ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മത്സരത്തില്‍ ഇറക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിച്ചാലും, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അദ്ദേഹം തന്നെ പ്രസിഡന്റായി തുടരണമെന്നതാണ് ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം.
കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് നിരവധി പേര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഈ നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വിഭജിക്കാനാണ് നിര്‍ദ്ദേശം. സണ്ണി ജോസഫ് മത്സരിച്ചാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്, കെ സി ജോസഫ്, എംപിമാരായ ആന്റോ ആന്റണി, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റിനെ മാറ്റുന്നത് ആഭ്യന്തര കലഹത്തിന് കാരണമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
ക്രിസ്ത്യന്‍ അധ്യക്ഷന്‍, നായര്‍ പ്രതിപക്ഷ നേതാവ്, ഈഴവന്‍ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ നിലവിലുള്ള സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. ഇതിനകം രൂപീകരിച്ച 17 അംഗ കോര്‍ കമ്മിറ്റി സംസ്ഥാനത്തെ പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. കൂട്ടായ നേതൃത്വത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുക എന്നതും ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നു.
ജനുവരി 27 മുതല്‍ 29 വരെ തിരുവനന്തപുരത്ത് ജില്ലാതല നേതാക്കളുമായും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും കെപിസിസി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ശബരിമലയിലെ സ്വര്‍ണ്ണ മോഷണം പോലുള്ള വിഷയങ്ങള്‍ യുഡിഎഫിന് ഗുണകരമാണെന്നും, വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കി ഇത്തരം വിഷയങ്ങള്‍ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടണമെന്നുമാണ് നിര്‍ദ്ദേശം. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (ജോസഫ്) ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്