ലണ്ടന്‍: വിലക്കയറ്റം ഉയര്‍ന്നതോടെ പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കാനുള്ള സാധ്യതകള്‍ കുറഞ്ഞതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഉപദേശകര്‍ വ്യക്തമാക്കി. മോര്‍ട്ട്‌ഗേജ് വിപണി പലിശ നിരക്കുകള്‍ ഘട്ടം ഘട്ടമായി കുറയുമെന്ന പ്രതീക്ഷയിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ വേഗത്തില്‍ പലിശ കുറയ്ക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇനി സാധ്യതയില്ലെന്നാണ് സൂചന.
മോണിറ്ററി പോളിസി കമ്മിറ്റി (MPC) അംഗം മെഗാന്‍ ഗ്രീന്‍ പറഞ്ഞതനുസരിച്ച്, യുകെയിലെ വരുമാന വളര്‍ച്ച ശക്തമായി തുടരുന്നതും യുഎസിലെ നിരക്ക് കുറയ്ക്കലുകളും ചേര്‍ന്നാണ് പലിശ കുറയ്ക്കലിന് തടസ്സം സൃഷ്ടിക്കുന്നത്. വേതനവര്‍ധന ജനങ്ങള്‍ക്ക് ഗുണകരമായിരുന്നാലും, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അത് വെല്ലുവിളിയാകുന്നുവെന്ന് ഗ്രീന്‍ വ്യക്തമാക്കി.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ എംപ്ലോയര്‍ സര്‍വേ പ്രകാരം, സ്ഥാപനങ്ങള്‍ ഈ വര്‍ഷം 3.5% വരുമാന വളര്‍ച്ച നല്‍കാനാണ് പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ വരുമാന വളര്‍ച്ച 4.5% ആയി കുറഞ്ഞിരുന്നെങ്കിലും പുതുവര്‍ഷത്തില്‍ വീണ്ടും ശക്തമാകുമെന്നാണ് സൂചന.
അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം യുകെയില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറിലെ 3.2% നിന്ന് ഡിസംബറില്‍ 3.4% ആയി പണപ്പെരുപ്പം വര്‍ധിച്ചു.
പണപ്പെരുപ്പം കൂടിയത് പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ MPC പലിശ നിരക്ക് 3.75% നിലനിര്‍ത്താനാണ് സാധ്യത. വിലക്കയറ്റം കുറഞ്ഞാല്‍ ഏപ്രിലോടെ പലിശ നിരക്കില്‍ മാറ്റമുണ്ടാകാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ജീവിത ചെലവ് കുറയ്ക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. എന്നാല്‍ വിലവര്‍ധന നിയന്ത്രിക്കാനായില്ലെങ്കില്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്