Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഐയില്‍ പരസ്യപൊട്ടിത്തെറി
reporter

കൊച്ചി: അച്ചടക്ക് നടപടിക്ക് പിന്നാലെ എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി പി രാജുവും ജില്ലാ സെക്രട്ടറി കെഎം ദിനകരനും തമ്മില്‍ രൂക്ഷമായ വാക്പോര്. സിപിഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയതില്‍ പി രാജുവിനെതിരെയും നിക്സണെതിരെയും ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ തമ്മിലുള്ള വാക്പോര്.ജില്ലസമ്മേളനത്തിലെ കണക്കില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെ പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് തരം താഴ്ത്തിയതായും ഖജാന്‍ജിയായ നിക്സണെ ജില്ലാ എക്സിക്യൂട്ടിവീല്‍ നിന്നും ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതായും കെഎം ദിനകരന്‍ പറഞ്ഞു. സംഘടനാപരമായി പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ പ്രയാസമുണ്ട്. ഇതൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ട കാര്യങ്ങളാണ്. അതില്‍ തനിക്ക് സങ്കടമുണ്ട്. ജില്ലാ സമ്മേളനത്തില്‍ കണക്കില്‍ കൃത്രിമം കാണിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നത് അന്വേഷണ കമ്മീഷന് വ്യക്തമായി ബോധ്യപ്പെട്ടു.

പി രാജു തനിക്കെതിരെ ആരോപിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും കെഎം ദിനകരന്‍ പറഞ്ഞു.അതേസമയം, പാര്‍ട്ടി എറണാകുളം ജില്ലാ കമ്മറ്റിയില്‍ കടുത്ത വിഭാഗീയതയാണെന്ന് പി രാജു പറഞ്ഞു. ദിനകരന് തന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണെന്നും ഒറ്റക്ക് കിട്ടിയാല്‍ ജില്ലാ സെക്രട്ടറി തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരെ ജില്ലാ സെക്രട്ടറി നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി ഓരോരുത്തരെയായി തെരഞ്ഞുപിടിച്ച് പുറത്താക്കുകയാണ്. തനിക്കെതിരായ അച്ചടക്ക നടപടി പക്ഷപാതപരമാണ്. പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും പി രാജു പറഞ്ഞു.ഒരു രൂപപോലും അലവന്‍സ് വാങ്ങാതെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. കൃത്രിമ കള്ളകണക്കുണ്ടാക്കിയാണ് നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി കെഎം ദിനകരന്‍ സമ്പൂര്‍ണ പരാജയമാണ്. പാര്‍ട്ടിക്ക് എറണാകുളത്ത് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നും പി രാജു ആരോപിച്ചു.പി രാജു പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. അതേസമയം, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സിപിഐ പുറത്തുവിട്ടിട്ടില്ല.

 
Other News in this category

 
 




 
Close Window