കോട്ടയം: ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ അവഗണിക്കപ്പെട്ട സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിക്കിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഹുലിനെ കണ്ടഭാവം നടിക്കാതെ കടന്നുപോയത്. മാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചടങ്ങിലേക്ക് കടന്നുവന്ന ചെന്നിത്തലയെ കണ്ട് നേരത്തെ തന്നെ സദസില്‍ ഉണ്ടായിരുന്ന രാഹുല്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. എന്നാല്‍ ചെന്നിത്തല അദ്ദേഹത്തെ കണ്ടിട്ടും ഗൗനിക്കാതെ നടന്നുനീങ്ങി. ചടങ്ങില്‍ പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം തന്നെയായിരുന്നു രാഹുലും ഇരുന്നത്.
അതേസമയം, പി ജെ കുര്യനുമായി രാഹുല്‍ നടത്തിയ സംഭാഷണം ശ്രദ്ധേയമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പിജെ കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഇരുവരുടെയും സംഭാഷണം.
പിന്നീട് നിലപാട് തിരുത്തി പിജെ കുര്യന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ''രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാലും ജയിക്കുമോ എന്ന ചോദ്യത്തിന് 'ആരു നിന്നാലും ജയിക്കും' എന്നാണ് പറഞ്ഞത്. പ്രചാരണം ശരിയല്ല'' എന്നും അദ്ദേഹം വ്യക്തമാക്കി