Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
പ്രവാസികളുടെ ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ വ്യക്തത വേണം
editor
ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ എന്ന ഏകീകൃത കാര്‍ഡ് സമ്പ്രദായം നടപ്പാക്കിയത് ഔദ്യോഗിക കൃത്യങ്ങളുടെ വേഗതയും സുരക്ഷയും അല്‍പ്പംകൂടി മെച്ചപ്പെട്ടതാക്കും. വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ഐഡന്റിറ്റിക്ക് ഒരു കാര്‍ഡ് എന്ന ആശയം അഭിനന്ദനം അര്‍ഹിക്കുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഇന്ത്യക്കാരനെ തിരിച്ചറിയാനും ഇന്ത്യക്കാരനു മറ്റുള്ളവരെ രേഖാമൂലം വ്യക്തിവിവരം ധരിപ്പിക്കാനും ആധാര്‍ ഉപകാരപ്പെടും.
ബാങ്ക് ഉള്‍പ്പെടെ വ്യക്തി രേഖകള്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതു ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വെള്ളിയാഴച രാവിലെ പത്തരയോടെയാണു വിധി പ്രസ്താവിക്കുക.
ആധാറിന്റെ കാര്യത്തില്‍ പ്രവാസികളുടെ ആശങ്കകളും സംശയങ്ങളും ഇപ്പോഴും നീങ്ങിയിട്ടില്ല. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ഏതു വിധത്തില്‍ നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി ബോധവത്കരണം നടത്തേണ്ടതുണ്ട്.
മൊബൈല്‍ ഫോണ്‍ സിം, ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ ഔദ്യോഗിക - വ്യക്തി വിരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തെക്കുറിച്ചറിയാന്‍ പ്രവാസികള്‍ എവിടെയാണ് ബന്ധപ്പെടേണ്ടത്? വിദേശ ഇന്ത്യക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഏത് ഓഫീസാണ് സഹായം നല്‍കുക? കുറച്ചു ദിവസത്തെ ലീവിന് നാട്ടിലെത്തുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആധാര്‍ എടുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കേണ്ടതല്ലേ? ഈ വക കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഏജന്റുമാര്‍ മുഖേനയോ, പണം വാങ്ങി സേവനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയോ ആധാറിന്റെ കാര്യങ്ങള്‍ക്കു സമീപിക്കേണ്ടി വരുന്ന പ്രവാസികള്‍ നട്ടം തിരിയുന്ന വിവരം സര്‍ക്കാര്‍ ഗൗരവമുള്ള കാര്യമായി പരിഗണിക്കേണ്ടതുണ്ട്.
എല്ലാ ബാങ്ക് അക്കൗണ്ടുകളും ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഡിസംബര്‍ 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളില്‍ ഇടപാട് നടത്താനാകില്ലെന്നും അവ അസാധുവാകുമെന്നും കേന്ദ്രം ഉത്തരവിട്ടിരുന്നു. കേന്ദ്ര റവന്യു വകുപ്പിന്റേതായിരുന്നു ഉത്തരവ്. എന്നാല്‍ അതു പിന്നീട് അനശ്ചിതമായി നീട്ടി.
പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പുതിയ തീരുമാനം. ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍കാര്‍ഡുമായി ഇത് ബന്ധിപ്പിക്കണമെന്നായിരുന്നു കോടതി നിര്‍േദശം.

സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി, ഗ്യാസ് സബ്‌സിഡി, റേഷന്‍, ജന്‍ ധന്‍ യോജന തുടങ്ങിയവയ്ക്ക് ആധാര്‍ ഉപയോഗിക്കാമെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞിരുന്നു. ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ ആധാര്‍ ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനോ, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാനോ ആധാര്‍ ഉപയോഗിക്കാം. പകരം ആദായ നികുതി പോലെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിബന്ധന വയ്ക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

സ്‌കൂള്‍ കുട്ടികളുടെ ഉച്ചകഞ്ഞിയടക്കമുള്ള പദ്ധതിക്ക് ആധാര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. നേരത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്ന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി വിവിധ മന്ത്രാലയങ്ങള്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് ആധാര്‍ ബന്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതിന്റെ തീയ്യതിയും സര്‍ക്കാര്‍ നീട്ടിയിരുന്നു. ഇതെല്ലാം രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് അത്യാവശ്യമായ കാര്യം തന്നെ. അത്തരം വിഷയങ്ങളില്‍ കൈ വയ്ക്കുമ്പോള്‍ രാജ്യത്തിന്റെ ഭാഗമായ പ്രവാസികളെയും ഉള്‍പ്പെടുത്തണം. പ്രവാസികള്‍ അയയ്ക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ രാജ്യത്തിന്റെ എല്ലാ രേഖകള്‍ക്ക് പ്രവാസികള്‍ അര്‍ഹരാണ്. മാതൃരാജ്യത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് കയ്യില്‍ കൊണ്ടു നടക്കാനുള്ള അവകാശം പ്രവാസികള്‍ക്കുണ്ട്.
 
Other News in this category

 
 




 
Close Window