ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിഷയം കൈകാര്യം ചെയ്ത രീതിയോട് രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോണിയ ഗാന്ധിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ അസന്തോഷമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സമീപനമാണ് സോണിയയുടെ പേര് കേസുമായി ബന്ധിപ്പിക്കപ്പെടാന്‍ കാരണമായതെന്നും, ഇതുവഴി സിപിഎമ്മിന് പ്രത്യാക്രമണം ശക്തമാക്കാന്‍ അവസരം ലഭിച്ചുവെന്നും രാഹുല്‍ ഗാന്ധി കരുതുന്നതായി സൂചന.
സ്വര്‍ണക്കൊളളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയോടും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവരോടും കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ പോര് ശക്തമായി. ഈ ചിത്രങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി.
നിയമസഭാ സമ്മേളനത്തിലും ശബരിമല സ്വര്‍ണക്കൊള്ള വലിയ ചര്‍ച്ചയായി. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും, അവര്‍ക്കൊപ്പം പോറ്റി കെട്ടിയ സ്വര്‍ണം ശബരിമലയില്‍ നിന്ന് അപഹരിച്ചതാണെന്നും മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. മന്ത്രി എം.ബി. രാജേഷും സഭയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
സോണിയക്കെതിരായ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് കത്ത് നല്‍കിയെങ്കിലും, പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി ക്ഷീണമായെന്ന് കരുതുന്നു. ചിത്രത്തെക്കുറിച്ച് വിശ്വാസയോഗ്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും, ഇത് സിപിഎമ്മിന് ശക്തമായ ആയുധമായി മാറിയെന്നും വിമര്‍ശനമുണ്ട്.
കൂടാതെ, പ്രതിഷേധത്തിന്റെ ഭാഗമായി ഉയര്‍ന്ന 'പോറ്റിയെ കേറ്റിയതാതരപ്പാ' എന്ന പാട്ട് അനാവശ്യമായിരുന്നുവെന്നും, അത് എല്‍ഡിഎഫ്-യുഡിഎഫ് വൈരം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിച്ചുള്ളൂവെന്നും പാര്‍ട്ടി അകത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്