരണം പിന്‍വലിക്കാം. ആദ്യ ഏതാനും ദിവസങ്ങളില്‍ ദിവസം 10,000 രൂപവരെയും ആഴ്ചയില്‍ പരമാവധി 20,000 രൂപവരെയും പിന്‍വലിക്കാം. പിന്‍വലിക്കാവുന്ന തുകയുടെ തോത് ക്രമേണ വര്‍ധിപ്പിക്കും. കൈവശമുള്ള 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30വരെ ബാങ്കിലോ പോസ്റ്റ് ഓഫിസിലോ നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദിഷ്ട ഓഫിസുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാവും. പണം നിക്ഷേപിക്കുന്നതു സംബന്ധിച്ച ഡിക്ലറേഷന്‍ നല്‍കണം. നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ആധാര്‍, വോട്ടര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. രാജ്യാന്തര വിമാനത്താവളങ്ങളില്‍നിന്നു വിദേശത്തേക്കു പോകുന്നവര്‍ക്കും വിദേശത്തുനിന്നു വരുന്നവര്‍ക്കും പരമാവധി 5000 രൂപയുടെവരെ നോട്ടുകള്‍ മാറിയെടുക്കാനും മറ്റന്നാള്‍ അര്‍ധരാത്രിവരെ സൗകര്യം. ചെക്ക്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ ഉപയോഗത്തിനും ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കും നിയന്ത്രണമില്ല.
രാജ്യത്തെ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളിലെല്ലാം പരമ രഹസ്യമായി 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചു. എന്നുമുതല്‍ നല്‍കാമെന്ന നിര്‍ദേശം ഇതുവരെ വന്നിട്ടില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചുതുടങ്ങുമെന്നു കരുതുന്നു. എന്നാല്‍, 500 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കുറച്ചുകൂടി കാലതാമസം ഉണ്ടാവുമെന്നു പ്രമുഖ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.

ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ചെക്കോ ഡിഡിയോ നല്‍കാം. നാളെമുതല്‍ ബാങ്കുകളില്‍നിന്നു ഡിമാന്‍ഡ് ഡ്രാഫ്റ്റ് ലഭിക്കും. കള്ളപ്പണം കൈമാറ്റം ചെയ്യുന്നതു കറന്‍സി രൂപത്തിലാണ്. അതു കുറച്ചുകൊണ്ടുവന്നു രേഖകളില്‍ ഉള്‍പ്പെടുന്നവിധം ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ചെക്ക് - ഡിഡി വഴിയോ പണം കൈമാറുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതാണു സര്‍ക്കാര്‍നയം.
ഇതൊക്കെ നോക്കിയാല്‍ മനസ്സിലാകുന്നത് കള്ളപ്പണക്കാര്‍ കുടുങ്ങുമെന്നു മാത്രമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനകള്‍, സ്വരുക്കൂട്ടിയ കള്ളപ്പണം, കണക്കില്‍പ്പെടുത്താതെ മാറ്റിവച്ച തുക എന്നിവയൊക്കെ വെറും കടലാസായി മാറും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സകല കള്ളക്കളികളും പൊളിഞ്ഞു പാളീസാവും. പണം കൈയില്‍ വച്ച് വിറ്റും വാങ്ങിയും മറിച്ചു വിറ്റും കാശുണ്ടാക്കുന്ന ബ്രോക്കര്‍മാരുടെ ചങ്കിടിപ്പ് നിലയ്ക്കും. കൈക്കൂലിയായിട്ടോ ഹവാല വഴിയോ വസ്തുവില്‍പനയിലൂടെയോ മറ്റേതെങ്കിലും അനധികൃത മാര്‍ഗത്തിലൂടെയോ വന്‍തോതില്‍ കള്ളപ്പണം 500, 1000 നോട്ടുകളായി സൂക്ഷിക്കുന്നവര്‍ പിച്ചച്ചട്ടിയെടുക്കും. എന്തായാലും, രാഷ്ട്രത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കായി നരേന്ദ്രമോദി സ്വീകരിച്ച ധീരമായ തീരുമാനം പ്രശംസനാര്‍ഹം തന്നെ.
 
Other News in this category

 
 




 
Close Window