Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഹൃദയാഘാതം പോലെയൊരു തിരഞ്ഞെടുപ്പ് ആരെ ജയിപ്പിക്കാനാണ് ?
editor
രണ്ടു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന് പ്രധാനമന്ത്രി തെരേസാ മേ പ്രഖ്യാപിച്ചിരിക്കുന്നു. 2020ല്‍ നടത്തേണ്ട ഇലക്ഷന്‍ മൂന്നു വര്‍ഷം മുന്‍കൂട്ടി നടത്തിയാല്‍ ജനങ്ങള്‍ക്ക് എന്തു നേട്ടം? ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചാ വിഷയമാകും. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ഉടമ്പടി പാര്‍ലമെന്റ് അംഗീകരിക്കുമോ എന്ന കാര്യത്തില്‍ തെരേസാ മേയ്ക്ക് യാതൊരു ഉറപ്പുമില്ല. അതുപോലെ സ്‌കോട്‌ലന്‍ഡ് വീണ്ടും ഹിത പരിശോധന ആവശ്യപ്പെടുമ്പോള്‍ എന്തു മറുപടി പറയണമെന്ന് പ്രധാനമന്ത്രിക്ക് യാതൊരു നിശ്ചയവുമില്ല. ഈ സാഹചര്യത്തെ മറി കടക്കാന്‍ രാഷ്ട്രത്തെ മൊത്തം ഒറ്റ വികാരത്തിലേക്ക് ഉയര്‍ത്തുക മാത്രമാണ് പോംവഴി. ഈ തന്ത്രംകൊണ്ട് ജനങ്ങള്‍ക്ക് എന്തു നേട്ടമെന്നതായിരിക്കും വരും ദിവസങ്ങളിലെ ചര്‍ച്ച.
യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് കൂടുതല്‍ സുസ്ഥിരവും ദൃഢതയും ശക്തവുമായ നേതൃത്വം ആവശ്യമുണ്ടെന്നാണ് ഇലക്ഷന്‍ പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേ പറഞ്ഞത്. എന്നു വച്ചാല്‍ തെരേസാ മേയ്ക്ക് ഈ സാഹചര്യത്തെ നേരിടാനുള്ള കഴിവില്ല എന്നാണോ അര്‍ഥമാക്കുന്നത്? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അര്‍ഥവ്യാപ്തി വ്യക്തമല്ല. ലേബര്‍ പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ത്തല്ല് മുതലെടുക്കാന്‍ പറ്റിയ അവസരം ഇതാണെന്നു കൂടി ബുദ്ധിയുള്ള മേ കരുതുന്നു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പുണ്ടായാല്‍ സ്വന്തം പാര്‍ട്ടിയെ വിജയത്തിലെത്തിക്കാമെന്ന് മേയ്ക്ക് ഉറപ്പുണ്ട്. അങ്ങനെയെങ്കില്‍ ആരാകും പ്രധാനമന്ത്രി? പ്രശ്‌നങ്ങളെ നേരിടാന്‍ ശക്തിയുള്ള നേതാവ് എന്നു മുന്‍കൂര്‍ പറഞ്ഞു വയ്ക്കുന്നത് ആരുടെ പേരാണ് ?

ഉപരിസഭയിലെ തിരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഓരോ നടപടികളും ബ്രക്‌സിറ്റില്‍ സര്‍ക്കാരിന് എതിരാണ്. അതിനാലാണ് മുന്‍ നിലപാടില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പിന് തയാറാകുന്നത്. രാജ്യത്തിന് ഇത് ഇപ്പോള്‍ ആവശ്യമാണ്.'' തിരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കില്‍ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയക്കളി തുടരും. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തുമ്പോള്‍ പൊതു തിരഞ്ഞെടുപ്പു വരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരിന് രാജ്യതാല്‍പര്യത്തിന് അനുസൃതമായി ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

പല കക്ഷികളും ഈ അവസരത്തില്‍ കളിക്കുകയാണ്. വിജയകരമായ ബ്രെക്‌സിറ്റ് കൊണ്ടുവരാനുള്ള നമ്മുടെ ശ്രമത്തിന് അത് വിഘാതം സൃഷ്ടിക്കുന്നു. അത് രാജ്യത്തിന് കുറച്ച് അനിശ്ചിതത്വവും അസ്ഥിരതയും സമ്മാനിച്ചുവെന്നും അവര്‍ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിത്. എന്നാല്‍ ചില ഘടകങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. അതിനുള്ള അവസരമാണിത്.

ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിങ്കെില്‍ അത് കൂടുതല്‍ രാഷ്ട്രീയ കളികള്‍ക്ക് വഴിയൊരുക്കും. അതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി വഴക്ക് കൂടി കണ്ടാണ് മേയുടെ നീക്കം. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തന്റെ കക്ഷിക്ക് വിജയം സുനിശ്ചിതമാണെന്ന് അവര്‍ കരുതുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെബി കോര്‍ബിനും സ്വാഗതം ചെയ്തു.
ബ്രക്‌സിറ്റിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷകക്ഷികളെ പേരെടുത്തു വിമര്‍ശിച്ചുകൊണ്ടായിരുന്നു തെരേസ മേയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ''ബ്രക്‌സിറ്റിന്റ അന്തിമ ഉടമ്പടി വ്യവസ്ഥകളെ എതിര്‍ക്കുമെന്നാണ് ലേബറിന്റെ ഭീഷണി. സര്‍ക്കാര്‍ നടപടികളെ തടസപ്പെടുത്താനാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ ശ്രമം. ചര്‍ച്ചകള്‍ക്കെതിരേ വോട്ടുചെയ്യുമെന്നും സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് വേണമെന്ന് സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി നിലപാടെടുക്കുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ബുധനാഴ്ച ഇതു പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. വരും ദിവസങ്ങള്‍ ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും വേദിയൊരുങ്ങും. ഇതിനിടയില്‍ പൊതു ജനങ്ങള്‍ക്ക് എന്തെല്ലാം നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുകയെന്ന കാര്യം കാത്തിരുന്നു കാണുകയല്ലാതെ വേറെ നിവൃത്തിയില്ല.
 
Other News in this category

 
 




 
Close Window