കൊച്ചി: കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്ന നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രകടിപ്പിച്ചു. 'എന്തായാലും അതിവേഗ റെയില്‍ വരട്ടെ,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സില്‍വര്‍ലൈന്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ത്തത് പരിസ്ഥിതിയും സാമ്പത്തികവും സംബന്ധിച്ച ആശങ്കകളുടെ പേരിലാണെന്നും, അതിന് ശരിയായ ഡിപിആര്‍ ഉണ്ടായിരുന്നില്ലെന്നുമാണ് സതീശന്‍ പറവൂരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അദ്ദേഹം പറഞ്ഞു, 'കെ റെയിലിനെ എതിര്‍ത്തത് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ വേണ്ടെന്നല്ല. അതിവേഗ സഞ്ചാരത്തിനായി ബദലുകള്‍ പരിശോധിക്കണം. കാലാവസ്ഥ വ്യതിയാനം പ്രധാന ഘടകമായതിനാല്‍, ഇത്തരം പദ്ധതികള്‍ക്ക് പരിസ്ഥിതിക ആഘാത പഠനം നിര്‍ബന്ധമാണ്. 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് പണിതാല്‍ കേരളം എവിടെ പോകും?'
യുഡിഎഫ് സബ് കമ്മിറ്റി വിദഗ്ധരുമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കെ റെയില്‍ പ്രായോഗികമല്ലെന്ന് വിലയിരുത്തിയതെന്നും, സര്‍ക്കാര്‍ തന്നെ പിന്നീട് പദ്ധതി ഉപേക്ഷിച്ചതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'യുഡിഎഫ് സമരം ചെയ്തത് അതിവേഗ റെയില്‍ വേണ്ടെന്നല്ല. നല്ല നിര്‍ദേശങ്ങളെ യുഡിഎഫ് സ്വാഗതം ചെയ്യും. തിരുവനന്തപുരം-എറണാകുളം പാതയിലെ വളവുകള്‍ നിവര്‍ത്തി ഡബിള്‍ റെയില്‍ ലൈന്‍ പണിയുകയാണെങ്കില്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. കേരളത്തിന് സ്പീഡ് റെയിലും അടിസ്ഥാന സൗകര്യ വികസനവും വേണം,' എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍, അതിവേഗ റെയില്‍പാതയ്‌ക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് വ്യക്തമാക്കി. 'ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വികസനം നാടിന് ആവശ്യമില്ല. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. കെ റെയില്‍ പദ്ധതിയെ ഒരു നാട് മുഴുവന്‍ എതിര്‍ത്തതാണ്,' എന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു