തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പദ്ധതികളുടെ ഭാഗമായി 629 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും, നിര്‍മാണം പൂര്‍ത്തിയായ 32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരി 10നകം നാടിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി റോബോട്ടിക്‌സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി 'കൈറ്റ്' മുഖേന ഫെബ്രുവരിയില്‍ 2500 അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്‌മെന്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍ ഉപയോഗിച്ച് ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ബ്ലോക്ക് കോഡിങ്, പൈത്തണ്‍ പ്രോഗ്രാമിങ് എന്നിവയില്‍ കുട്ടികള്‍ക്ക് നൈപുണ്യം വളര്‍ത്താന്‍ ഇതിലൂടെ സഹായകരമാകും.
സംസ്ഥാനത്തെ 210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വഴി 420 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി 50 കോടി രൂപയുടെ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കാസര്‍ഗോഡ് കമ്പല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും കലാരംഗത്തെ പ്രതിഭയുമായ സച്ചുവിന് നാഷണല്‍ സര്‍വീസ് സ്‌കീം (NSS) വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഇത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ക്കായി www.hseportal.kerala.gov.in (hseportal.kerala.gov.in in Bing) എന്ന പുതിയ വെബ്‌സൈറ്റ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജീകരിച്ച് മന്ത്രി പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും പുതിയ പോര്‍ട്ടല്‍ വഴി ലഭ്യമാകും.
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണം പൂര്‍ത്തിയായിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി ഉള്‍പ്പെടെ 597 ടൈറ്റിലുകളിലുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങള്‍ ഫെബ്രുവരി രണ്ടാം വാരം പ്രകാശനം ചെയ്യും.
മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ഉയരുന്ന അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളെ തള്ളിക്കളയണമെന്നും, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി