കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്ലെക്സ് ബോര്‍ഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാലാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ തന്നെ ജില്ലാ പ്രസിഡന്റിന് പിഴ നോട്ടിസ് നല്‍കിയത്.
ബുധന്‍, വ്യാഴം ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകളും ബാനറുകളും നടപ്പാതകളിലും ഡിവൈഡറുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, ഇവ രണ്ടുമണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ വ്യാഴാഴ്ച വൈകിട്ട് കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ചില ബോര്‍ഡുകള്‍ മാറ്റിയതൊഴിച്ചാല്‍ പാര്‍ട്ടിയുടെ ഭാഗത്ത് കാര്യമായ ഇടപെടല്‍ ഉണ്ടായില്ല.
വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെ കണക്കെടുപ്പ് നടത്തിയ ശേഷമാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടിസ് നല്‍കിയത്. ആദ്യ നോട്ടിസിന് മറുപടി നല്‍കിയില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ക്കകം രണ്ടാമത് നോട്ടിസ് നല്‍കും. അതിനും മറുപടി ലഭിക്കാത്ത പക്ഷം രണ്ടു തവണ ഹിയറിങ് നടത്തേണ്ടതുണ്ടെന്നും, ഹിയറിങ്ങിലും പങ്കെടുത്തില്ലെങ്കില്‍ ജപ്തി നടപടികളിലേക്കു കടക്കാമെന്നും റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി