തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുമായുണ്ടായ ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ തീരുമാനിച്ചു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് മാര്‍ച്ച് വരെ കാലാവധി ഉണ്ടായിരുന്നുവെങ്കിലും, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് പ്രശാന്ത് ഓഫീസ് മാറ്റാന്‍ തീരുമാനിച്ചത്.
മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ''തര്‍ക്കം അവസാനിക്കട്ടെ'' എന്നാണ് പ്രശാന്തിന്റെ പ്രതികരണം.
ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖ, തന്റെ വാര്‍ഡിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കാന്‍ പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീലേഖ ഫോണിലൂടെ നേരിട്ട് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു