Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
വിമാന ജോലിക്കാരുടെ സമരത്തില്‍ യാത്ര മുടങ്ങുന്നവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ട്
editor
വിമാനത്തിലെ ജോലിക്കാര്‍ നടത്തുന്ന സമരം യുകെയിലെ വിദേശികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ വീണ്ടും ബ്രിട്ടീഷ് എയര്‍വെയ്‌സിലെ ജീവനക്കാര്‍ സമരത്തിനു തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. തൊഴിലാളികളുടെ പണി മുടക്കില്‍ ഫ്രാന്‍സില്‍ 930 സര്‍വീസുകളാണ് അടുത്തിടെ ലുഫ്താന്‍സയ്ക്ക് റദ്ദു ചെയ്യേണ്ടി വന്നത്. ജനങ്ങളെ എത്രത്തോളം കഷ്ടപ്പെടുത്തുന്നുണ്ട് എന്നു പരിശോധന നടത്തിയ ശേഷമല്ല ഈ സമരങ്ങള്‍ അരങ്ങേറുന്നത്. വ്യോമയാന മേഖലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ യാത്രക്കാര്‍ക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍ സര്‍ക്കാര്‍ വഹിക്കണം. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കണം. ഈ രണ്ട് ആവശ്യങ്ങളും ന്യായമാണെന്ന് ഏതു കോടതിയും സമ്മതിക്കും. എത്രയോ തവണ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ മാനിച്ച് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.
ബ്രിട്ടീഷ് എയര്‍വെയ്‌സിലെ ജീവനക്കാരുടെ സംഘടന നല്‍കുന്ന പ്രാഥമിക വിവരം അനുസരിച്ച് നാലുദിവസത്തെ സമരത്തിനാണ് സാധ്യത. നിലവിലെ തീരുമാനപ്രകാരം ഈമാസം 17 മുതല്‍ പണിമുട
ക്കാനാണ് ആലോചിക്കുന്നത്. ക്യാബിന്‍ ക്രൂ ജീവനക്കാരാണ് പണിമുടക്കിനു തയാറെടുക്കുന്നത്. വേതനപ്രശ്‌നമാണ് സമരത്തിന് ആധാരം.

ജീവനക്കാരുടെ സംഘടനയായ മിക്‌സഡ് ഫല്‍റ്റ് യുണൈറ്റിനു കീഴിലുള്ളവരാണ് പണിമുടക്കിനൊരുങ്ങുന്നത്. വേതനക്കുറവുമൂലം തങ്ങള്‍ക്ക് മറ്റു ജോലികള്‍ തേടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതര്‍ക്കു മുന്നിലെത്തിയിട്ടും അനുകൂല പ്രതികരണമൊന്നുമുണ്ടായില്ലെന്നും ജീവനക്കാര്‍ പറയുന്നു. യുണൈറ്റ് അംഗങ്ങളാണ് സമരത്തിന് ഒരുങ്ങുന്നതെങ്കിലും ഇതുമൂലം സര്‍വീസുകള്‍ താറുമാറാകാനുള്ള സാധ്യതയാണ് മേഖലയിലുള്ളവര്‍ പങ്കുവയ്ക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ജനുവരിയിലും ഈമാസം ആദ്യദിവസങ്ങളിലും യുണൈറ്റ് അംഗങ്ങള്‍ സമരം ചെയ്തിരുന്നു. എന്നാല്‍ അന്നത്തേതിനു സമാനമായി യാത്രക്കാര്‍ക്ക് ദുരിതമൊന്നുമുണ്ടാകാത്ത രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കുമെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് അധികൃതരുടെ അവകാശവാദം. 14 നു ചേരുന്ന യോഗത്തിനുശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും സമരദിവസങ്ങളിലെ സര്‍വീസ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ യോഗശേഷം അറിയിക്കുമെന്നുമാണ് ബി.എ. അധികൃതര്‍ പറയുന്നത്. തങ്ങള്‍ മുന്നോട്ടുവച്ച ശമ്പളവര്‍ധന ബി.എയില്‍ പണിയെടുക്കുന്ന 92[%] ജീവനക്കാരും സമ്മതിച്ചതാണെന്നും എന്നിട്ടും സമരവുമായി മുന്നോട്ടുപോകാനുള്ള യുണൈറ്റിന്റെ തീരുമാനം ഖേദകരമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഈ സാഹചര്യം മുന്‍ നിര്‍ത്തി ഫ്രാന്‍സിലുണ്ടായ വിമാന സമരം പരിശോധിക്കപ്പെടണം. 930 വിമാന സര്‍വീസുകളാണ് ഒറ്റയടിക്ക് ലുഫ്താന്‍സ എയര്‍ലൈന്‍സിനു റദ്ദാക്കേണ്ടി വന്നത്. ഒരു ലക്ഷത്തിലധികം യാത്രക്കാരെ ഇതു പ്രതികൂലമായി ബാധിച്ചു. കാബിന്‍ ക്രൂ ജീവനക്കാരുടെ സമരംമൂലം നേരത്തെ 2800 വിമാന സര്‍വീസുകള്‍ ലുഫ്താന്‍സ റദ്ദാക്കിയിരുന്നു. മൂന്നു ലക്ഷത്തിലധികം യാത്രക്കാരെയാണ് ഇത് ബാധിച്ചത്. ശമ്പള പരിഷ്‌കരണം, മെച്ചപ്പെട്ട ജോലി സൌകര്യങ്ങള്‍, പെന്‍ഷന്‍ പരിഷ്‌കരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ കാബിന്‍ ക്രൂ ജീവനക്കാരുടെ സംഘടന പണിമുടക്കു പ്രഖ്യാപിച്ചത്. ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ഡസല്‍ഡോര്‍ഫ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസുകളെയാണു സമരം ഏറ്റവും പ്രതികൂലമായി ബാധിച്ചു. ഇതിലുണ്ടായ നഷ്ടങ്ങള്‍ ആരു നികത്തും?

അവധിക്കാല യാത്രകള്‍ക്കും മറ്റുമായി എയര്‍ലൈന്‍സുകളുടെ സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്.എന്നാല്‍ മുന്നറിയിപ്പോടെയും അല്ലാതെയും ഈ എയര്‍ലൈന്‍സുകള്‍ സര്‍വീസ് മുടക്കുന്നത് അടുത്തയിടയായി വര്‍ദ്ധിച്ചിരിക്കുകയാണ്.ഈ എയര്‍ലൈന്‍സുകളെ കണക്ഷന്‍ ഫ്‌ലൈറ്റായി ഉപയോഗിക്കുന്നവരാണ് ഏറെ കഷ്ടപ്പെടേണ്ടി വരിക. ഇതിനൊപ്പം വിമാന കമ്പനികള്‍ നഷ്ടത്തിലോടുന്ന കണക്കുകളും പരിശോധിക്കണം. ഇന്ത്യയില്‍ കിങ്ഫിഷറിന്റെ അവസ്ഥ നോക്കുക. സ്വകാര്യ വിമാന കമ്പനിയായ കിങ്്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് വ്യോമയാന വകുപ്പ് (ഡിജിസിഎ) റദ്ദാക്കി. നോട്ടീസിന്‍മേല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ കമ്പനിയോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം നല്‍കണമെന്നായിരുന്നു കിങ്ഫിഷറിന്റെ നിലപാട്. ഏഴായിരം കോടി രൂപയോളം കടബാധ്യതയുള്ള കിങ്ഫിഷര്‍ കഴിഞ്ഞ ഏഴുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. സെപ്തംബര്‍ 30 മുതല്‍ ഇരുന്നൂറ്റമ്പതോളം എഞ്ചിനിയര്‍മാര്‍ ആരംഭിച്ച പണിമുടക്കില്‍ പിന്നീട് പൈലറ്റുമാരും അണിചേരുകയായിരുന്നു. സമരക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
വ്യോമയാന മേഖലയെ തകര്‍ക്കുന്ന സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. യാത്രാ ദുരിതം സൃഷ്ടിക്കുന്ന സമരങ്ങള്‍ ജനദ്രോഹമാണ്. ഹര്‍ത്താല്‍ പോലെയോ ബന്ദ് പോലെയോ കണക്കാക്കാവുന്ന സമരങ്ങള്‍ക്കെതിരേ ശക്തമായ നടപടിയാണ് ആവശ്യം. യാത്രയ്ക്ക് മറ്റു വഴികളില്ലെന്ന സാഹചര്യം ചൂഷണം ചെയ്തുള്ള സമരങ്ങള്‍ക്കെതിരേ കോടതിയിലേക്കു നീങ്ങുന്നതാണ് ഉചിതമായ മാര്‍ഗം.
 
Other News in this category

 
 




 
Close Window