Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ബന്ധങ്ങള്‍ മലയാളികളുടെ ഉറക്കം കെടുത്തുന്നു
editor
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന വിപത്തിന്റെ വേരുകള്‍ കേരളത്തില്‍ പടരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പൈശാചിക സംഘടനയുമായി ബന്ധമുള്ള ആലപ്പുഴക്കാരനെ പിടികൂടിയതാണ് ഏറ്റവുമൊടുവിലെ സംഭവം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില സംഘടനാ നേതാക്കളെ വധിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ലോകത്തെ മുച്ചൂടും ചുട്ടെരിച്ച് സമാധാന ജീവിതം തകര്‍ക്കുന്നവരുടെ അടുത്ത ലക്ഷ്യം എന്തായിരിക്കുമെന്ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ കണ്ടതാണ്. മരണത്തിനു പാലും തേനും ഒഴുകുന്ന സ്വര്‍ഗം നേടാന്‍ സഹജീവികളെ കൊന്നൊടുക്കുന്ന വിഡ്ഢിത്തരം ഇനിയും മനുഷ്യ ജീവനെടുക്കാനുള്ള സാഹചര്യം ഉണ്ടായിക്കൂടാ. രാജ്യത്തെ ഈ വിപത്തില്‍ നിന്നു മുക്തമാക്കാന്‍ എല്ലാവരും സ്വയം ജാഗ്രത പാലിക്കണം.
കഴിഞ്ഞ ഒക്ടോബറില്‍ കണ്ണൂര്‍ പാനൂര്‍ കനകമലയില്‍ ഐഎസ് ഘടകം ഉമര്‍ അല്‍ ഹിന്ദി നടത്തിയ രഹസ്യയോഗത്തില്‍ പങ്കെടുത്തവരുമായി പിടിയിലായ മലയാളികള്‍ അടുപ്പമുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ആരെയൊക്കെയാണ് ഇവര്‍ കേരളത്തില്‍ വല വീശിപ്പിടിച്ചിട്ടുള്ളതെന്നു വ്യക്തമല്ല. ഭീകരപ്രവര്‍ത്തനത്തിനായി അഫ്ഗാനിസ്ഥാനിലേക്കു കടന്ന ഐഎസ് അംഗങ്ങളുമായും ഇവര്‍ ആശയവിനിമയം നടത്തിയിരുന്നു. കനകമല അറസ്റ്റിനുശേഷം കേരളത്തിലെ ഐഎസ് മൊഡ്യൂള്‍ നിര്‍ജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണു സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഇവരുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടത്.
പിടിയിലായ മലയാളികള്‍ നല്‍കിയ വിവരങ്ങള്‍ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് തന്നെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്ത മലയാളി പറഞ്ഞു. അഫ്ഗാനിസ്ഥാനിലുള്ള അബ്ദുള്‍ റഷീദ് അവിടെയെത്താന്‍ ആവശ്യപ്പെട്ടതായി ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ് വെളിപ്പെടുത്തി. ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്നാണ് ഐഎസ് ബന്ധം സംശയിച്ചു ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ പറഞ്ഞത്.
അല്‍ ഉമ്മ ഭീകര സംഘടനയില്‍ നിന്നു പ്രദീഷ് വിശ്വനാഥനു വധഭീഷണിയുണ്ടായതായി ഐബി സംസ്ഥാന ഇന്റലിജന്‍സിനെ വിവരം അറിയിച്ചിരുന്നു. വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ കോഓര്‍ഡിനേറ്ററായുള്ള ഹിന്ദു ഹെല്‍പ് ലൈനിന്റെ ദേശീയ ജോയിന്റ് കോഓര്‍ഡിനേറ്ററാണു പ്രദീഷ് വിശ്വനാഥന്‍. കേരളത്തില്‍ വിഎച്ച്പിയുടെ ലവ് ജിഹാദ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും അദ്ദേഹമാണ്.
ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25), കോയമ്പത്തൂര്‍ ഉക്കടം സ്വദേശി അബ്ദുള്‍ റഹ്മാന്‍, കരുമ്പ്കടൈ സ്വദേശി എസ്. അബ്ദുള്ള എന്നിവരെ പോലെ ഐഎസിന് വഴങ്ങുന്നവരുടെ നീക്കങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന കാര്യം മനസ്സിലാക്കണം. കോയമ്പത്തൂരില്‍ ബി.ടെക് വിദ്യാര്‍ഥിയായ ബാസിലിന് നാട്ടുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ബാസില്‍ ഐ.എസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റിടുകയും ഫെയ്‌സ്ബുക്ക് ലിങ്ക് ഉപയോഗിക്കുകയും ചെയ്തിരുന്നെന്ന് എന്‍.ഐ.എ. കണ്ടെത്തി.
എം.സി.എ. കോഴ്‌സ് പൂര്‍ത്തിയാക്കിയ കോയമ്പത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ തൊഴില്‍രഹിതനാണ്. ഉക്കടത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് അബ്ദുള്ള. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഷജീര്‍ മംഗലശേരി(അബു അയിഷ)യുമായി മൂന്നുപേര്‍ക്കും അടുത്ത ബന്ധമുണ്ട്. ഷജീര്‍ രൂപം നല്‍കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ടെലിഗ്രാമിലും വ്യാജപ്പേരുകളില്‍ ഇവര്‍ സജീവമാണ്. പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കും. 80 സിഡികള്‍, മൂന്നു മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയാണു പിടിച്ചെടുത്തത്.
മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ്, ഡി.വി.ഡികള്‍ തുടങ്ങിയ സാധനങ്ങള്‍ ഇവരില്‍ നിന്നെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ഐ.എസ്. ബന്ധമുള്ള രേഖകളും ഇവരുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തു. ഐ.എസില്‍ ചേര്‍ന്ന മലയാളി അബ്ദുള്‍ റഷീദുമായി ബാസിലിന് ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചു.
ഏതു സമയത്താണ് സഹജീവികളെ കൊല്ലാന്‍ ഇവര്‍ക്ക് ഉത്തരവു വരുന്നതെന്ന് അറിയില്ലല്ലോ. മനുഷ്യരെ കൊന്നിട്ടു മരണ ശേഷം കിട്ടുന്ന സ്വര്‍ഗത്തില്‍ എന്തു നേട്ടമെന്നു ചിന്തിക്കാനുള്ള വിവേകമോ മനുഷ്യത്വമോ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയവരോട് ഉപദേശമല്ല വേണ്ടത്. വേരോടെ പിഴുതെറിയേണ്ട കളയാണ് ഭീകരവാദം, അത് ഏതു രൂപത്തിലായാലും പറിച്ചെറിയപ്പെടുക തന്നെ വേണം.
 
Other News in this category

 
 




 
Close Window