ലണ്ടന്‍: ബ്രിട്ടനില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി ഡെയ്ലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നൂറുകണക്കിന് പെണ്‍ ഭ്രൂണഹത്യകള്‍ നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ആണ്‍കുട്ടികളോടുള്ള സാമൂഹിക-കുടുംബ സമ്മര്‍ദ്ദമാണ് ഈ ക്രൂര പ്രവണതയ്ക്ക് പിന്നില്‍. 2021-25 കാലയളവില്‍ ഇന്ത്യന്‍ അമ്മമാര്‍ക്ക് ജനിച്ച കുട്ടികളുടെ അനുപാതം 100 പെണ്‍കുട്ടികള്‍ക്ക് 118 ആണ്‍കുട്ടികളാണ്. ബ്രിട്ടനിലെ ദേശീയ ശരാശരി 105:100 ആയതിനാല്‍, ഇന്ത്യന്‍ വംശജരില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ കണക്കുകള്‍ സാധാരണ നിലയെക്കാള്‍ വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2021-22ല്‍ മൂന്നാമത്തെ കുഞ്ഞിന്റെ ജനനാനുപാതം 114:100 ആയിരുന്നപ്പോള്‍, 2022-23ല്‍ അത് 109:100 ആയി കുറഞ്ഞു. എന്നാല്‍ 2023-24ല്‍ വീണ്ടും 118:100 എന്ന നിലയിലേക്ക് ഉയര്‍ന്നതും 2024-25ല്‍ അതേ നില തുടരുന്നതുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗാര്‍ഹിക പീഡനത്തിനെതിരായ സംഘടനയായ ജീന ഇന്റര്‍നാഷണലിന്റെ സ്ഥാപക റാണി ബില്‍കു വ്യക്തമാക്കുന്നതനുസരിച്ച്, സ്ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലും വില ലഭിക്കാന്‍ ആണ്‍കുട്ടി ജനിപ്പിക്കണമെന്ന സമ്മര്‍ദ്ദം വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ച്, രണ്ട് പെണ്‍മക്കളുള്ള മാതാപിതാക്കള്‍ മൂന്നാമത്തെ പെണ്‍കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
യുകെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2017-21 കാലയളവില്‍ ഇന്ത്യക്കാരുടെ മൂന്നാമത്തെ കുഞ്ഞിന്റെ ശരാശരി ജനനാനുപാതം 113:100 ആയിരുന്നു. ഇത് ഏകദേശം 400 പെണ്‍ ഭ്രൂണഹത്യകള്‍ക്ക് തുല്യമാണെന്ന് പഠനം വ്യക്തമാക്കുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ലിംഗഭേദം ഗര്‍ഭഛിദ്രത്തിന് നിയമപരമായ കാരണമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1967ലെ ഗര്‍ഭഛിദ്ര നിയമപ്രകാരം, കുഞ്ഞിന് ഗുരുതര അപകടസാധ്യത ഉണ്ടെന്നും ഗര്‍ഭം 24 ആഴ്ച പിന്നിട്ടിട്ടില്ലെന്നും തെളിയിച്ചാല്‍ മാത്രമേ രണ്ട് രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ കഴിയൂ