Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
സൗമ്യേ, പ്രിയപ്പെട്ട സഹോദരീ, നിര്‍ഭയയ്‌ക്കൊപ്പം നിന്റെ പേരും ഞങ്ങള്‍ ഓര്‍ക്കുന്നു
editor
ഞാന്‍ ഇന്ത്യക്കാരിയാണ് എന്നു പറയുന്നത് സ്വന്തം അഭിമാനത്തിന്റെ, സ്ത്രീയെന്ന പദവിയുടെ മഹത്വമായി കാത്തു സൂക്ഷിക്കുന്നവരാണ് ഇന്ത്യയില്‍ ജനിച്ചുവെന്ന് അഭിമാനിക്കുന്ന സ്ത്രീകളെല്ലാം. ഇന്ത്യക്കാരില്‍ എല്ലാവരേയും എന്റെ സഹോദരീ സഹോദരന്മാരെപ്പോലെ സംരക്ഷിക്കാമെന്നു സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ് നമ്മളെല്ലാവരും. അവരിലൊരാളായിരുന്ന നിര്‍ഭയ എന്ന പെണ്‍കുട്ടിയെ നമ്മുടെ കൂട്ടത്തില്‍ ചിലര്‍ ചേര്‍ന്ന് പിച്ചിച്ചീന്തുന്നത് തടയാന്‍ നമുക്കായില്ല. അവളുടെ കുടുംബത്തിന്റെ വേദന ഇന്നും നമ്മളുടെ ഓരോരുത്തരുടേയും വീടുകളില്‍ വേദനയായി മുഴങ്ങിയില്ലെങ്കില്‍ നമ്മള്‍ കുട്ടിക്കാലത്ത് ഏറ്റു ചൊല്ലിയ സത്യവാചകം വെറുംവാക്കായിപ്പോകും. നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ഇല്ലാതാക്കിയ മനുഷ്യമൃഗങ്ങളുടെ മുഖം സുപ്രീംകോടതി കണ്ടെത്തി, അവര്‍ ഭൂമിയില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്ന് ഉത്തരവിട്ടിരിക്കുന്നു. അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം അ എന്നു പറഞ്ഞു പഠിച്ച, നമ്മളില്‍ ഒരാളായ, നമ്മളുടെ സ്വന്തം കുടുംബാംഗമായ സൗമ്യ എന്ന മലയാളിപ്പെണ്‍കുട്ടിയെ ഓര്‍ക്കാനുള്ള അവസരമാണിത്.
ഇനി, ഇന്നുണ്ടായ സുപ്രീം കോടതിയുടെ വിധി സംബന്ധിച്ചുള്ള വാര്‍ത്ത നോക്കുക:

2012ലെ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളി. പ്രതികളുടേത് ക്രൂരവും പൈശാചികവും നിഷ്ഠൂരവും മനുഷ്യമനഃസാക്ഷിയെ നടുക്കിയതുമായ നടപടിയാണെന്നും അവര്‍ ഒരുവിധത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതിമുറിയില്‍ ഉണ്ടായിരുന്ന നിര്‍ഭയയുടെ മാതാപിതാക്കളും അഭിഭാഷകരും നിറഞ്ഞ കയ്യടിയോടെയാണ് വിധിയെ സ്വീകരിച്ചത്.

ശിക്ഷ കുറയ്്ക്കാവുന്ന ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. ആ ഡിസംബര്‍ 16 വന്‍ വിനാശത്തിന്റെ ഇരുണ്ട രാത്രിയായിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ മറ്റൊരു ശിക്ഷയും ഇവര്‍ക്ക് നല്‍കാനാവില്ല. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും മൂന്നു ജഡ്ജിമാരും ഒരുപോലെ വിലയിരുത്തി. സിസിടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമാണ്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം സംശയമില്ലാതെ തെളിയിക്കപ്പെട്ടു.

ക്രിമിനല്‍ ഗൂഢാലോചന കുറ്റവും നിലനില്‍ക്കുന്നതാണെന്നും കോടതി കണ്ടെത്തി. പ്രതികളുടെ പ്രവൃത്തി രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഇരയുടെയും പ്രതികളുടേയും ഡി.എന്‍.എ പരിശോധന പോലെയുള്ള ശാസ്ത്രീയ തെളിവുകള്‍ സംഭവത്തില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കി. ഇരയ്‌ക്കൊപ്പം ബസിലുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയും പ്രതികള്‍ക്ക് എതിരാണ്. പെണ്‍കുട്ടിയുടെ മരണമൊഴിയും ശക്തമായ തെളിവാണ്. ഇരയ്ക്കു മേല്‍ ബസ് ഓടിച്ചുകയറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ഗൂഢാലോചനയാണെന്നും കോടതി വിലയിരുത്തി.

പ്രതികള്‍ ഇരയുടെ മേല്‍ ഏല്‍പ്പിച്ച ക്രൂരമായ മുറിവുകളും കുറ്റകൃത്യത്തിന്റെ സ്വഭാവവും പരിഗണിച്ച് ശിക്ഷ ശരിവയ്ക്കുകയാണെന്ന് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് ഭാനുമതി എന്നിവര്‍ പറഞ്ഞു. ഇരു ജഡ്ജിമാരും പ്രത്യേകം വിധിന്യായങ്ങള്‍ എഴുതിയിരുന്നു. വധശിക്ഷ ശരിവച്ചതോടെ പ്രതികള്‍ക്കു മുന്നിലുള്ള വാതിലുകള്‍ അടയുകയാണ്. തിരുത്തല്‍ ഹര്‍ജിയും രാഷ്ട്രപതിക്കു മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിക്കാനും മാത്രമാണ് ഇനി അവകാശമുള്ളത്.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസ് ജീവനക്കാരായ ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തുകയും മൃതപ്രായമാക്കിയശേഷം റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ചികിത്സയില്‍ കഴിയവേ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണമടഞ്ഞു.

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി ഒഴികെയുള്ളവര്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി പിന്നീട് ശിക്ഷ ശരിവച്ചു. പ്രതികളിലൊരായ രാം സിംഗിനെ 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിരുന്നു. അവശേഷിക്കുന്ന പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

കേസിനെ സഹായിക്കുന്നതിനായി കോടതി അമിക്ക്യസ് ക്യൂറിയെ നിയോഗിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, സഞ്ജയ് ഹെഡ്ഡെ എന്നിവരെയാണ് നിയമിച്ചത്. പ്രതികള്‍ക്ക് നീതിപൂര്‍വ്വമായ വിചാരണ നിഷേധിക്കപ്പെട്ടുവെന്ന് രാജു രാമചന്ദ്രന്‍ സമര്‍പ്പിച്ച ഏഴ് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ മതിയായ തെളിവുകളില്ലായിരുന്നുവെന്ന് ഹെഡ്ഡെയും ഉന്നയിച്ചു.
കോടതിയില്‍ നിന്നു കിട്ടിയ വാര്‍ത്താ കുറിപ്പിന്റെ വിശദാംശങ്ങള്‍ വായിച്ചുവല്ലോ. ഇനി നമ്മള്‍ ഓരോരുത്തരും ആ അമ്മയുടെയും അച്ഛന്റെയും മനസ്സിനെക്കുറിച്ച് ചിന്തിക്കണം. മകളെ മടക്കി നല്‍കാന്‍ ഏതൊരു കോടതിയുടെ വിധിക്കും കഴിയില്ല. പ്രതികള്‍ ഇല്ലാതായാല്‍ അവരുടെ മകള്‍ തിരിച്ചു വരുകയുമില്ല. പക്ഷേ, ഇത്തരം ക്രൂരകൃത്യം ഇനി ലോകത്ത് എവിടെയും സംഭവിക്കരുത് എന്നു പറയാനുള്ള കരുത്താവണം ഈ കോടതി വിധി. മനുഷ്യര്‍ മൃഗമായി മാറുന്നതിനു മുന്‍പ് ഓര്‍ക്കും വിധം ശക്തമായ താക്കീതാവണം ഈ വിധി.
 
Other News in this category

 
 




 
Close Window