കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അപമാനഭയത്തില്‍ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ ദീപക് ബസില്‍ കയറിയതു മുതല്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസ് തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയിരിക്കുകയാണ്. തിരക്കേറിയ ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണവുമായി യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിവാദം ശക്തമായതോടെ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു.
അന്വേഷണത്തിന്റെ ദിശ
- ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
- യുവതി പോസ്റ്റ് ചെയ്ത വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പൊലീസ് സൂചിപ്പിച്ചു.
- യുവതിയുടെ ഫോണ്‍ കണ്ടെത്തി വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
- കേസില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
പയ്യന്നൂരിലാണ് വീഡിയോയില്‍ പറഞ്ഞ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ട്. ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഒളിവിലുള്ള ഷിംജിത ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
തെളിവുകളും മൊഴികളും
വടകര പൊലീസിനെ വിളിച്ച് വിവരം അറിയിച്ചതായി യുവതി പറഞ്ഞിരുന്നെങ്കിലും അത്തരം വിവരം ലഭിച്ചിട്ടില്ലെന്ന് വടകര പൊലീസ് വ്യക്തമാക്കി. ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മെഡിക്കല്‍ കോളജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയും എടുത്തു.
സംഭവം
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്‌തൊടിയില്‍ യു. ദീപക് (40) ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസില്‍ മനഃപൂര്‍വം ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി ഉന്നയിച്ചതെന്നും ഇതേത്തുടര്‍ന്ന് ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു