തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ കടുത്ത അപമാനവും മാനസിക പീഡനവുമാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെറും 25 ദിവസം മാത്രമാണ് ഗ്രീമ ഭര്‍ത്താവ് ഉണ്ണികൃഷ്ണനൊപ്പം കഴിഞ്ഞത്. ഐശ്വര്യമില്ലെന്ന ആരോപണവുമായി ഭര്‍ത്താവ് ഗ്രീമയെ ഉപേക്ഷിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
അയര്‍ലണ്ടില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായ ഉണ്ണികൃഷ്ണന്‍ ആറു വര്‍ഷമായി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഐശ്വര്യക്കുറവുകൊണ്ടാണെന്ന് പറഞ്ഞ് നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് ആരോപണം. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴും അമ്മ സജിതയേയും ഗ്രീമയേയും ഉണ്ണികൃഷ്ണന്‍ അപമാനിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തി.
200ലധികം പവന്‍ സ്വര്‍ണവും വസ്തുവും വീടുമെല്ലാം നല്‍കിയിട്ടാണ് ഗ്രീമയെ വിവാഹം കഴിച്ചയച്ചതെന്നും, 25 ദിവസം കഴിഞ്ഞ് മകളെ ഉപേക്ഷിച്ചതിന്റെ അപമാനഭാരം താങ്ങാനാകാതെ അമ്മ സജിത വാട്സ്ആപ്പിലൂടെ ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ മുബൈ വിമാനത്താവളത്തില്‍ പൊലീസ് പിടിയിലായി. അമ്മ സജിത എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ഉണ്ണികൃഷ്ണന്റെ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമെന്ന് വ്യക്തമാക്കിയിരുന്നു.
സയനൈഡ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ ഗ്രീമയുടെ പിതാവ് കൃഷിവകുപ്പില്‍ ജോലി ചെയ്തിരുന്നതിനാല്‍ സയനൈഡ് ഉള്‍പ്പെടെയുള്ള കെമിക്കലുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. അച്ഛന്‍ കൊണ്ടുവച്ച സയനൈഡ് കഴിച്ചാണ് അമ്മയും മകളും ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ വാദം. ഒരു മാസം മുന്‍പാണ് ഗ്രീമയുടെ പിതാവ് രാജീവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്