കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്ക്കെതിരെ നടന്‍ ഹരീഷ് കണാരന്‍ ഉന്നയിച്ച 20 ലക്ഷം രൂപയുടെ കടപ്പാട് വിവാദമായിരിക്കെ, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരണവുമായി രംഗത്തെത്തി. ഹരീഷിന്റെ ആരോപണത്തില്‍ തന്നെപ്പോലെ തന്നെ ബാദുഷ പണം നല്‍കാനുണ്ടെന്ന പരാമര്‍ശം വന്നതോടെ, പ്രശ്നത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ധര്‍മജന്റെ പ്രതികരണം.
പ്രശ്നപരിഹാര ശ്രമം പരാജയപ്പെട്ടു
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു: ''ഹരീഷുമായി സംസാരിച്ചിരുന്നു. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അത് കേള്‍ക്കാന്‍ ഹരീഷ് കൂട്ടാക്കിയില്ല. ഇതാണ് പ്രശ്നം വഷളായത്.''
കുടുംബസുഹൃത്തിനോടുള്ള കടം
''കടം വാങ്ങിയയാള്‍ എന്റെ കുടുംബ സുഹൃത്താണ്. വളരെ നയപരമായി തീര്‍ക്കാവുന്ന പ്രശ്നമായിരുന്നു ഇത്. എന്റെ വീട്ടില്‍ വച്ച് മാന്യമായി തീര്‍ക്കാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമ ഇറങ്ങാനുണ്ട്, അത് കഴിഞ്ഞ് വിശദീകരണം നല്‍കാമെന്ന് പറഞ്ഞിരുന്നു,'' ധര്‍മജന്‍ വ്യക്തമാക്കി.
ഹരീഷുമായുള്ള സംഭാഷണം
ഹരീഷും നിര്‍മലും തന്റെ വീട്ടില്‍ വന്ന് വിശദമായി സംസാരിച്ചതായും നടപടിയുണ്ടാക്കാമെന്ന് പറഞ്ഞ് വിട്ടതായും ധര്‍മജന്‍ പറഞ്ഞു. ''പിറ്റേദിവസം വീണ്ടും ഇളക്ക് തുടങ്ങി. ചില കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാമായിരുന്നു. എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം, നിന്റെ കാര്യം സംസാരിച്ച് തീര്‍ക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അവന്‍ വീണ്ടും തുടങ്ങി. അതോടെ ഞാന്‍ വിട്ടു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപമാനവും പ്രതികരണവും
''ഒരാളെ നാറ്റിച്ച ശേഷം സോറി പറഞ്ഞിട്ട് കാര്യമില്ല. ആളുകളുടെ മുന്നില്‍ അപമാനിച്ചു. ഇനി പത്രസമ്മേളനം നടത്തി വ്യക്തമായ മറുപടി കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഞാന്‍ എങ്ങനെ ഇടപെടാനാണ്. രണ്ടുഭാഗത്തും ഇങ്ങനെയാണല്ലോ,'' ധര്‍മജന്‍ അഭിപ്രായപ്പെട്ടു.
സിനിമാ അവസരങ്ങളെക്കുറിച്ച്
ഹരീഷ് അമ്മയില്‍ പരാതി കൊടുത്തുവെന്നതും ഇടവേള ബാബു ഇരുന്ന് സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞതും ധര്‍മജന്‍ ഓര്‍മ്മിപ്പിച്ചു. ''സിനിമകള്‍ കുറയുന്നതിന് കാരണം അദ്ദേഹമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞാനും അവനും ഒരുമിച്ച് ഓടി നടന്ന് അഭിനയിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരു ദിവസം നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമയമാണ്. ഒരോ ഓട്ടത്തിനും ഒരു കിതപ്പുണ്ടാകും. ഇദ്ദേഹം മാത്രമല്ലല്ലോ സിനിമ ചെയ്യുന്നവര്‍. വേറെ ആളുകളും ഉണ്ട്,'' ധര്‍മജന്‍ വ്യക്തമാക്കി