ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള പോലീസ് സംവിധാനത്തില്‍ വലിയ മാറ്റം വരുത്തി നാഷണല്‍ പോലീസ് സര്‍വീസ് രൂപീകരിക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചത്. 'ബ്രിട്ടീഷ് എഫ്ബിഐ' എന്നറിയപ്പെടുന്ന തരത്തിലുള്ള ഈ പുതിയ ഏജന്‍സി സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം, തട്ടിപ്പ്, ഓണ്‍ലൈന്‍ കുട്ടിപ്പീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ അന്വേഷണം നടത്തും.
തിങ്കളാഴ്ച ഹോം ഓഫീസ് പുറത്തിറക്കുന്ന ധവളപത്രത്തിലാണ് പുതിയ സംഘത്തിന്റെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇതോടെ തട്ടിപ്പ്, ക്രിമിനല്‍ സംഘങ്ങള്‍, തീവ്രവാദ അന്വേഷണങ്ങള്‍ എന്നിവ നാഷണല്‍ ക്രൈം ഏജന്‍സിയും പ്രാദേശിക ക്രൈം യൂണിറ്റുകളും ചേര്‍ന്ന് അന്വേഷിക്കുന്ന പഴയ രീതികള്‍ അവസാനിക്കും.
പകരം, ലോകോത്തരമായ കഴിവുള്ള ഉദ്യോഗസ്ഥരും, നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ദേശീയ തലത്തില്‍ ഏകോപിതമായ അന്വേഷണം നടത്താന്‍ നാഷണല്‍ പോലീസ് സര്‍വീസ് രംഗത്തെത്തും. ഇതിലൂടെ പ്രാദേശിക പോലീസ് സേനകള്‍ക്ക് ഗുരുതരമല്ലാത്ത, കുറഞ്ഞ സങ്കീര്‍ണ്ണതയുള്ള കുറ്റകൃത്യങ്ങളിലേക്ക് - ഷോപ്പ് മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയവ - കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം ലഭിക്കും