മന്ത്രിക്കു തോട്ടം ഏറ്റെടുക്കണം. അതു തന്റെ കുടുംബസ്വത്ത് കൂട്ടാനല്ലെന്നും, വനം സംരക്ഷണമെന്ന മഹത്തായ ദൗത്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞുവയ്ക്കുന്നു. അതല്ല, ഏറ്റെടുക്കല്‍ തന്നെയും ടി മന്ത്രിയുടെ പിതാവിനെയും കൊള്ളരുതാത്തവരും കൊള്ളക്കാരുമായി ചിത്രീകരിക്കാനാണെന്നും ബഹു. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ വാദം!
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അതെങ്ങനെ മന്ത്രി പിതാവിനും ചീഫ് വിപ്പിനും പ്രതിച്ഛായ നഷ്ടത്തിനു കാരണമാകുമെന്നാണ് ബുദ്ധിയില്ലാത്ത വോട്ടര്‍മാര്‍ ചോദിക്കുന്നത്. നൂറോ ഇരുനൂറോ ഏക്കര്‍ ഭൂമി മാത്രം സ്വന്തമായുള്ള പാവപ്പെട്ട ചെറുകിട ഭൂവുടമകളുടെ കണ്ണീരു കാണാന്‍ തനിക്കാകില്ലെന്നൊരു ടിപ്പണിയും വിപ്പ് വക.
കാടു കൈയേറിയാലും ഇല്ലെങ്കിലും പറഞ്ഞു പറഞ്ഞങ്ങു കാടുകേറുന്ന സ്വഭാവം പണ്ടേയുള്ളതാണല്ലോ വിപ്പിന്. മന്ത്രി വൃത്തികെട്ടവനാണെന്നും സ്വഭാവദൂഷ്യത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകള്‍ താന്‍ ഹാജരാക്കുമെന്നും കൂടി ടിയാന്‍ പറഞ്ഞുവച്ചുകളഞ്ഞു. ജീവിച്ചിരിക്കുന്ന തെളിവോ, കുറഞ്ഞ പക്ഷം വീഡിയോ ക്ലിപ്പെങ്കിലും കാണാന്‍ കൊതിച്ച് യുഡിഎഫ് യോഗത്തിനെത്തിയ ഘടകകക്ഷി നേതാക്കളാണ് മണ്ടന്‍മാരായത്. നേരത്തേ കണ്ട ചൊറിച്ചില്‍ ഒന്നു കൂടി പരസ്പരം ആഞ്ഞു ചൊറിഞ്ഞതല്ലാതെ പ്രത്യേകിച്ച് ദൃശ്യവിസ്മയങ്ങളൊന്നും ആരും അവതരിപ്പിച്ചില്ല.
ജീവിച്ചിരിക്കുന്ന തെളിവുണ്ടെങ്കില്‍ കൊണ്ടു നിര്‍ത്തിയാല്‍ മതി, താനങ്ങു കെട്ടിക്കോളാമെന്നു വരെയായി മന്ത്രി. ഒന്നിനെക്കൂടിയൊക്കെ പോറ്റാനുള്ള പാങ്ങുണ്ടത്രെ. എന്നാല്‍ , അങ്ങനെയാരെയെങ്കില്‍ വിപ്പ് കൊണ്ടുവരുന്നെങ്കില്‍ ഒന്നു കണ്‍കുളിര്‍ക്കെ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുഖ്യമന്ത്രിയാണ് രസംകൊല്ലിയായത്. ഈ വക കലാപരിപാടിയൊന്നും ഇവിടെ പറ്റില്ലെന്നു പറഞ്ഞ് രണ്ടിനെയും കൈകൊടുപ്പിച്ച് പറഞ്ഞയച്ചു കളഞ്ഞു കശ്മലന്‍ .
വയല്‍ നികത്തുന്നതുതൊട്ട് വനംഭൂമി പതിച്ചു നല്‍കുന്നതു വരെ വിശാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന നാളുകള്‍ . അവിടെ വനഭൂമി തിരിച്ചുപിടിക്കാനിറങ്ങിയ ആദര്‍ശധീരനായ മന്ത്രി. അങ്ങോരു കൊള്ളരുതാത്തവനാണെന്ന് സ്വന്തം സര്‍ക്കാരിന്റെ ചീഫ് വിപ്പ്. ഏതാനും മാസം മുന്‍പ് നല്ലവനും മിടുക്കനുമായിരുന്ന മന്ത്രി എങ്ങനെ ഇത്ര വേഗം ചീത്തയായിപ്പോയെന്ന് മന്ത്രിക്കു പോലും മനസിലായിട്ടുമില്ല!