Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ 'ചന്ദ്ര' കൊടുങ്കാറ്റ്; റെഡ്, ആംബര്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ആഞ്ഞടിക്കുന്ന 'ചന്ദ്ര' (Storm Chandra) കൊടുങ്കാറ്റും കനത്ത മഴയും ജനജീവിതം ദുസ്സഹമാക്കി. വടക്കന്‍ അയര്‍ലന്‍ഡ്, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ റെഡ്, ആംബര്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും കനത്ത മഴയും വ്യാപക നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്.

വടക്കന്‍ അയര്‍ലന്‍ഡില്‍ ഇരുന്നൂറിലധികം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ നിന്നുള്ള മുപ്പതോളം വിമാനങ്ങള്‍ റദ്ദാക്കി. റോഡുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതം നിലച്ചു. തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കടല്‍ത്തീരങ്ങളില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡെവന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നത് പ്രളയഭീതി വര്‍ധിപ്പിക്കുന്നു. പലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയും അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രധാന പാലങ്ങളും ഹൈവേകളും അടച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡും വടക്കന്‍ മേഖലകളും മഞ്ഞുവീഴ്ചയും ഐസും നേരിടാന്‍ സാധ്യതയുള്ളതിനാല്‍ വരും മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്.

ട്രെയിന്‍ ഗതാഗതവും കൊടുങ്കാറ്റ് ബാധിച്ചു. ട്രാക്കുകളില്‍ മരങ്ങള്‍ വീണതും സിഗ്‌നല്‍ തകരാറുകളും മൂലം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. യാത്രക്കാര്‍ സ്റ്റേഷനുകളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

ബ്രിട്ടനിലെ മലയാളി സംഘടനകള്‍ പ്രവാസികള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കനത്ത കാറ്റുള്ള സമയങ്ങളില്‍ മരങ്ങള്‍ക്കും പഴയ കെട്ടിടങ്ങള്‍ക്കും സമീപം പാര്‍ക്ക് ചെയ്യുന്നതും യാത്ര ചെയ്യുന്നതും ഒഴിവാക്കണമെന്ന് യുക്മ (UUKMA) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഓര്‍മിപ്പിച്ചു. രാത്രികാലങ്ങളില്‍ താപനില പൂജ്യത്തിന് താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ വീടുകളില്‍ മതിയായ ചൂട് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നാളെ രാവിലെ പത്തുമണി വരെ വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് തുടരുമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അപകടകരമായ സാഹചര്യങ്ങള്‍ കണ്ടാല്‍ അടിയന്തര നമ്പറുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു

 
Other News in this category

 
 




 
Close Window