ലണ്ടന്‍: ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇലോണ്‍ മസ്‌കിന്റെ ടെസ്ല കമ്പനി ബ്രിട്ടനില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 18 തവണയാണ് ടെസ്ലക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കപ്പെട്ടത്. ആകെ 20,000 പൗണ്ടിലധികം (ഏകദേശം 21 ലക്ഷം രൂപ) കമ്പനി പിഴയായി നല്‍കേണ്ടിവരും.
യുകെയില്‍ ടെസ്ല കാറുകള്‍ പലതും ദീര്‍ഘകാല ലീസിങ് വ്യവസ്ഥയിലാണ് നല്‍കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം 'ടെസ്ല ഫിനാന്‍ഷ്യല്‍ സര്‍വീസസ്'ക്കായിരിക്കും. അമിതവേഗതയിലോ മറ്റ് നിയമലംഘനങ്ങളിലോ ഏര്‍പ്പെട്ടാല്‍, ആ സമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ പേര് പൊലീസിന് നല്‍കേണ്ടത് നിയമപരമായ ബാധ്യതയാണ്. എന്നാല്‍ പൊലീസിന്റെ കത്തുകള്‍ക്ക് മറുപടി നല്‍കാത്തത് ഡ്രൈവര്‍മാരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിന് തടസ്സമായി മാറുന്നുവെന്നാണ് ആരോപണം.
ഹാംഷെയറിലെ A3 പാതയില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ ടെസ്ല കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങിയപ്പോള്‍, ഡ്രൈവറെ തിരിച്ചറിയാന്‍ സഹായിക്കാത്തതിനാല്‍ കമ്പനിക്കാണ് ശിക്ഷ ലഭിച്ചത്. 2025 ജൂലൈയില്‍ സൗത്ത് വെയ്ല്‍സിലെ M4 പാതയില്‍ 128 കിലോമീറ്റര്‍ വേഗതയില്‍ പോയ കാറിന്റെ ഉടമയെ ചോദിച്ച പൊലീസിന് കമ്പനി മറുപടി നല്‍കിയില്ല. ഇതിന് മെര്‍തര്‍ ടിഡ്ഫില്‍ മജിസ്ട്രേറ്റ് കോടതി ജനുവരി 6-ന് ടെസ്ലയ്ക്ക് 1,000 പൗണ്ട് പിഴ വിധിച്ചു. ഓണ്‍ലൈനായി മറുപടി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ സാങ്കേതിക തകരാര്‍ നേരിട്ടുവെന്നും തങ്ങള്‍ കത്തുകള്‍ തപാല്‍ വഴി അയച്ചിട്ടുണ്ടെന്നും ടെസ്ല ഡയറക്ടര്‍ ബെക്കി ഹോഡ്സണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
വിവരങ്ങള്‍ നല്‍കാത്തതിനാല്‍ നിയമലംഘനം നടത്തിയ പല ഡ്രൈവര്‍മാരും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. മൂന്ന് തവണ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ട ഒരാള്‍ വരെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. മെട്രോപൊളിറ്റന്‍ പൊലീസ്, ഹാംഷെയര്‍ പൊലീസ്, തേംസ് വാലി പൊലീസ് എന്നിവരാണ് ടെസ്ലക്കെതിരെ പ്രധാനമായും കോടതിയെ സമീപിച്ചത്.
ഇംഗ്ലണ്ടും വെയ്ല്‍സും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഡ്രൈവറെ തിരിച്ചറിയാന്‍ സഹായിക്കാത്ത 4,000-ഓളം പ്രതികളെ കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. ലണ്ടനിലും മാഞ്ചസ്റ്ററിലുമുള്ള ടെസ്ലയുടെ ഓഫിസുകളിലേക്ക് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിക്കാത്തതാണ് പിഴ ശിക്ഷാ നടപടികളിലേക്ക് നയിച്ചത്