ഗ്ലാസ്‌ഗോ: എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സോഹാന്റെ ജീവിതം മാറ്റിമറിച്ച ഗുരുതരമായ ശസ്ത്രക്രിയാ പിഴവ് ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വയറിന്റെ വലതുവശത്തെ ഹെര്‍ണിയ നീക്കം ചെയ്യുന്നതിനിടെ, ശസ്ത്രക്രിയാനന്തര വേദന കുറയ്ക്കാന്‍ 2 മില്ലി പാരസെറ്റമോള്‍ നല്‍കേണ്ടിടത്ത് തെറ്റി 20 മില്ലിയാണ് കുത്തിവച്ചത്. ആവശ്യമായതിന്റെ 10 ഇരട്ടി മരുന്ന് കുഞ്ഞിന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു.
പിഴവ് ഉടന്‍ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ വിവരം മാതാപിതാക്കളായ അഹദിനെയും ഹീറ ഉള്‍ ഹസനെയും അറിയിച്ചു. കരളില്‍ പാരസെറ്റമോളിന്റെ വിഷപ്രഭാവം തടയാന്‍ അസറ്റൈല്‍സിസ്റ്റീന്‍ നല്‍കി അടിയന്തര ചികിത്സ ആരംഭിച്ചു. ശരീരത്തിലെ മരുന്നിന്റെ അളവ് നിരീക്ഷിക്കാന്‍ പതിവായി രക്തസാംപിളുകള്‍ പരിശോധിച്ചു.
വേഗത്തിലുള്ള നടപടി ഉണ്ടായിട്ടും, ദോഷം ഇതിനകം സംഭവിച്ചിട്ടുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നു. അമിത ഡോസിനെ അതിജീവിച്ചെങ്കിലും, ദീര്‍ഘകാല ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
പാരസെറ്റമോള്‍ അമിതമായി ലഭിച്ചാല്‍ കരളിന് ഗുരുതരമായ ദോഷം സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. സോഹന് നിലവില്‍ അത്തരം പ്രശ്‌നങ്ങളില്ലെങ്കിലും, പ്രായം കൂടുമ്പോഴാണ് യഥാര്‍ത്ഥ ആഘാതം വ്യക്തമാകുക. ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ മറ്റു കുട്ടികളെ പോലെ ഇഴയുകയോ ഇരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കാഴ്ചശക്തിയെക്കുറിച്ചും ചില ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു