|
കാബിന്‍ ബാഗുകളില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിന് രണ്ട് പതിറ്റാണ്ടായി നിലനിന്നിരുന്ന 100 മില്ലി ലിറ്റര്‍ പരിധി ഔദ്യോഗികമായി നീക്കം ചെയ്തതായി ലണ്ടന്‍ ഹീത്രു അധികൃതര്‍ അറിയിച്ചു. ജനുവരി 23 മുതല്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെയുള്ള ദ്രാവകങ്ങള്‍ കൈവശം വയ്ക്കാം.
ഏകദേശം ഒരു ബില്യണ്‍ പൗണ്ട് ചെലവിട്ട് സ്ഥാപിച്ച അത്യാധുനിക സിടി (Computed Tomography) സ്‌കാനറുകളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. മെഡിക്കല്‍ സിടി സ്‌കാനറുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇവ ബാഗിനുള്ളിലെ വസ്തുക്കളുടെ 3D ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇതോടെ യാത്രക്കാര്‍ക്ക് പരിശോധനാ വേളയില്‍ ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവ പുറത്തെടുക്കേണ്ടതില്ല. ഷാംപൂ, പെര്‍ഫ്യൂം, കുടിവെള്ളം തുടങ്ങിയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളും ബാഗില്‍ തന്നെ സൂക്ഷിക്കാം. ദ്രാവകങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സിപ്-ലോക്ക് പ്ലാസ്റ്റിക് കവറുകള്‍ ഇനി ആവശ്യമില്ല.
പുതിയ സംവിധാനം പരിശോധനാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ നീക്കവുമാണ്. പ്രതിവര്‍ഷം 1.6 കോടി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഹീത്രു ചീഫ് എക്സിക്യൂട്ടീവ് തോമസ് വോള്‍ഡ്‌ബെ വ്യക്തമാക്കി. 2006-ല്‍ വിമാനങ്ങള്‍ തകര്‍ക്കാനുള്ള ഭീകരവാദ ശ്രമത്തെ തുടര്‍ന്നാണ് ദ്രാവകങ്ങള്‍ക്ക് ലോകവ്യാപകമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. |