കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിയും ജനങ്ങളും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. നാലാം തവണയാണ് അദ്ദേഹം ജനവിധി തേടാനിറങ്ങുന്നത്.
മത്സരിക്കാനിറങ്ങുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചുമതലയ്ക്ക് പ്രശ്‌നമൊന്നുമുണ്ടാകില്ലെന്നും താത്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ''പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ മത്സരിച്ചില്ലേ. 2011-ല്‍ രമേശ് ചെന്നിത്തലയും അധ്യക്ഷനായിരിക്കെ മത്സരിച്ചു. അന്ന് ചുമതല കൈമാറിയിരുന്നില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 13-ന് സ്‌ക്രീനിങ് കമ്മിറ്റി ചേരും. അതിനു ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിക്കുക. നൂറിലേറെ സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എല്‍ഡിഎഫിനുള്ളിലെ അനൈക്യം വ്യക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സമാധാനപരമായ സമര മാര്‍ഗങ്ങളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ അത് സ്വാഗതം ചെയ്യുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി. 14 ജില്ലകളിലായി എംപിമാരും മുതിര്‍ന്ന നേതാക്കളും തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കും. കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തിരുവനന്തപുരം കെ മുരളീധരന്‍ എന്നിവരാണ് ചുമതലയുള്ളത്.
ശശി തരൂരിന്റെ രാഷ്ട്രീയ സജീവതയെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, ''തരൂരിന്റെ തിരിച്ചു വരവ് ജനങ്ങള്‍ വിലയിരുത്തട്ടെ. അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ആഗ്രഹിക്കുന്നു,'' എന്നും കൂട്ടിച്ചേര്‍ത്തു