|
നാഷണല്‍ പോലീസ് സര്‍വ്വീസ് രൂപീകരിക്കുന്നു. ബ്രിട്ടീഷ് എഫ്ബിഐ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലാണ് പുതിയ സര്‍വ്വീസ് വരുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍, തീവ്രവാദം, തട്ടിപ്പ്, ഓണ്‍ലൈന്‍ കുട്ടിപ്പീഡനം വരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ഈ സംഘം അന്വേഷണം നടത്തും.
തിങ്കളാഴ്ച ഹോം ഓഫീസ് പ്രഖ്യാപിക്കുന്ന ധവളപത്രത്തിലാണ് പുതിയ സംഘത്തെ അണിനിരത്തുന്നത്. ഇതോടെ തട്ടിപ്പ്, ക്രിമിനല്‍ സംഘങ്ങള്‍, രാജ്യത്ത് നടത്തേണ്ട തീവ്രവാദ അന്വേഷണങ്ങള്‍ എന്നിവ നാഷണല്‍ ക്രൈം ഏജന്‍സിയും, പ്രാദേശിക ക്രൈം യൂണിറ്റുകളും സംയുക്തമായി അന്വേഷിക്കുന്ന രീതികളും അവസാനിക്കും.
ഇതിന് പകരം ലോകോത്തരമായ കഴിവുറ്റ ഉദ്യോഗസ്ഥരെയും, നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ദേശീയ തലത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ പോലീസ് സര്‍വ്വീസിനെ ഇറക്കുകയാണ് ചെയ്യുക. ഇതോടെ ലോക്കല്‍ പോലീസ് ഓഫീസര്‍മാരുടെ സേവനങ്ങള്‍ ഗുരുതരമല്ലാത്ത, കുറഞ്ഞ സങ്കീര്‍ണ്ണതയുള്ള കുറ്റകൃത്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം നല്‍കും. ഷോപ്പ് മോഷണങ്ങളും, സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങളും ഉള്‍പ്പെടെ ലോക്കല്‍ സേനകള്‍ അന്വേഷിക്കാനും, നടപടിയെടുക്കാനും കഴിയും. |